ജേതാക്കള്‍ക്ക് ട്രോഫി മാത്രം, പ്രൈസ് മണിയില്ല
‘സംപ്രേക്ഷണാവകാശം വിറ്റതിലൂടെ മാത്രം അവര്‍ക്ക് വലിയ പണം കിട്ടിയിട്ടുണ്ട്. അവര്‍ക്ക് മാന്യമായ സമ്മാനതുകയെങ്കിലും നല്‍കണം. സ്‌പോണ്‍സര്‍മാരില്‍ നിന്നും പണം കിട്ടുന്നുണ്ടെങ്കില്‍ കാരണം കളിക്കാരാണ്...’
ആസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം കുറിച്ച ടീം ഇന്ത്യക്ക് ജേതാക്കള്‍ക്കുള്ള അര്‍ഹമായ പരിഗണന ക്രിക്കറ്റ് ആസ്‌ട്രേലിയ നല്‍കിയില്ലെന്ന് ആരോപണം. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും 2-1ന് നേടിയ ഇന്ത്യന്‍ ടീമിന് ട്രോഫി മാത്രമാണ് നല്‍കിയത്. കളിയിലെ താരമായ ചാഹലിനും പരമ്പരയിലെ താരമായ ധോണിക്കും 500 ഡോളറിന്റെ(ഏകദേശം 35000 രൂപ) ചെക്കുകള്‍ മാത്രം. ഇരുവരും ആ ചെക്കുകള്‍ വേദിയില്‍ വെച്ചുതന്നെ സംഭാവനയായി നല്‍കുകയും ചെയ്തു.
മുന്‍ ആസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ആദം ഗില്‍ക്രിസ്റ്റാണ് ഏകദിന പരമ്പര ജേതാക്കള്‍ക്കുള്ള ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യക്ക് കൈമാറിയത്. ടീമിന് ഈ ട്രോഫിയല്ലാതെ പ്രൈസ്മണിയൊന്നും നല്‍കിയതുമില്ല. ഇതിനെതിരെ മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ സോണി സിക്‌സിലെ കമന്ററിയിലൂടെ തല്‍സമയം പ്രതികരിക്കുകയും ചെയ്തു.
'ഇതെന്തിനാണീ 500 ഡോളര്‍, ടീമിനാണെങ്കില്‍ പണം നല്‍കിയിട്ടുമില്ല. മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം വിറ്റതിലൂടെ മാത്രം നടത്തിപ്പുകാര്‍ക്ക് വലിയ പണം കിട്ടിയിട്ടുണ്ട്. അവര്‍ക്കെന്തുകൊണ്ട് മാന്യമായ സമ്മാനതുകയെങ്കിലും നല്‍കിക്കൂട? സ്‌പോണ്‍സര്‍മാരില്‍ നിന്നും കളിക്ക് പണം കിട്ടുന്നുണ്ടെങ്കില്‍ അതിന് കാരണം കളിക്കാരാണെന്ന് മറക്കരുത്' ആസ്‌ട്രേലിയയുടെ വിവാദ സമ്മാനവിതരണത്തിനെതിരെ ഗവാസ്‌കര്‍ ആഞ്ഞടിച്ചു.
ടെന്നിസ് കളിക്കാര്‍ക്ക് വിംബിള്‍ഡണില്‍ നല്‍കുന്ന സമ്മാന തുക മാതൃകയാക്കണമെന്നും ഗവാസ്‌കര്‍ ഉപദേശിച്ചു. 2018ലെ വിംബിള്‍ഡണില്‍ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ പുറത്താകുന്ന കളിക്കാര്‍ക്ക് പോലും 36 ലക്ഷം രൂപയാണ് സമ്മാന തുകയായി ലഭിച്ചത്. പുരുഷ സിംഗിള്‍സില്‍ കിരീടം നേടുന്നവര്‍ക്ക് ലഭിച്ചതാകട്ടെ ഏകദേശം 20 കോടി രൂപയും നല്‍കിയ വിംബിള്‍ഡണിലെ ആകെ സമ്മാന തുക 312 കോടി രൂപയിലേറെയായിരുന്നു.
അവധി ദിവസമല്ലാതിരുന്നിട്ടും ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാന്‍ വലിയ ജനക്കൂട്ടമാണ് മെല്‍ബണിലെത്തിയത്. 53,603 പേരാണ് മത്സരം കാണാനെത്തിയത്.