'ഐ.പി.എൽ ഫൈനൽ ഒത്തുകളി'; ഗുരുതര ആരോപണം; അമിത് ഷായ്ക്കും ജയ് ഷായ്ക്കുമെതിരെ ഒളിയമ്പെറിഞ്ഞ് സുബ്രമണ്യൻ സ്വാമി

ഫൈനൽ കാണാൻ അമിത് ഷാ അടക്കമുള്ള പ്രമുഖ ബി.ജെ.പി നേതാക്കളെത്തിയിരുന്നു. മത്സരശേഷം ജയ് ഷായുടെ അമിതാഹ്ലാദ പ്രകടനവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി

Update: 2022-06-03 10:50 GMT
Editor : Shaheer | By : Web Desk
Advertising

അഹമ്മദാബാദ്: ഐ.പി.എൽ ഫൈനലിലെ ഒത്തുകളി ആരോപണങ്ങൾക്ക് ബലം നൽകി മുതിർന്ന സുബ്രമണ്യൻ സ്വാമി. ഹർദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റൻസും സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസും തമ്മിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിനെതിരെയാണ് ആരോപണവുമായി മുതിർന്ന ബി.ജെ.പി നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഗുജറാത്തിന്റെ വിജയത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഉയർത്തിയ ചോദ്യമാണ് സുബ്രമണ്യൻ സ്വാമിയും ഏറ്റുപിടിച്ചിരിക്കുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ജയ് ഷായ്ക്കും നേരെ ഒളിയമ്പുമുണ്ട്. ഫൈനൽ കാണാൻ സ്റ്റേഡിയത്തിൽ അമിത് ഷാ അടക്കമുള്ള പ്രമുഖ ബി.ജെ.പി നേതാക്കളുമെത്തിയിരുന്നു. മത്സരശേഷം ജയ് ഷായുടെ അമിതാഹ്ലാദ പ്രകടനവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

''ടാറ്റാ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫലത്തിൽ കൃത്രിമം നടന്നതായി ഇന്റലിജൻസ് വിഭാഗങ്ങളിൽ വ്യാപകമായ സംശയമുണ്ട്. സംശയത്തിന്റെ അന്തരീക്ഷം നീക്കാൻ അന്വേഷണം ആവശ്യമാണ്. അതിന് പൊതുതാൽപര്യ ഹരജി തന്നെ വേണ്ടിവരും. അമിത് ഷായുടെ മകൻ ബി.സി.സി.ഐ തലവനായതുകൊണ്ട് സർക്കാർ നേരിട്ട് അന്വേഷണം നടത്തില്ല.'' ട്വീറ്റിൽ സുബ്രമണ്യൻ സ്വാമി ആരോപിച്ചു.

ഫൈനലിൽ ടോസ് ലഭിച്ചിട്ടും സഞ്ജു ബാറ്റിങ് തിരഞ്ഞെടുത്തത് വലിയ സംശയമുയർത്തിയിരുന്നു. അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിൽ ചേസ് ചെയ്യുന്നവർക്കൊപ്പമാണ് കൂടുതൽ തവണയും വിജയം നിന്നിട്ടുള്ളത്. ഇതിനൊപ്പം ഗുജറാത്തിന്റെ ചേസിങ് റെക്കോർഡും സഞ്ജു കണക്കിലെടുത്തില്ല. മത്സരശേഷം സമൂഹമാധ്യമാങ്ങളിൽ ഒത്തുകളി ആരോപണം വ്യാപകമായി ഉയർന്നിരുന്നു.

മത്സരത്തിൽ ബാറ്റിങ് തുടങ്ങി അധികം വൈകാതെ തന്നെ സഞ്ജുവിന്റെ തീരുമാനം തെറ്റായെന്ന് വ്യക്തമായിരുന്നു. റൺസ് കണ്ടെത്താൻ വിഷമിക്കുക മാത്രമല്ല രാജസ്ഥാൻ ബാറ്റർമാർ ഒന്നിനു പിറകെ ഒന്നായി കാര്യമായ സംഭാവനകളർപ്പിക്കാനാകാതെ കൂടാരം കയറുന്നതുമാണ് മത്സരത്തിൽ കണ്ടത്. ഒടുവിൽ 20 ഓവറിൽ 130 റൺസ് മാത്രമാണ് രാജസ്ഥാന് നേടാനായത്. 131 എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 11 പന്ത് ബാക്കിനിൽക്കെ ഗുജറാത്ത് അനായാസം മറികടക്കുകയും കന്നി സീസണിൽ തന്നെ കിരീടം സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.

Summary: Intelligence agencies feel IPL 2022 matches were 'rigged', probe required, alleges BJP leader Subramanian Swamy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News