വില്ലനായത് കോവിഡ് വാക്സിന്‍? വോണിന്റെ മരണത്തില്‍ ദുരൂഹതയുമായി ആരോഗ്യവിദഗ്ധർ

2022 മാർച്ച് നാലിനാണ് തായ്‌ലൻഡിലെ ഹോട്ടൽ മുറിയിൽ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2023-06-26 06:38 GMT
Editor : Shaheer | By : Web Desk
Advertising

സിഡ്‌നി: ആസ്‌ത്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ മരണത്തിനു പിന്നിൽ കോവിഡ് വാക്‌സിനെന്ന് സൂചന. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ ആരോഗ്യരംഗത്തെ പ്രമുഖരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മരണത്തിന് ഏതാനും മാസങ്ങൾക്കുമുൻപ് വോൺ വാക്‌സിൻ എടുത്തിരുന്നു.

ഇന്ത്യൻ വംശജനായ ഹൃദ്രോഗ വിദഗ്ധൻ ഡോ. അസീം മൽഹോത്ര, ആസ്‌ത്രേലിയൻ മെഡിക്കൽ പ്രൊഫഷനൽസ് സൊസൈറ്റി(എ.എം.പി.എസ്) അധ്യക്ഷൻ ഡോ. ക്രിസ് നീൽ എന്നിവരാണ് ഷെയ്ൻ വോണിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്തുവിട്ടത്. ഹൃദയസംബന്ധമായ അസുഖമോ രക്തധമനികൾ കൊഴുപ്പടിഞ്ഞ് ചുരുങ്ങിയതോ ആകാം മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്ന് ഇവരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

മരണത്തിന് ഒൻപതു മാസംമുൻപ് ഷെയ്ൻ വോൺ എം.ആർ.എൻ.എ വാക്‌സിൻ എടുത്തിരുന്നു. ഈ അസുഖം രക്തധമനി സംബന്ധമായ അസുഖം വേഗത്തിലാക്കുന്നുണ്ടെന്ന് ഗവേഷണത്തിൽ കണ്ടെത്തിയതായി ഡോക്ടർമാർ സൂചിപ്പിച്ചു. പ്രത്യേകിച്ചും നേരത്തെ കണ്ടെത്തപ്പെടാത്ത ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവരിലാണ് ഇത് പെട്ടെന്ന് ബാധിക്കുന്നത്. 52-ാം വയസിൽ ഒരു മുൻ അന്താരാഷ്ട്ര കായികതാരം പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നത് അസ്വാഭാവികമാണെന്ന് ഡോ. മൽഹോത്ര പറഞ്ഞു.

എന്നാൽ, അവസാനകാലത്ത് അത്ര ആരോഗ്യകരമായ ജീവിതശൈലിയായിരുന്നില്ല വോണിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരീരവണ്ണം കൂടിയതിനൊപ്പം അമിതമായ പുകവലിയുമുണ്ടായിരുന്നു. ധമനികളിൽ രക്തയോട്ടം തടയുന്ന തരത്തിലുള്ള എന്തെങ്കിലും തടസമുണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം അസുഖമുള്ളവരിൽ ഫൈസർ, എം.ആർ.എൻ.എ വാക്‌സിനുകൾ സ്വീകരിച്ചവർക്ക് അസുഖം മൂർച്ഛിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. അസീം മൽഹോത്ര ചൂണ്ടിക്കാട്ടി.

ഈ വാക്‌സിനുകൾ എടുത്തവരിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വാദിച്ചു. ആസ്‌ത്രേലിയയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് എം.ആർ.എൻ.എ വാക്‌സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് കൂടുതലാണെന്നും മൽഹോത്ര അവകാശപ്പെട്ടു. വാക്‌സിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടയിൽ ഇതിന്റെ ഉപയോഗം തടയാനായി അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അസീം മൽഹോത്ര ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിനുകൾ ഹൃദയധമനികളെ മോശമായി ബാധിക്കുന്നുണ്ടെന്ന് ലഭ്യമായ തെളിവുകൾ വിലയിരുത്തിയതിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് ഡോ. നീൽ ചൂണ്ടിക്കാട്ടി. ഹൃദ്രോഗവിദഗ്ധർ അടക്കം ആരോഗ്യരംഗത്തുള്ളവർ ഇതിൽ ആശങ്കാകുലരാണ്. മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കാനും പ്രത്യാഘാതങ്ങൾ കുറയ്ക്കാനും ഇടപെടൽ വേണമെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2022 മാർച്ച് നാലിനാണ് തായ്‌ലൻഡിലെ ഒരു ഹോട്ടൽ മുറിയിൽ വോണിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. 52-ാം വയസിലായിരുന്നു മരണം.

ടെസ്റ്റ് ക്രിക്കറ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റുകൾ നേടിയ വോൺ 194 ഏകദിനങ്ങളിൽ നിന്ന് 293 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 37 തവണ 5 വിക്കറ്റ് പ്രകടനവും 10 തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

Summary: Medics fear COVID vaccine link to cricketer Shane Warne's sudden death

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News