വാണ്ടറേഴ്സില്‍ അർശ്‍ദീപ്-ആവേശ് അഴിഞ്ഞാട്ടം; വമ്പന്‍ തകര്‍ച്ച, നാണക്കേട് മുന്നില്‍കണ്ട് ദക്ഷിണാഫ്രിക്ക

നാല് മുൻനിര ബാറ്റർമാരെ കൂടാരം കയറ്റി അർശ്ദീപ് സിങ്ങും മൂന്ന് വിക്കറ്റ് പിഴുത് ആവേശ് ഖാനുമാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്

Update: 2023-12-17 10:50 GMT
Editor : Shaheer | By : Web Desk
Advertising

ജോഹന്നാസ്ബർഗ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അർശ്ദീപ് ഷോക്ക്. മത്സരം ആരംഭിച്ച് പത്ത് ഓവർ പിന്നിടുമ്പോൾ നാല് മുൻനിര ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ കൂടാരം കയറിയിരിക്കുകയാണ്. നാല് വിക്കറ്റ് പിഴുത് ഇന്ത്യൻ പേസർ അർശ്ദീപ് സിങ്ങും മൂന്നു വിക്കറ്റുമായി ആവേശ് ഖാനുമാണ് ആതിഥേയരെ ഞെട്ടിച്ചിരിക്കുന്നത്. 15 ഓവറിൽ ഏഴിന് 65 എന്ന നിലയിൽ വൻതകർച്ചയിലാണ് ദക്ഷിണാഫ്രിക്ക.

രണ്ടാം ഓവറിൽ തന്നെ അർശ്ദീപ് വക ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ട പ്രഹരം. ഓപണർ റീസ ഹെൻഡ്രിക്‌സിന്റെ ബാറ്റിൽ എഡ്ജായ പന്ത് കുറ്റിയും പിഴുതാണു കടന്നുപോയത്. റീസ സംപൂജ്യനായി മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്‌കോർബോർഡിലുണ്ടായിരുന്നത് മൂന്ന് റൺസ് മാത്രം. തൊട്ടടുത്ത പന്തിൽ റസി വാൻഡെർ ഡസ്സനെ വിക്കറ്റിനു മുന്നിൽ കുരുക്കി വീണ്ടും ഞെട്ടിച്ചു അർശ്ദീപ്. ഗോൾഡൻ ഡക്ക്.

അരങ്ങേറ്റക്കാരൻ ടോണി ഡി സോർസിയായിരുന്നു അടുത്ത ഇര. ഏഴാം ഓവറിൽ അർശ്ദീപിന്റെ ഷോർട്ട് പിച്ച് പന്തിൽ പുൾഷോട്ടിനു ശ്രമിച്ച സോർസിക്കു പിഴച്ചു. ടോപ്പ് എഡ്ജായി വിക്കറ്റിനു പിന്നിൽ കെ.എൽ രാഹുലിന്റെ കൈയിൽ ഭദ്രം. 22 പന്തിൽ 28 റൺസുമായി മികച്ച തുടക്കത്തിനുശേഷമായിരുന്നു സോർസി വീണത്. രണ്ടുവീതം സിക്‌സറും ഫോറും പറത്തിയിരുന്നു താരം. തൊട്ടടുത്ത ഓവറിൽ ഹെൺറിച്ച് ക്ലാസനെ(ആറ്) ബൗൾഡാക്കി അർശ്ദീപ് നാലു വിക്കറ്റ് തികയ്ക്കുമ്പോൾ 52 റൺസായിരുന്നു പ്രോട്ടിയാസ് സ്‌കോർബോർഡിലുണ്ടായിരുന്നത്.

തൊട്ടടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ രണ്ട് വിക്കറ്റ് പിഴുത് ആവേശ് ഖാനും പാർട്ടിയുടെ ഭാഗമായി. ക്യാപ്റ്റൻ മാർക്രാമിനെ(12) ബൗൾഡാക്കിയായിരുന്നു തുടക്കം. തൊട്ടടുത്ത പന്തിൽ ഓൾറൗണ്ടർ വിയാൻ മുൾഡർ ഗോൾഡൻ ഡക്കായും മടങ്ങി. അവസാന പ്രതീക്ഷയായ ഡേവിഡ് മില്ലറെ(രണ്ട്) ആവേശ് രാഹുലിന്റെ കൈയിലെത്തിച്ചതോടെ നാണംകെട്ട സ്‌കോർ മുന്നിൽകാണുകയാണ് ആതിഥേയർ.

നേരത്തെ, വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തിൽ ടോസ് ഭാഗ്യം തുണച്ച പ്രോട്ടിയാസ് നായകൻ ഐഡൻ മാർക്രാം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കെ.എൽ രാഹുൽ നായകനായെത്തിയ ഇന്ത്യൻ ഇലവനിൽ സഞ്ജു സാംസണും സായ് സുദർശനും ഇടംലഭിച്ചിട്ടുണ്ട്. ടി20 പരമ്പരയിലെ ഇലവനിൽ ചെറിയ മാറ്റങ്ങളുമായാണ് ടീം ഇറങ്ങിയത്. മറുവശത്ത് ഒരുപിടി പുതുമുഖ താരങ്ങളെ കളത്തിലിറക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.

ഇന്ത്യൻ ഇലവൻ: കെ.എൽ രാഹുൽ(ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്ക്‌വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ, സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, അർശ്ദീപ് സിങ്, ആവേശ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.

ദക്ഷിണാഫ്രിക്കൻ ഇലവൻ: റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റസി വാൻഡേർ ഡസ്സൻ, ഐഡൻ മാർക്രാം(ക്യാപ്റ്റൻ), ഹെൺറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, ആൻഡിലെ ഫെഹ്ലൂക്വായോ, കേശവ് മഹാരാജ്, നാൻേ്രഡ ബർഗർ, തബ്രീസ് ഷംസി.

Summary: India vs South Africa Live Score Updates, 1st ODI

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News