'ഞാൻ മുയലല്ല; ആമയാണ്'-ജോലിഭാരത്തെക്കുറിച്ച് ഹർദിക് പാണ്ഡ്യ

ദുർബലരായ വെസ്റ്റിൻഡീസിനെതിരെ ടീം ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ശേഷമായിരുന്നു താൽക്കാലിക ക്യാപ്റ്റൻ ഹർദികിന്റെ പ്രതികരണം

Update: 2023-07-30 13:49 GMT
Editor : Shaheer | By : Web Desk

ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഹര്‍ദിക് പാണ്ഡ്യ

Advertising

ബ്രിഡ്ജ്ടൗൺ: ബൗളിങ്ങിലെ അമിതഭാരത്തെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. താനൊരു ആമയാണിപ്പോഴെന്നും മുയലല്ലെന്നും ഹർദിക് മാധ്യമങ്ങളോട് പറഞ്ഞു. ലോകകപ്പ് ആകുമ്പോഴേക്കും എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.

താരതമ്യേനെ ദുർബലരായ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ശേഷമായിരുന്നു താൽക്കാലിക ക്യാപ്റ്റനായ ഹർദികിന്റെ പ്രതികരണം. 'എന്റെ ശരീരത്തിന് ഇപ്പോൾ പ്രശ്‌നമൊന്നുമില്ല. കൂടുതൽ ഓവർ എറിഞ്ഞ് ലോകകപ്പിനുള്ള ജോലിഭാരം ശരിയാക്കേണ്ടതുണ്ട്. ഞാനിപ്പോഴൊരു ആമയാണ്. മുയലല്ല. ലോകകപ്പ് ആകുമ്പോഴേക്ക് എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ'-ഹർദിക് പറഞ്ഞു.

ഇന്നലെ ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു വിൻഡീസ് ഇന്ത്യയെ തോൽപിച്ചത്. സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും വിശ്രമമെടുത്ത മത്സരത്തിൽ ഹർദികിന്റെ ക്യാപ്റ്റൻസിക്കു കീഴിൽ യുവതാരങ്ങളുമായായിരുന്നു ടീം ഇന്ത്യ ഇറങ്ങിയത്. എന്നാൽ, ഓപണിങ്ങിൽ ഇഷൻ കിഷനും(55) ശുഭ്മൻ ഗില്ലും(34) ചേർന്ന് 90 റൺസിന്റെ മികച്ച കൂട്ടുകെട്ട് ഉയർത്തിയതൊഴിച്ചാൽ ഇന്ത്യൻ ബാറ്റിങ് സമ്പൂർണ പരാജയമായിരുന്നു മത്സരത്തിൽ. ഇടവേളയ്ക്കു ശേഷം ടീമിൽ അവസരം ലഭിച്ച സഞ്ജു സാംസൺ(ഒൻപത്), ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ(ഏഴ്), അക്‌സർ പട്ടേൽ(ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോൾ 181 റൺസിനാണ് ടീം ഓൾഔട്ടായത്.

36.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് ലക്ഷ്യം കാണുകയും ചെയ്തു. എട്ട് ഓവറിൽ 42 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്ത ഷർദുൽ താക്കൂറും എട്ട് ഓവറിൽ 30 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റെടുത്ത കുൽദീപ് യാദവുമാണ് ഇന്ത്യൻ ബൗളർമാരിൽ പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ചവച്ചത്. ബൗളിങ് ഓപൺ ചെയ്ത ഹർദികിന് വിക്കറ്റൊന്നും ലഭിച്ചില്ല. 6.4 ഓവർ എറിഞ്ഞ താരം 38 റൺസ് വിട്ടുനൽകുകയും ചെയ്തു.

Summary: I’m a turtle right now, not rabbit: Hardik Pandya on his bowling workload management

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News