ത്രില്ലർ പോരിൽ ദക്ഷിണാഫ്രിക്കക്ക് ജയം; വിജയിയെ തീരുമാനിച്ചത് ഡബിൾ സൂപ്പർ ഓവറിന് ശേഷം

രണ്ടാം സൂപ്പർ ഓവറിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്‌ഗാനിസ്താൻ അവസാന പന്തിലാണ് മത്സരം കൈവിട്ടത്

Update: 2026-02-11 11:31 GMT
Editor : Harikrishnan S | By : Sports Desk

അഹമ്മദാബാദ്: രണ്ട് സൂപ്പർ ഓവറുകൾ കണ്ട ഐസിസി ടി20 ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ദക്ഷിണാഫ്രിക്കക്ക് നാല് റൺസ് ജയം. ദക്ഷിണാഫ്രിക ഉയർത്തിയ 188 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത അഫ്‌ഗാനിസ്താൻ 187 റൺസിൽ ഓൾഔട്ടായി. നിശ്ചിത സ്കോർ സമനിലയായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി. എന്നാൽ ആദ്യ സൂപ്പർ ഓവറിൽ സ്കോർ തുല്യമായതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് പോകുകയായിരുന്നു. തുടർന്ന് രണ്ടാം സൂപ്പർ ഓവറിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 24 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്‌ഗാനിസ്താൻ അവസാന പന്തിലാണ് മത്സരം കൈവിട്ടത്. രണ്ടാം പന്തിൽ മുഹമ്മദ് നബി പുറത്തായെങ്കിലും പകരമിറങ്ങിയ റഹ്മാനുള്ള ഗുർബാസ് തുടർച്ചയായ മൂന്ന് സിക്‌സറുകൾ പറത്തി അഫ്‌ഗാന് പ്രതീക്ഷ നൽകിയെങ്കിലും അവസാന പന്തിൽ ഗുർബാസിനെ പുറത്താക്കി ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കി.

Advertising
Advertising

അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് സ്കോർ ചെയ്തത്. 41 പന്തിൽ 59 റൺസ് നേടിയ ക്വിന്റിന് ഡികോക്കും 28 പന്തിൽ 61 റൺസ് നേടിയ റയാൻ റിക്കിൽട്ടണുമാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഡേവിഡ് മില്ലർ (20) ഡിവാൾഡ് ബ്രേവിസ് (23) എന്നിവരും മികച്ച രീതിയിൽ ബാറ്റ് വീശി. മൂന്ന് വിക്കറ്റുകളുമായി ഒമർസായിയാണ് ബൗളിങ്ങിൽ അഫ്ഗാനിസ്താനിനായി തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്താൻ ചെറിയ വ്യത്യാസത്തിലാണ് വിജയം നഷ്ടമായത്. 42 പന്തിൽ നാല് ബൗണ്ടറിയും ഏഴ് സിക്‌സറും പറത്തി 84 റൺസ് അടിച്ചെടുത്ത ഓപണർ റഹ്മാനുള്ള ഗുർബാസാണ് അഫ്‌ഗാനിസ്താന്റെ ചേസിന് ചുക്കാൻ പിടിച്ചത്. 19ാം ഓവറിൽ അവസാന പന്തിൽ ഗുർബാസ് പുറത്താകുമ്പോൾ അഫ്‌ഗാന് ജയിക്കാൻ വേണ്ടത് 13 റൺസായിരുന്നു. രണ്ട് നോബോളും ഒരു വൈഡും പിറന്ന അവസാന ഓവറിൽ നൂർ അഹ്മദും ഫസൽഹഖ് ഫാറൂഖിയും ചേർന്ന് 12 റൺസ് നേടിയെങ്കിലും ഓവറിലെ നാലാം പന്തിൽ ഫാറൂഖി റൺഔട്ടായത്തോടെ മത്സരം സമനിലയിലായി. തുടർന്ന് സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

ലുങ്കി എൻഗിഡി എറിഞ്ഞ ആദ്യ സൂപ്പർ ഓവറിൽ ബാറ്റ് ചെയ്ത അഫ്‌ഗാനിസ്താനായി അസ്മത്തുള്ള ഒമർസായിയും ഗുർബാസും ചേർന്ന് 17 റൺസാണ് സ്കോർ ചെയ്തത്. മറുപടിബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഡിവാൾഡ് ബ്രേവിസിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്‌സും ചേർന്ന് നേടിയ 17 റൺസ് സ്കോർ വീണ്ടും സമനിലയിലാക്കി. അതോടെ രണ്ടാം സുപ്പറോവറിലേക്ക് പോയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 23 റൺസാണ് സ്കോർ ചെയ്തത്. ഒമർസായി എറിഞ്ഞ ഓവറിൽ മില്ലർ 16 റൺസും സ്റ്റബ്സ് ഏഴ് റൺസും നേടിയത്. മറുപടി ബാറ്റിങ്ങിനായി അഫ്‌ഗാനിസ്താൻ നിരയിൽ നിന്ന് മുഹമ്മദ് നബിയും ഒമർസായിയുമാണ് ക്രീസിലിറങ്ങിയത്. എന്നാൽ പന്തെറിഞ്ഞ കേശവ് മഹാരാജ് രണ്ടാം പന്തിൽ മുഹമ്മദ് നബിയെ പുറത്താക്കി. പകരമിറങ്ങിയ ഗുർബാസ് മൂന്ന് പന്തിൽ മൂന്ന് സിക്സർ പറത്തി മത്സരം ആവേശത്തിലേക്കെത്തിച്ചു. പക്ഷെ അവസാന പന്തിൽ ഗുർബാസിനെ ഡേവിഡ് മില്ലറുടെ കയ്യിലെത്തിച്ച് മഹാരാജ് ദക്ഷിണാഫ്രിക്കക്ക് ആവേശ ജയം നൽകി.

ടൂർണമെന്റിലെ അഫ്‌ഗാനിസ്താന്റെ രണ്ടാമത്തെ തോൽവിയാണിത്. രണ്ട് ജയങ്ങളോടെ നാല് വീതം പോയിന്റുമായി ന്യുസിലൻഡും ദക്ഷിണാഫ്രിക്കയും ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനത്താണ്. അഫ്‌ഗാനിസ്താന്റെ അടുത്ത മത്സരം തിങ്കളാഴ്ച യുഎഇക്കെതിരെയാണ്.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News