വീണ്ടും ടീം ഇന്ത്യയുടെ 'ക്രിക്കറ്റ് സ്‍പിരിറ്റ്'; അജാസ് പട്ടേലിന് ഒപ്പിട്ട ജഴ്‌സി സമ്മാനിച്ചു

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും പരിശീലകൻ രാഹുൽ ദ്രാവിഡും ഡ്രസിങ് റൂമിലെത്തി കിവി താരം അജാസ് പട്ടേലിനെ അഭിനന്ദിച്ചത് സമൂഹമാധ്യമങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു

Update: 2021-12-06 12:53 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ ടെസ്റ്റിലെ കൂറ്റൻ വിജയത്തിനും പരമ്പര നേട്ടത്തിനും പിറകെ 'സ്‌പോർട്‌സ്മാൻ സ്പിരിറ്റി'ന്റെ പുതിയ മാതൃകയായി ടീം ഇന്ത്യ. മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ പത്തു വിക്കറ്റ് കൊയ്ത് ചരിത്രം കുറിച്ച ന്യൂസിലൻഡ് താരം അജാസ് പട്ടേലിന് ഇന്ത്യൻ താരങ്ങളുടെ ആദരം. മുഴുവൻ താരങ്ങളുടെയും ഒപ്പിട്ട ജഴ്‌സി സമ്മാനിച്ചായിരുന്നു അജാസിനെ ബിസിസിഐ അനുമോദിച്ചത്.

ഇന്ത്യൻ വംശജനായ അജാസ് ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലായിരുന്നു. വർഷങ്ങൾക്കുമുൻപാണ് കുടുംബസമേതം ന്യൂസിലൻഡിലേക്ക് കുടിയേറിയത്. പത്തു കളിയിൽനിന്ന് 29 വിക്കറ്റിന്റെ കരുത്തിലായിരുന്നു മുംബൈ വാംഖഡെയിലെ 'സ്വന്തം ഗ്രൗണ്ടി'ലേക്ക് അജാസ് എത്തിയത്. എന്നാൽ, ഈ തിരിച്ചുവരവ് ഇത്രയും അവിസ്മരണീയമാകുമെന്ന് താരം സ്വപ്‌നത്തിൽ പോലും കണ്ടുകാണില്ല. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയുടെ മുഴുവൻ വിക്കറ്റുകളും കൊയ്‌തെടുത്ത അജാസ് നടന്നുകയറിയത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 'എലീറ്റ്' പട്ടികയിലേക്കാണ്. ഇതിഹാസ താരങ്ങളായ ജിം ലേക്കർക്കും അനിൽ കുംബ്ലെയ്ക്കും ശേഷം ഒരു ഇന്നിങ്‌സിൽ പത്തു വിക്കറ്റും സ്വന്തം പേരിലാക്കുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് അജാസ്.

1956ൽ ഓൾഡ് ട്രാഫോഡിൽ ആസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇംഗ്ലീഷ് താരം ജിം ലേക്കർ പത്തുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായത്. ഇതു കഴിഞ്ഞ നാലു പതിറ്റാണ്ടുകൾക്കുശേഷമായിരുന്നു കുംബ്ലെയുടെ നേട്ടം. ഡൽഹിയിലെ അന്നത്തെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിൽ പാക്‌സിതാനെതിരെയായിരുന്നു കുംബ്ലെയുടെ വിളയാട്ടം. ഇതിനുംരണ്ടു പതിറ്റാണ്ടുകഴിഞ്ഞ് മുംബൈയിലെ ചരിത്രമുറങ്ങുന്ന വാംഖഡെയിൽ അജാസിന്റെ അവിസ്മരണീയ പ്രകടനവും.

പത്തുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ അജാസിനെ ഇന്ത്യൻ താരങ്ങളും ഗാലറിയും ഒരുപോലെ കൈയടികളോടെയാണ് വരവേറ്റത്. മത്സരശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും പരിശീലകൻ രാഹുൽ ദ്രാവിഡും ഡ്രസിങ് റൂമിലെത്തി താരത്തെ അഭിനന്ദിച്ചു. ടീം ഇന്ത്യയുടെ സ്‌പോർട്‌സ്മാൻ സ്പിരിറ്റിന്റെ ഉദാഹരണമായി ഇതിന് സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശംസയും ലഭിച്ചിരുന്നു. ഇന്ന് മത്സരശേഷം അവിസ്മരണീയ പ്രകടനത്തിന്റെ സ്മാരകമെന്നോണമാണ് താരങ്ങൾ ഒപ്പുവച്ച ഇന്ത്യൻ ജഴ്‌സി ടീം താരത്തിന് നൽകിയത്. ഇന്ത്യൻ ഓഫ്‌സ്പിന്നർ രവിചന്ദ്ര അശ്വിനാണ് ജഴ്‌സി കൈമാറിയത്.

മുംബൈ ടെസ്റ്റിൽ കിവികളെ 372 റൺസിന് തകർത്താണ് ഇന്ത്യ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ 325, ഏഴിന് 276 ഡിക്ലയേർഡ്, ന്യൂസിലാൻഡ് 62, 167 എന്നിങ്ങനെയായിരുന്നു സ്‌കോർനില. കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞിരുന്നു.

Summmary: The Indian team gifted Kiwi spinner Ajaz Patel a signed jersey as a memento for his historic 10-wicket haul in the Mumbai Test.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News