ജഡേജയേയും ജയ്‌സ്വാളിനേയും മറികടന്ന് റിയാൻ പരാഗിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ്
കഴിഞ്ഞ സീസണിൽ സഞ്ജു സാംസൺ കളത്തിന് പുറത്തിരുന്നപ്പോൾ റിയാൻ പരാഗിനെ താത്കാലിക നായനായി നിയമിച്ചിരുന്നു
ജയ്‌പൂർ: രാജസ്ഥാൻ റോയൽസിൻ്റെ പുതിയ ക്യാപ്റ്റനായി റിയാൻ പരാഗിനെ പ്രഖ്യാപിച്ചു. 2025 ഐപിഎൽ സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റനും, സഞ്ജു സാംസൺ പുറത്തിരുന്ന മത്സരങ്ങളിൽ താത്കാലിക ക്യാപ്റ്റനായും പരാഗ് ചുമതലയേറ്റിട്ടുണ്ട്.
സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയപ്പോൾ രാജസ്ഥാനിലെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പുതിയ ക്യാപ്റ്റനായെത്തുമെന്ന അഭ്യൂഹങ്ങൾ അന്തരീക്ഷത്തിലുണ്ടായിരുന്നു. ജഡേജക്കൊപ്പം തന്നെ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്തുമെന്ന് ഉയർന്ന് കേട്ട പേരുകളിലൊന്നാണ് യശസ്വി ജയ്‌സ്വാളിന്റേത്. എന്നാൽ ഇരുവരെയും മറികടന്നാണ് രാജസ്ഥാൻ 24 വയസ്സുകാരനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
2018 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന പരാഗിനെ 2018 ഡിസംബറിൽ നടന്ന ഐപിഎൽ ലേലത്തിലാണ് രാജസ്ഥാൻ ടീമിലെത്തിക്കുന്നത്. 17 വയസ്സിൽ 2019 ഐപിഎൽ സീസണിൽ അരങ്ങേറ്റം കുറിച്ച പരാഗ് അന്ന് ഐപിഎല്ലിൽ അർദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറി. എന്നാൽ കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ താരമായ വൈഭവ് സുര്യൻഷി അത് മറികടന്നു. 2024 സീസണിൽ രാജസ്ഥാന്റെ ഉയർന്ന റൺ വേട്ടക്കാരനായിരുന്നു ഈ അസമുകാരൻ.
2025 സീസൺ ആരംഭത്തിൽ വിരലിന് പരിക്കേറ്റ് സഞ്ജു സാംസൺ കളത്തിന് പുറത്തിരുന്നപ്പോൾ റിയാൻ പരാഗിനെ താത്കാലിക നായനായി നിയമിച്ചിരുന്നു. ഐപിഎല്ലിൽ രാജസ്ഥാനായി 141.84 സ്ട്രൈക്ക് റേറ്റിൽ 1566 റൺസാണ് പരാഗ് ഇതുവരെ നേടിയിട്ടുള്ളത്. 2026 ഐപിഎൽ സീസൺ മാർച്ച് 26 മുതൽ മെയ് 31 വരെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.