ഇന്ത്യ 'തീര്‍ന്നെന്ന്' കരുതി ഡ്രെസിങ് റൂമിലേക്ക് ഓടി ഓസീസ് താരങ്ങൾ; ഡി.ആര്‍.എസില്‍ പാളി വീണ്ടും ഗ്രൗണ്ടിൽ-നാടകീയരംഗങ്ങൾ

ഇന്ത്യ ഒൻപതിന് 294 എന്ന നിലയിൽ നിൽക്കെയായിരുന്നു നാടകീയരംഗങ്ങൾ

Update: 2023-06-09 15:30 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ മൂന്നാം ദിവസം ചിരിപടർത്തി ഓസീസ് താരങ്ങളുടെ നടപടി. ഇന്ത്യൻ ഇന്നിങ്‌സിൽ പതിനൊന്നാമനായി ഇറങ്ങിയ മുഹമ്മദ് സിറാജ് ഔട്ടായെന്ന് കരുതി ഡഗ്ഗൗട്ടിലേക്ക് മടങ്ങിയ ആസ്‌ട്രേലിയൻ താരങ്ങൾക്കാണ് അമളി പിണഞ്ഞത്. ഡി.ആർ.എസിൽ ഔട്ടല്ലെന്നു വ്യക്തമായതോടെ താരങ്ങൾ തിരിച്ച് ഗ്രൗണ്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

ഇന്ത്യ ഒൻപതിന് 294 എന്ന നിലയിൽ നിൽക്കെയായിരുന്നു സംഭവം. കാമറോൺ ഗ്രീൻ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് പ്രതിരോധിക്കാനുള്ള സിറാജിന്റെ ശ്രമം പാളി. എൽ.ബി.ഡബ്ല്യൂവാണെന്ന് ധരിച്ച് ഗ്രീനും ഓസീസ് താരങ്ങളും അപ്പീൽ ചെയ്തു. അംപയർ ഔട്ട് നൽകുകയും ചെയ്തതോടെ ഒന്നും നോക്കാതെ ഓസീസ് താരങ്ങൾ ഗ്രൗണ്ട് വിട്ടു.

സിറാജ് ഡി.ആർ.എസ് അപ്പീൽ നൽകിയിട്ടും ഫലം അറിയാൻ കാത്തുനിൽക്കാതെ അമിത ആത്മവിശ്വാസത്തിലായിരുന്നു ഓസീസ് താരങ്ങളുടെ നടപടി. ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, റിവ്യൂ പരിശോധനയിൽ സിറാജിന്റെ ബാറ്റിൽ പന്ത് തട്ടിയെന്ന് വ്യക്തമായതോടെ അംപയർക്ക് തീരുമാനം മാറ്റേണ്ടിവന്നു. ഇതോടെയാണ് ഡഗ്ഗൗട്ടിലെത്തിയ ഓസീസ് താരങ്ങൾക്ക് തിരിച്ച് ഗ്രൗണ്ടിലേക്കു തന്നെ മടങ്ങേണ്ടിവന്നത്. രണ്ടാം ഇന്നിങ്‌സ് ഓപൺ ചെയ്യാനായി ഖവാജയും വാർണറും ഇതിനകം പാഡ് അണിയുക കൂടി ചെയ്തിരുന്നുവെന്നതാണ് രസകരം.

അതേസമയം, അജിങ്ക്യ രഹാനെയും ഷർദുൽ താക്കൂറും നടത്തിയ അസാമാന്യമായ ചെറുത്തുനിൽപ്പ് പോരാട്ടം ജീവൻനൽകിയ ഇന്ത്യൻ ഇന്നിങ്‌സ് പാതിവഴിയിൽ ഇടറിവീണു. ആസ്‌ട്രേലിയ ഉയർത്തിയ കൂറ്റൻ സ്‌കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 296 റൺസിന് കൂടാരം കയറി. ഫോളോഓൺ ഭീഷണി ഒഴിവാക്കാനായ ആശ്വാസം മാത്രമാണ് ഇന്ന് ഇന്ത്യയ്ക്ക് ലഭിച്ചത്. 173 റൺസിന്റെ മികച്ച ലീഡുമായി ആസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു.

ആസ്ട്രേലിയ ഉയർത്തിയ 469 എന്ന വലിയ സ്‌കോർ മറികടക്കാൻ വലിയ കടമ്പ ബാക്കിനിൽക്കെയാണ് അവശേഷിക്കുന്ന രണ്ട് സ്‌പെഷലിസ്റ്റ് ബാറ്റർമാരുമായി ഇന്ന് ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയത്. അജിങ്ക്യ രഹാനെയിലും ശ്രീകാർ ഭരതിലുമായിരുന്നു ടീം ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും. എന്നാൽ, ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് ആദ്യ പ്രഹരം. സ്‌കോട്ട് ബൊലാൻഡിന്റെ വകയായിരുന്നു ആസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ്. മൂന്നാം ദിവസത്തെ രണ്ടാം പന്തിൽ തന്നെ ശ്രീകാർ ഭരതിനെ ക്ലീൻബൗൾഡാക്കി ബൊലാൻഡ്. വെറും അഞ്ച് റൺസെടുത്തായിരുന്നു ഭരതിന്റെ മടക്കം.

ആറിന് 152 എന്ന നിലയിൽ ഇന്ത്യ തകർച്ച മുന്നിൽകാണുമ്പോഴായിരുന്നു ഷർദുൽ താക്കൂർ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം രക്ഷാപ്രവർത്തനദൗത്യം ഏറ്റെടുത്തത്. പിന്നീടങ്ങോട്ട് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ പകരുന്ന കാഴ്ചയായിരുന്നു ഓവലിൽ. ഏഴാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും ചേർന്ന് ഇന്ത്യയെ 269 എന്ന ഫോളോഓൺ കടമ്പ കടത്തി. ഇതിനുശേഷമാണ് സഖ്യം വേർപിരിഞ്ഞത്. 109 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. അർഹിച്ച സെഞ്ച്വറിക്ക് തൊട്ടരികെ രഹാനെയുടെ പോരാട്ടം അവസാനിച്ചപ്പോൾ അർധസെഞ്ച്വറിക്കു പിന്നാലെ താക്കൂരും മടങ്ങി. രഹാനെ 129 പന്ത് നേരിട്ട് 89 റൺസാണ് അടിച്ചെടുത്തത്. ഒരു സിക്‌സറും 11 ഫോറും ഇന്നിങ്‌സിനു മിഴിവേകി. 109 പന്തിൽ ആറ് ഫോർ സഹിതമാണ് താക്കൂർ 51 റൺസ് നേടിയത്.

Summary: Australian Cricketers Return From Dressing Room After DRS Adjudged Mohammed Siraj Not Out During Day 3 of IND vs AUS WTC 2023 Final

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News