ധോണിയുടെ പരിശീലനം കാണാൻ ആർത്തിരമ്പി ആരാധകർ; ചെപ്പോക്കിൽ മഞ്ഞക്കടലിരമ്പം

ധോണി ബാറ്റ് ചെയ്യാനിറങ്ങിയപ്പോൾ സ്‌റ്റേഡിയം ശരിക്കും ഇളകിമറിയുകയായിരുന്നു

Update: 2023-03-28 08:16 GMT
Editor : Shaheer | By : Web Desk

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ആരവങ്ങൾക്ക് വെള്ളിയാഴ്ച അഹ്മദാബാദിൽ തുടക്കം കുറിക്കാനിരിക്കുകയാണ്. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ചാംപ്യൻ സംഘമായ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ഇത്തവണത്തെ ആദ്യ പോരാട്ടം. മാർച്ച് 31ന് രാത്രി 7.30നാണ് മത്സരത്തിന് തുടക്കമാകുക.

അതിനിടെ, ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നലെ ഹോംഗ്രൗണ്ടായ ചെപ്പോക്കിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ നടന്ന പരിശീലനം കാണാൻ ആരാധകർക്കും അവസരമൊരുക്കിയിരുന്നു. ആയിരങ്ങളാണ് പ്രിയ താരം എം.എസ് ധോണിയെയും ചെന്നൈ താരങ്ങളെയും കാണാനായി ചെപ്പോക്കിലേക്ക് ഇരമ്പിയെത്തിയത്. സ്റ്റേഡിയത്തിലെ സി, ഡി, ഇ സ്റ്റാൻഡുകളാണ് ആരാധകർക്കായി തുറന്നുകൊടുത്തത്. ഈ ഭാഗം മുഴുവൻ നിറഞ്ഞുകവിയുകയും ചെയ്തു.

Advertising
Advertising

ധോണി ബാറ്റ് ചെയ്യാനിറങ്ങിയപ്പോൾ സ്‌റ്റേഡിയം ശരിക്കും ഇളകിമറിഞ്ഞു. 'ധോണി, ധോണി' എന്നു വിളിച്ചായിരുന്നു ആരാധകർ ആരവം മുഴക്കിയത്. 'നായകൻ വീണ്ടും വരാർ' എന്ന അടിക്കുറിപ്പോടെ വിഡിയോ ചെന്നൈ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ആരാധകർ വരവേൽക്കുന്ന വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇന്നത്തെ പരിശീലനം ആരാധകർക്ക് നേരിട്ട് കാണാൻ അവസരമുണ്ടാകില്ലെങ്കിലും ലൈവ് ഒരുക്കുമെന്ന് ചെന്നൈ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

താരമെന്ന നിലയിൽ ഒരുപക്ഷെ ധോണിയുടെ അവസാന ഐ.പി.എൽ സീസണായിരിക്കും ഇത്തവണയെന്നാണ് ഭൂരിഭാഗം ആരാധകരും വിശ്വസിക്കുന്നത്. ചെന്നൈയിൽ സ്വന്തം ആരാധകർക്കു മുന്നിലായിരിക്കും വിരമിക്കലെന്ന് ധോണിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, ഇത്തവണ ചെപ്പോക്കിൽ നടക്കുന്ന ചെന്നൈയുടെ മത്സരങ്ങളിൽ ആരാധകർ ആർത്തിരമ്പുമെന്നുറപ്പാണ്.

Summary: CSK fans roar for MS Dhoni at home ground Chepauk in a practice session ahead of IPL 2023

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News