ഒരു കളിക്ക് 60,000 പ്രതിഫലം; ആഭ്യന്തര താരങ്ങൾക്ക് മാച്ച് ഫീ കൂട്ടി ബിസിസിഐ

2019-20 സീസൺ കളിച്ച താരങ്ങൾക്ക് 50 ശതമാനം അധിക മാച്ച് ഫീയും ലഭിക്കും. കോവിഡ്മൂലം മത്സരങ്ങൾ മുടങ്ങിയതിനു നഷ്ടപരിഹാരമായാണ് ഈ തുക നൽകുന്നത്

Update: 2021-09-20 11:22 GMT
Editor : Shaheer | By : Web Desk
Advertising

ആഭ്യന്തര മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് മാച്ച് ഫീ കൂട്ടി ബിസിസിഐ. സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കോവിഡ്മൂലം ആഭ്യന്തരമത്സരങ്ങൾ മുടങ്ങിയ പശ്ചാത്തലത്തിൽ നഷ്ടപരിഹാരവും ബിസിസിഐയുടെ പ്രഖ്യാപിച്ചിട്ടുണ്ട്.

40ലേറെ കളികളിൽ മത്സരിച്ച താരങ്ങൾക്ക് ഒരു കളിക്ക് ലഭിക്കുന്ന പ്രതിഫലം 60,000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. അണ്ടർ-23 താരങ്ങൾക്ക് 25,000, അണ്ടർ-19 താരങ്ങൾക്ക് 20,000 എന്നിങ്ങനെയും പ്രതിഫലം കൂടും. ഇന്ന് ചേർന്ന ബിസിസിഐ ഉന്നതാധികാര കൗൺസിൽ യോഗത്തിലാണ് താരങ്ങൾക്ക് അനുഗ്രഹമാകുന്ന തീരുമാനം കൈക്കൊണ്ടത്.

2019-20 സീസൺ കളിച്ച താരങ്ങൾക്ക് 50 ശതമാനം അധിക മാച്ച് ഫീയും ലഭിക്കും. കോവിഡ്മൂലം മത്സരങ്ങൾ മുടങ്ങിയതിനു നഷ്ടപരിഹാരമായാണ് ഈ തുക നൽകുന്നത്. കഴിഞ്ഞ വർഷം രഞ്ജി ട്രോഫി റദ്ദാക്കിയിരുന്നു. പരിമിത ഓവർ ടൂർണമെന്റുകൾ തീരെ നടന്നതുമില്ല.

നിലവിൽ രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫികളിൽ കളിക്കുന്ന മുതിര്‍ന്ന ആഭ്യന്തര താരങ്ങള്‍ക്ക് 35,000 രൂപയാണ് ഒരു മത്സരത്തിന് ലഭിക്കുന്നത്. സയ്യിദ് മുഷ്ത്താഖലി ട്രോഫിയിൽ ഒരു കളിക്ക് 17,500 രൂപയും ലഭിക്കുന്നുണ്ട്. സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ആഭ്യന്തര ക്രിക്കറ്റര്‍മാരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് അറിയിച്ചിരുന്നു. താരങ്ങൾക്കായി കോൺട്രാക്ട് സംവിധാനം ആരംഭിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News