'ഞങ്ങളുടെ നിസ്സഹായാവസ്ഥ നിങ്ങള്‍ കണ്ടതായി പോലും ഭാവിക്കുന്നില്ല ' ഐ.സി.സിക്കെതിരെ അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍

താലിബാന്‍ രാജ്യത്തിന്‍റെ ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍ വനിതാ താരങ്ങളുടെ ക്രിക്കറ്റ് ഭാവി അനശ്ചിതാവസ്ഥയിലാണെന്ന് ടീമംഗങ്ങള്‍

Update: 2021-09-01 10:41 GMT
Advertising

അഫ്ഗാനിസ്ഥാനിലെ വനിതാ ക്രിക്കറ്റ് താരങ്ങളുടെ നിസ്സഹായാവസ്ഥ അന്താരാഷ്ട്ര് ക്രിക്കറ്റ് ബോര്‍ഡ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വനിതാ താരങ്ങള്‍. അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്‍ ഏറ്റെടുത്തതിന് ശേഷമുള്ള രാജ്യത്തെ അവസ്ഥയും ക്രിക്കറ്റിന്‍റെ അനശ്ചിതാവസ്ഥയെയും സംബന്ധിച്ചാണ് താരങ്ങളുടെ പ്രതികരണം. അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് താരമായ റോയ സമീം അന്താരാഷ്ട്ര മാധ്യമത്തോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താലിബാന്‍ രാജ്യത്തിന്‍റെ ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍ വനിതാ താരങ്ങളുടെ ക്രിക്കറ്റ് ഭാവി അനശ്ചിതാവസ്ഥയിലാണെന്ന് താരം പ്രതികരിച്ചു.

'രാജ്യത്തെ സാഹചര്യങ്ങളെല്ലാം സൂചിപ്പിച്ചുകൊണ്ട് ഐ.സി.സിക്ക് മെയില്‍ അയച്ചിരുന്നു. പക്ഷേ ക്രിക്കറ്റ് കൌണ്‍സിലിന്‍റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ല. എന്തുകൊണ്ടാണ് അവർ ഞങ്ങളോട് പ്രതികരിക്കാത്തത്, എന്തുകൊണ്ടാണ് അവർ ഞങ്ങളെ പരിഗണിക്കുക പോലും ചെയ്യാത്തത്..? ഈ ലോകത്തില്ലാത്തവരെപ്പോലെയാണ് ഞങ്ങളോട് അവര്‍ പെരുമാറുന്നത്.. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയ സമയത്തുതന്നെ ഐ.സി.സിയോട് അഭ്യര്‍ഥിച്ചതാണ് സഹായം വേണമെന്ന്, ഞങ്ങള്‍ക്ക് പേടിയുണ്ട്, എല്ലാ പെണ്‍കുട്ടികളെയും രക്ഷിക്കണം.. പക്ഷേ ഇത്ര നാളായിട്ടും ഒരു പ്രതികരണവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനോടും ഇക്കാര്യം അറിയിച്ചിരുന്നു. അവരും ഒന്നും പറയുന്നില്ല.. കാത്തിരിക്കൂ എന്ന് മാത്രമാണ അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്..'

എന്നാല്‍ ഇതുസംബന്ധിച്ച് ഐ.സി.സി നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. തങ്ങള്‍ക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിലുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സഹകരിച്ച് ഏറ്റവും ഫലപ്രദമായ തീരുമാനങ്ങള്‍ എടുക്കണം എന്നത് മാത്രമാണ് ചെയ്യാനുള്ളത്. ഐ.സി.സി രാജ്യത്തെ ക്രിക്കറ്റ് സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ വനിതാ ക്രിക്കറ്റ് മെച്ചപ്പെടുന്നതിനുള്ള സാഹചര്യങ്ങളൊരുക്കണം. രാജ്യത്തെ വനിതാ ടീമിനെ ദുര്‍ബലമാക്കുന്നത് അഫ്ഗാനിസ്ഥാന്‍റെ ഐ.സി.സി അംഗത്വത്തെ തന്നെ ബാധിക്കുമെന്നും ക്രിക്കറ്റ് കൌണ്‍സില്‍ പറയുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News