മഴ കളിച്ചു; ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് സമനിലയില്‍

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കായി സെഞ്ച്വുറി നേടിയ സ്മൃതി മന്ദാനയാണ് കളിയിലെ താരം.

Update: 2021-10-03 15:07 GMT
Editor : abs | By : Web Desk
Advertising

മഴ തടസ്സപ്പെടുത്തിയ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏക ടെസ്റ്റ് സമനിലയില്‍. 272 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ വനിതകള്‍ രണ്ട് വിക്കറ്റിന് 36 റണ്‍സെടുത്തുനില്‍ക്കെ മഴയെത്തുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കായി സെഞ്ച്വുറി നേടിയ സ്മൃതി മന്ദാനയാണ് കളിയിലെ താരം. 

അറു റണ്‍സെടുത്ത അലീസ ഹീലിയുടെയും 11 റണ്‍സെടുത്ത ബെത് മൂണിയുടെയും വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് നഷ്ടമായത്. 17 റണ്‍സെടുത്ത മെഗ് ലാനിങ്ങും ഒരു റണ്ണോടെ എലിസ് പെറിയും പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിങ്‌സ് മൂന്ന് വിക്കറ്റിന് 135 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഇന്ത്യക്കായി ഷെഫാലി വര്‍മ അര്‍ധ സെഞ്ച്വുറി നേടി. സമൃതി മന്ദാന 31 റണ്‍സ് നേടി. 41 റണ്‍സ് നേടി പൂനം റൗത്തും മൂന്ന് റണ്‍സുമായി ദീപ്തി ശര്‍മയും പുറത്താകാതെ നിന്നു.

നേരത്തെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 136 റണ്‍സിന് പിന്നില്‍ നില്‍ക്കെ ഒമ്പത് വിക്കറ്റിന് 241 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 68 റണ്‍സോടെ പെറി പുറത്താകാതെ നിന്നു. ആഷ്‌ലി ഗാര്‍ഡ്‌നര്‍ 51 റണ്‍സ് നേടി. ഇന്ത്യക്കായി പൂജാ വസ്ത്രാകര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജൂലന്‍ ഗോസ്വാമിയും മേഘ്‌ന സിങ്ങും ദീപ്തി ശര്‍മയും രണ്ടു വിക്കറ്റ് വീതം നേടി.

ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോറാണ് ഇന്ത്യ കണ്ടെത്തിയത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് അടിച്ചെടുത്തു. 127 റണ്‍സ് നേടിയ സ്മൃതി മന്ദാനയുടെ ബാറ്റിങ് മികവാണ് ഇന്ത്യക്ക് കരുത്തായത്. ദീപ്തി ശര്‍മ അര്‍ധ സെഞ്ച്വറി( 66) നേടിയപ്പോള്‍ മിതാലി രാജ് 30ഉം പൂനം റൗത്ത് 36ഉം റണ്‍സ് കണ്ടെത്തി. ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ പിങ്ക് ബോള്‍ ഡേ ആന്‍ഡ് നൈറ്റ് മത്സരമായിരുന്നു ഇത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News