'ഹെൽമെറ്റ് ഷോ'ക്ക് പണികിട്ടി; ആവേശ് ഖാനെതിരെ ബി.സി.സി.ഐ നടപടി

മത്സരത്തിൽ കുറഞ്ഞ ഓവർനിരക്കിന് ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലസിക്ക് 12 ലക്ഷം രൂപയും പിഴ ലഭിച്ചിട്ടുണ്ട്

Update: 2023-04-11 05:32 GMT
Editor : Shaheer | By : Web Desk

ബംഗളൂരു: അവസാന ഓവറിലെ അവസാന പന്തുവരെ ആവേശവും ഉദ്വേഗവും മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ ഒറ്റ വിക്കറ്റിനാണ് ഇന്നലെ ബാംഗ്ലൂരിനെ അവരുടെ തട്ടകത്തിൽ ലഖ്‌നൗ തറപറ്റിച്ചത്. ആദ്യം ബാറ്റ് ചെയ്ത് വിരാട് കോഹ്ലിയുടെയും ഫാഫ് ഡുപ്ലെസിയുടെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും അർധസെഞ്ച്വറികളുടെ കരുത്തിൽ 213 എന്ന കൂറ്റൻ വിജയലക്ഷ്യമായിരുന്നു ബാംഗ്ലൂർ ഉയർത്തിയത്. എന്നാൽ, നിക്കോളാസ് പൂരന്റെ വെടിക്കെട്ട് പൂരത്തിലൂടെയും മാർക്കസ് സ്റ്റോയിനിസിന്റെ ബാറ്റിങ് ഷോയിലൂടെയും ലഖ്‌നൗ മത്സരം കൈപിടിയിലാക്കുകയായിരുന്നു. ഒടുവിൽ അവസാന ഓവറിലെ നാടകീയരംഗങ്ങളും കടന്ന് ആതിഥേയരിൽനിന്ന് വിജയവും തട്ടിയെടുത്തു.

Advertising
Advertising

അതേസമയം, വിജയറൺ കുറിച്ച ശേഷം ലഖ്‌നൗ താരം ആവേശ് ഖാൻ നടത്തിയ അതിരുകവിഞ്ഞ ആഹ്ലാദപ്രകടനത്തിനെതിരെ ബി.സി.സി.ഐ നടപടിയെടുത്തു. ഹെൽമെറ്റ് ഗ്രൗണ്ടിലേക്ക് എറിഞ്ഞായിരുന്നു ആവേശ് വിജയാഹ്ലാദം നടത്തിയത്. ഇത് ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു. പിഴയും വിലക്കുമടക്കമുള്ള ശിക്ഷകൾ താരം ഏറ്റുവാങ്ങേണ്ടിവരും.

മത്സരത്തിൽ അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ് വേണ്ട സമയത്താണ് ആവേശ് ഖാൻ ക്രീസിലെത്തിയത്. തൊട്ടുമുൻപുള്ള പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച് ജയ്‌ദേവ് ഉനദ്കട്ട് പുറത്തായതോടെയാണ് അവസാന വിക്കറ്റിൽ ആവേശ് ഗ്രൗണ്ടിലിറങ്ങിയത്. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ പക്ഷെ ആവേശിന് ഷോട്ടെടുക്കാനൊന്നും ആയില്ലെങ്കിലും ബാംഗ്ലൂർ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ പിഴവിൽ നിർണായക റൺ ഓടിയെടുക്കുകയായിരുന്നു. ഇതിനുശേഷമായിരുന്നു ആവേശ് ഖാൻ ഗ്രൗണ്ടിലേക്ക് ഹെൽമെറ്റ് വലിച്ചെറിഞ്ഞ് വിജയാഘോഷം നടത്തിയത്.

മത്സരത്തിൽ കുറഞ്ഞ ഓവർനിരക്കിന് ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലസിക്കും പിഴ ലഭിച്ചിട്ടുണ്ട്. 12 ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്.

Summary: BCCI takes action against Avesh Khan for helmet-throw act after RCB vs LSG match

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News