റെക്കോർഡിനരികെ കോഹ്ലി വീണു; ഗില്ലും പുറത്ത്-ഇന്ത്യ മൂന്നിന് 225

49-ാം ഏകദിന സെഞ്ച്വറിക്ക് ഏതാനും റൺസകലെ വിരാട് കോഹ്ലി(88) വീണപ്പോൾ അർഹിച്ച സെഞ്ച്വറി നേടാനാകാതെ ശുഭ്മൻ ഗില്ലും(92) മടങ്ങി

Update: 2023-11-02 12:44 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ സാക്ഷിനിർത്തി വിരാട് കോഹ്ലി ആ റെക്കോർഡ് സംഖ്യയിൽ തൊടുമെന്നുറപ്പിച്ച ഇന്ത്യൻ ആരാധകർക്കെല്ലാം നിരാശ. 49-ാം ഏകദിന സെഞ്ച്വറിക്ക് ഏതാനും റൺസകലെ കോഹ്ലി(88) ഒരിക്കൽകൂടി വീണു. ആക്രമിച്ചുകളിച്ചിരുന്ന ഓപണർ ശുഭ്മൻ ഗില്ലും(92) അർഹിച്ച സെഞ്ച്വറി നേടാനാകാതെ മടങ്ങി. രണ്ടുപേരുടെയും അർധസെഞ്ച്വറിയുടെ കരുത്തിൽ ശ്രീലങ്കയ്‌ക്കെതിരെ മൂന്നിന് 225 എന്ന നിലയിലാണ് ഇന്ത്യ. ലങ്കൻ പേസർ ദിൽഷൻ മധുഷങ്കയാണ് മൂന്നു മുൻനിര ബാറ്റർമാരെയും തിരിച്ചയച്ചത്.

മത്സരത്തിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഫോമിലുള്ള നായകൻ രോഹിത് ശർമയെ നഷ്ടപ്പെട്ടു. എന്നാൽ, രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഗില്ലും കോഹ്ലിലും പതുക്കെ തുടങ്ങി ഇന്നിങ്‌സിന്റെ ഗതിിവേട്ടം കൂട്ടി. ഒരു ഘട്ടത്തിൽ 400 റൺസ് വരെ പ്രവചിക്കപ്പെട്ട തരത്തിൽ കൂറ്റൻ ടോട്ടലിലേക്കാണ് ഇരുവരും ചേർന്ന് ടീമിനെ നയിച്ചത്. ആദ്യ ഓവറിൽ വീണ വിക്കറ്റിന്റെയും പവർപ്ലേയിൽ ദുഷ്മന്ത ചമീറയുടെ പേസ് ആക്രമണത്തിലും ആദ്യമൊന്നു പതറിയെങ്കിലും താളം കണ്ടെത്തിയതോടെ പിടിച്ചുകെട്ടാൻ കഴിയാത്ത തരത്തിൽ അടിച്ചുകസറുകയായിരുന്നു ഗില്ലും കോഹ്ലിയും.

ഒടുവിൽ ടീം സ്‌കോർ 193ൽ നിൽക്കെ വീണ്ടും മധുഷങ്ക വില്ലനായി. സെഞ്ച്വറിയിലേക്കു കുതിച്ച ഗില്ലിനെ സ്ലോ ഓഫ്കട്ടറിലാണ് മധുഷങ്ക വീഴ്ത്തിയത്. വിക്കറ്റിനു പിന്നിൽ ലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസിനു ക്യാച്ച് നൽകി മടങ്ങുമ്പോൾ എട്ടു റൺസായിരുന്നു ഗില്ലിനു സെഞ്ച്വറിക്കു വേണ്ടിയിരുന്നത്. 92 പന്ത് നേരിട്ട് രണ്ട് സിക്‌സറും 11 ബൗണ്ടറിയും പറത്തിയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

റെക്കോർഡ് നമ്പറിന് അരികയെത്തിയതിന്റെ പരിഭ്രമം കാണിക്കുന്ന പോലെയായി പിന്നീട് കോഹ്ലി. അതുവരെയും ഒഴുക്കോടെ കളിച്ച സൂപ്പർ താരം പിന്നീടങ്ങോട്ട് തപ്പിത്തടയുകയും സൂക്ഷിച്ചുകളിക്കുന്നതുമാണു കണ്ടത്. ഒട്ടും വൈകാതെ ആ ട്രാപ്പിൽ കോഹ്ലി വീഴുകയും ചെയ്തു. വീണ്ടും മധുഷങ്കയുടെ ബ്രേക്ത്രൂ. മറ്റൊരു ഓഫ് കട്ടറിൽ കോഹ്ലി മോശം ഷോട്ടിനു ശ്രമിച്ച കോഹ്ലിക്കു പാളി. ഇത്തവണ പാത്തും നിസങ്കയ്ക്ക് അനായാസ ക്യാച്ച് നൽകി മടങ്ങുമ്പോൾ 88 പന്തിൽ 88 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. 11 ഫോർ ഇന്നിങ്‌സിനു മിഴിവേകി.

35 ഓവർ പിന്നിടുമ്പോൾ മൂന്നിന് 225 എന്ന ശക്തമായ നിലയിലാണ് ടീം ഇന്ത്യ. ആക്രമണമൂഡിലുള്ള ശ്രേയസ് അയ്യരും(20) കെ.എൽ രാഹുലുമാണ്(10) ക്രീസിലുള്ളത്.

Summary: India vs Sri Lanka Live Score, ICC ODI World Cup 2023

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News