രഞ്ജി ട്രോഫി കിരീടം വിദര്‍ഭക്ക്
രണ്ട് ഇന്നിംങ്‌സിലും പുജാരയെ(1, 0) നിലയുറപ്പിക്കും മുമ്പേമടക്കാനായത് നിര്‍ണ്ണായകമായി. രണ്ട് ഇന്നിംങ്‌സിലും സര്‍വാതെയായിരുന്നു പുജാരയെ മടക്കിയത്.
സൗരാഷ്ട്രയെ 78 റണ്‍സിന് തോല്‍പ്പിച്ച് വിദര്‍ഭ രഞ്ജി ട്രോഫി കിരീടം നിലനിര്‍ത്തി. 206 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംങ്‌സില്‍ ഇറങ്ങിയ സൗരാഷ്ട്രയെ 127 റണ്‍സില്‍ പുറത്താക്കിയാണ് വിദര്‍ഭ ജയം സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി വിദര്‍ഭയ്ക്കായി 11 വിക്കറ്റ് നേടിയ ആദിത്യ സര്‍വാതെയാണ് കളിയിലെ താരം.
സ്‌കോര്‍- വിദര്‍ഭ 312, 200 സൗരാഷ്ട്ര 307, 127
താരതമ്യേന ചെറിയ വിജയലക്ഷ്യമായ 206 റണ്‍സ് തേടിയിറങ്ങിയ സൗരാഷ്ട്ര ബാറ്റ്‌സ്മാന്മാര്‍ വിദര്‍ഭയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മൂന്നാമനായിറങ്ങി എട്ടാം വിക്കറ്റു വരെ പൊരുതിയ വിശ്വരാജ് ജഡേജ(52) മാത്രമായിരുന്നു ചെറുത്തു നിന്നത്.
ആറു വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതെയായിരുന്നു സൗരാഷ്ട്രയെ തകര്‍ത്തത്. അക്ഷയ് വഖാരെ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംങ്‌സില്‍ പുജാര പൂജ്യത്തിന് പുറത്തായതും സൗരാഷ്ട്രക്ക് തിരിച്ചടിയായി. ആദ്യ ഇന്നിംങ്‌സില്‍ പുജാരക്ക് ഒരു റണ്‍സ് മാത്രമാണ് എടുക്കാനായത്. രണ്ട് ഇന്നിംങ്‌സിലും സര്‍വാതെയായിരുന്നു പുജാരയെ മടക്കിയത്.
നേരത്തെ ഒന്നാം ഇന്നിംങ്‌സില്‍ ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് സൗരാഷ്ട്രയും വിദര്‍ഭയും നടത്തിയത്. കര്‍നേവാര്‍(73*), അക്ഷയ് വട്കര്‍(45), കാലെ(35), ഗണേഷ് സതീഷ്(32) അക്ഷയ് വഖാരെ(34) എന്നിവരുടെ കൂട്ടായ ബാറ്റിംങാണ് വിദര്‍ഭയെ 312 റണ്‍സിലെത്തിച്ചത്. ഉനദ്കട്ട് മൂന്നുവിക്കറ്റും മക്‌വാനയും ചേതന്‍ സകാരിയയും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
സ്‌നെല്‍ പട്ടേലിന്റെ(102) സെഞ്ചുറിയായിരുന്നു സൗരാഷ്ട്ര ഇന്നിംങ്‌സിലെ പ്രത്യേക. എന്നാല്‍ പട്ടേലിന് പുറമേ വാലറ്റത്ത് ഉനദ്കട്ടും(46), ചേതന്‍ സകാരിയും(28) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അവരെ 300 കടത്തിയത്. എങ്കിലും അഞ്ച് റണ്‍സ് മാത്രം വ്യത്യാസത്തില്‍ 307ല്‍ ആദ്യ ഇന്നിംങ്‌സ് അവസാനിപ്പിച്ചത് സൗരാഷ്ട്രക്ക് പ്രതീക്ഷ നല്‍കിയിരുന്നു.
രണ്ടാം ഇന്നിംങ്‌സില്‍ ഗണേഷ് സതീഷ്(35), കാലെ(38), സര്‍വാതെ(49) എന്നിവരുടെ സഹായത്തില്‍ വിദര്‍ഭ 200 റണ്‍ നേടി. ആറ് വിക്കറ്റെടുത്ത ധര്‍മ്മേന്ദ്ര സിംങ് ജഡേജയായിരുന്നു വിദര്‍ഭയെ 200ലൊതുക്കിയത്. എന്നാല്‍ 206 റണ്‍സ് ലക്ഷ്യം വെച്ചിറങ്ങിയ സൗരാഷ്ട്രയുടെ എല്ലാ വിക്കറ്റുകളും 127 റണ്‍സിനിടെ വീഴുകയായിരുന്നു.