സഞ്ജു തിരിച്ചെത്തുമോ? അരങ്ങേറ്റത്തിന് ഗില്ലും ത്രിപാഠിയും; ലങ്കയ്‌ക്കെതിരെ ആദ്യ ടി20 ഇന്ന്

സമ്പൂർണ യുവനിരയുമായാണ് ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇന്ന് ടീം ഇന്ത്യ ഇറങ്ങുക

Update: 2023-01-03 05:29 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: പുതുവർഷത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ടീം ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. മുംബൈ വാങ്കെഡെ സ്‌റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം. രാത്രി ഏഴു മണിക്കാണ് മത്സരം.

രോഹിത് ശർമയുടെ അഭാവത്തിൽ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. സീനിയർ താരങ്ങളായ വിരാട് കോഹ്ലി, കെ.എൽ രാഹുൽ അടക്കമുള്ളവർക്ക് വിശ്രമം നൽകി പൂർണമായും യുവതാരങ്ങളെയാണ് ബി.സി.സി.ഐ ടി20 പരമ്പരയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്റ്റൻ.

സഞ്ജു സാംസണിന് ടീമിൽ ഇടംലഭിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ഇതോടൊപ്പം, ശുഭ്മൻ ഗിൽ, രാഹുൽ ത്രിപാഠി എന്നിവരുടെ അരങ്ങേറ്റത്തിനും സാധ്യത കൽപിക്കപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഗില്ലും ഇഷൻ കിഷനുമായിരിക്കും ഓപൺ ചെയ്യുക. മൂന്നാമനായി ത്രിപാഠി ഇറങ്ങും. നാലാം സ്ഥാനത്ത് പോരാട്ടം സഞ്ജുവും ഓൾറൗണ്ടർ ദീപക് ഹൂഡയും തമ്മിലാകും.

ഫിനിഷിങ് റോളിലായിരിക്കും പാണ്ഡ്യ ഇറങ്ങുക. ആറാമനായി അക്‌സർ പട്ടേലും വരും. യുസ്‌വേന്ദ്ര ചഹലും സ്പിന്നറായി ടീമിൽ ഇടംകണ്ടെത്തും. ഉമ്രാൻ മാലിക്കും അർശ്ദീപ് സിങ്ങും ആയിരിക്കും ഇന്ത്യൻ ബൗളിങ് ആക്രമണത്തിനു നേതൃത്വം നൽകുക. ഹർഷൽ പട്ടേൽ മൂന്നാം പേസറായും എത്തും.

ഏഷ്യാകപ്പ് കിരീടം സമ്മാനിച്ച സംഘവുമായി തന്നെയാകും ശ്രീലങ്ക ഇന്ന് ഇറങ്ങുക. പാത്തും നിസങ്കയും കുശാൽ മെൻഡിസും ആയിരിക്കും ഓപൺ ചെയ്യുക. ധനഞ്ജയ ഡിസിൽവ മൂന്നാം നമ്പറിലെത്തും. ബാനുക രജപക്‌സെ, ചാരിത് അസലങ്ക എന്നിവരായിരിക്കും നാല്, അഞ്ച് സ്ഥാനങ്ങളിൽ. നായകൻ ദാസുൻ ഷാനക ഫിനിഷിങ് റോളെടുക്കും. അടുത്ത സ്ഥാനങ്ങളിൽ ഓൾറൗണ്ടർമാരായ ചാമിക കരുണരത്‌നയും വനിന്ദു ഹസരങ്ങയും എത്തും.

ലഹിരു കുമാരയും പ്രമോദ് മധുഷനുമായിരിക്കും ബൗളിങ് യൂനിറ്റിന്റെ ആക്രമണദൗത്യം. രണ്ടാം സ്പിന്നറായി മഹേഷ് തീക്ഷണയ്ക്കും ടീമിൽ ഇടം ലഭിക്കും.

Summary: India vs Sri Lanka, 1st T20I: Match Preview

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News