മഴയിൽ മുങ്ങി ഈഡൻ ഗാർഡൻസ്; കളി മുടങ്ങിയാൽ ആര് കപ്പടിക്കും?

മഴമൂലം ഫൈനലും തടസ്സപ്പെട്ടാൽ ഐ.പി.എൽ ചരിത്രത്തിൽത്തന്നെ ആദ്യമായി സൂപ്പർ ഓവറിലൂടെ ചാംപ്യന്മാരെ തിരഞ്ഞെടുക്കും

Update: 2022-05-23 11:03 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: ഐ.പി.എല്ലിൽ പ്ലേഓഫ് മത്സരങ്ങൾക്ക് നാളെ കൊൽക്കത്തയിലെ വിഖ്യാതമായ ഈഡൻ ഗാർഡൻസിൽ തുടക്കമാകുകയാണ്. കരുത്തരായ മുംബൈയും ചെന്നൈയുമെല്ലാം കാലിടറിവീണ ടൂർണമെന്റിൽ കന്നി ഐ.പി.എൽ സീസൺ കളിക്കുന്ന ഗുജറാത്തും ലഖ്‌നൗവും കിരീടം കിട്ടാക്കനിയായ ബാംഗ്ലൂരും രണ്ടാം കിരീടം സ്വപ്‌നം കണ്ടിറങ്ങിയ രാജസ്ഥാനുമാണ് പ്ലേഓഫിൽ ഏറ്റുമുട്ടുന്നത്. ഐ.പി.എല്ലിന് പുതിയ ചാംപ്യന്മാരെ ലഭിക്കുമോ അതോ ആദ്യ സീസൺ ജേതാക്കളായ രാജസ്ഥാൻ ഒരിക്കൽകൂടി കിരീടത്തിൽ മുത്തമിടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും മത്സരം പൊടിപാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

എന്നാൽ, ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പുകൾക്കുമേൽ നിരാശ പടർത്തി കൊൽക്കത്തയിൽ കാർമേഘം മൂടിക്കെട്ടിക്കിടക്കുകയാണിപ്പോൾ. മുഴുവൻ പ്ലേഓഫ് മത്സരങ്ങൾക്കും വേദിയാകുന്ന ഈഡൻ ഗാർഡൻസിലടക്കം കനത്ത മഴ തുടരുകയാണ്. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴദൈവങ്ങൾ അനുഗ്രഹിച്ചില്ലെങ്കിൽ ഒരൊറ്റ പ്ലേഓഫ് മത്സരവും കാണാൻ ആരാധകർക്ക് ഭാഗ്യമുണ്ടാകില്ല.

ക്വാളിഫയറിലെ ആദ്യ മത്സരം നാളെയാണ്. ആദ്യസ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസ് നേരിടുന്നത് രണ്ടാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസിനെ. ഈ മത്സരത്തിലെ വിജയികൾ നേരെ ഫൈനലിലേക്ക് കടക്കും. തോറ്റ ടീം രണ്ടാം ക്വാളിഫയറിൽ ഒരു അവസരം കൂടി ലഭിക്കും. ബുധനാഴ്ചയാണ് എലിമിനേറ്റർ പോരാട്ടം. മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. മത്സരത്തിൽ ജയിച്ചവർ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയർ പോരാട്ടത്തിന് യോഗ്യത നേടും. ഈ മത്സരത്തിലെ വിജയികളായിരിക്കും ആദ്യ ക്വാളിഫയർ ജേതാക്കളെ ഫൈനലിൽ നേരിടുക.

മഴയിൽ മുങ്ങിയാൽ എന്തു ചെയ്യും?

പ്ലേഓഫ് മത്സരങ്ങൾക്ക് നിലവിൽ റിസർവ് ദിനങ്ങൾ നിശ്ചയിട്ടില്ല. ഇതിനാൽ, മഴ പൂർണമായും മഴയെടുത്താൽ രണ്ട് സാധ്യത മാത്രമാണ് മുന്നിലുള്ളത്. സൂപ്പർ ഓവറാണ് ഒന്നാമത്തെ സാധ്യത.

മഴ ഭീഷണിയുള്ളതിനാൽ നിശ്ചിത സമയത്തിനു പുറമെ രണ്ട് മണിക്കൂർ കൂടി പ്ലേഓഫിനും ഫൈനലിനും അനുവദിക്കും. അതായത് പ്ലേഓഫ് മത്സരങ്ങൾ തുടങ്ങാൻ 9.40 വരെ കാത്തിരിക്കും. ഫൈനലിന് 10.10 വരെയും കാത്തിരിക്കും. സ്ട്രാറ്റജിക് ടൈംഔട്ട് പതിവുപോലെ അനുവദിക്കും. പകരം ഇന്നിങ്‌സ് ബ്രേക്ക് സമയം വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുക.

ഈ സമയത്തിനുള്ളിൽ നിശ്ചിത 20 ഒാവർ കളിക്കാനായില്ലെങ്കിൽ അഞ്ച് ഓവറായി മത്സരം വെട്ടിക്കുറക്കും. ഓരോ ടീമിനും അഞ്ചു വീതം ഓവറായിരിക്കും അനുവദിക്കുക. എന്നാൽ, ഇത്ര ഓവറും കളിക്കാനാകില്ലെങ്കിൽ സൂപ്പർ ഓവറിലൂടെയായിരിക്കും വിജയിയെ നിശ്ചയിക്കുക.

എന്നാൽ, സൂപ്പർ ഓവറും സാധ്യമായില്ലെങ്കിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ളവരെയായിരിക്കും ഭാഗ്യം തുണയ്ക്കുക. അങ്ങനെ വന്നാൽ, ഗുജറാത്ത്, രാജസ്ഥാൻ ടീമുകൾക്കായിരിക്കും കാര്യങ്ങൾ അനുകൂലമാകുക. ലഖ്‌നൗവിനും ബംഗ്ലൂരുവിനും നിരാശപ്പെടേണ്ടിവരും.

മേയ് 29നു നടത്താൻ നിശ്ചയിച്ചിട്ടുള്ള ഐ.പി.എൽ ഫൈനലിനും കാലാവസ്ഥ തിരിച്ചടിയായാൽ റിസർവ് ദിവസമായ 30നു കളി നടക്കും. തലേദിവസം കളി ഭാഗികമായി നടന്നിട്ടുണ്ടെങ്കിൽ ആ സ്‌കോറിൽനിന്നാകും റിസർവ് ദിനത്തിൽ കളി പുനരാരംഭിക്കുക. മഴമൂലം ഫൈനലും തടസ്സപ്പെട്ടാൽ ഐ.പി.എൽ ചരിത്രത്തിൽത്തന്നെ ആദ്യമായി സൂപ്പർ ഓവറിലൂടെ ചാംപ്യന്മാരെ തിരഞ്ഞെടുക്കും.

Summary: IPL 2022 Playoffs Rules: In Case of Rain Washout, Super Overs to Determine Results

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News