ക്യാപ്റ്റനാകണോ? കപ്പടിക്കൂ...

ഈ ഐപിഎൽ പലതരത്തിലും ഇന്ത്യൻ ടീം ക്യാപ്റ്റൻസിയെ ബാധിക്കുമെന്നുറപ്പാണ്.

Update: 2021-09-19 06:57 GMT

ഐപിഎല്ലും ട്വന്‍റി20 ലോകകപ്പും ഇന്ത്യൻ ക്യാപ്റ്റൻസിയും.. ആകെ ബഹളമാണ്. കോലി രോഹിത്തിനെ വെട്ടാൻ നോക്കിയെന്നും ഡ്രസിംഗ് റൂമിൽ രോഹിത്തിന് പിന്തുണയെന്നും.. അങ്ങനെ റിപ്പോർട്ടുകൾ പലവിധമാണ്. എന്തായാലും ഈ ഐപിഎൽ പലതരത്തിലും ഇന്ത്യൻ ടീം ക്യാപ്റ്റൻസിയെ ബാധിക്കുമെന്നുറപ്പാണ്.


എന്‍റർടെയിൻമെന്‍റ് മാത്രം പോരാ കോലീ

ട്വന്‍റി 20യിൽ നിന്നും ക്യാപ്റ്റന്‍റെ കിരീടം അഴിച്ചുവെയ്ക്കാൻ തീരുമാനിച്ച കോലിക്ക് തന്നെയാണ് ഈ ഐപിഎൽ ഏറ്റവും നിർണായകമാകുന്നത്. ട്വന്റി 20 ലോകപ്പ് വരെ തുടരാൻ തീരുമാനിച്ച കോലിക്ക് അതിനെ സാധൂകരിക്കണമെങ്കിൽ ഈ കിരീടം ചൂടണം. 10 സീസണായി ചുവന്ന ചെകുത്താൻമാരുടെ കപ്പിത്താനായ കോലിക്ക് കിരീടം ബംഗലൂരുവിൽ എത്തിക്കാനായിട്ടില്ല. 'എന്‍റർടെയിൻമെന്‍റ്' മാത്രം കൊണ്ട് കോലിക്ക് ഇനി പിടിച്ചുനിൽക്കാനാകില്ല. മാത്രമല്ല ബാറ്റിംഗിലും തന്റെ ഫോം കൈമോശം വന്നിട്ടില്ലെന്ന് കോലിക്ക് തെളിയിക്കണം. ബംഗലൂരു ആരാധകർക്കപ്പുറം ഇന്ത്യൻ ആരാധകരും കോലിയെ മുൻപില്ലാത്ത വിധം ശ്രദ്ധിക്കും.

Advertising
Advertising

രോഹിത്തിന് സിംപിളാണ്... ഹാട്രിക്കടിക്കണം....

ക്യാപ്റ്റൻസി കുപ്പായം തയ്ച്ചുവെച്ച് കാത്തിരിക്കുന്ന രോഹിത്തിനാകട്ടെ മുംബൈയ്ക്കായി ആറാം കിരീടം നേടിയാൽ നായകത്വം ഊട്ടിയുറപ്പിക്കാം. കിരീടം കൊണ്ട് സമ്പന്നമായ മുംബൈ ഷെൽഫിൽ ഒന്നുകൂടി കൂട്ടാൻ ഏറ്റവും ആഗ്രഹിക്കുക രോഹിത്താകും. ഹാട്രിക്ക് കിരീടമെന്ന റെക്കോർഡും ക്യാപ്റ്റന്‍റെ തൊപ്പിയും! നിലവിലെ ട്വന്റി 20 ടീമിലുള്ള താരങ്ങളിൽ കൂടുതൽ പേരും ഐപിഎല്ലിൽ രോഹിതിന് കീഴിൽ കളിക്കുന്നതാണ്. ഡ്രസിംഗ് റൂമിലെ പിന്തുണയിൽ രോഹിതിന് ഇത് മുതൽകൂട്ടാണ്. ചാമ്പ്യൻ ടീമായി മുംബൈ യുഎഇയിൽ കൈപ്പും മധുരവും നുണഞ്ഞിട്ടുണ്ട്. 2014ൽ യുഎഇയിൽ മുഴുവൻ മത്സരങ്ങളും തോറ്റ മുംബൈ കഴിഞ്ഞ വർഷം യുഎഇയിൽ വച്ച് തന്നെ കിരീടം കൊണ്ട് മറുപടി പറഞ്ഞിരുന്നു. എന്തായാലും യുഎഇ ഒരുക്കിവെച്ചിരിക്കുന്ന സർപ്രൈസ് മുംബൈയെക്കാൾ ബാധിക്കുക രോഹിത്തിനെയാകും.


പന്തും രാഹുലും?

ക്യാപ്റ്റൻസിക്കായുള്ള ഓട്ടത്തിൽ രോഹിത്തിനെ പിന്തള്ളാൻ സാധ്യതയുള്ള ഋഷഭ് പന്തും കെ എൽ രാഹുലും കിരീടത്തിൽ കുറഞ്ഞ് ഒന്നിലും തന്നെ കണ്ണുവെയ്ക്കുന്നില്ല. ഓറഞ്ച് ക്യാപ്പിനെ പ്രണയിച്ച കെ എൽ രാഹുൽ ഇപ്പോൾ കിരീടമാകും സ്വപ്നം കാണുക. പക്ഷേ പഞ്ചാബിന്റെ ഇപ്പോഴത്തെ സ്ഥിതിവച്ച് അത് അത്ര എളുപ്പമാകില്ല. ഓപ്പണിംഗും ക്യാപ്റ്റൻസിയും ഒരുപോലെ ക്ലിക്കായാൽ രാഹുല്‍ രോഹിതിന് വെല്ലുവിളിയാകാം. നിലവിൽ ഒന്നാമതുള്ള ഡൽഹിയെ നയിക്കുന്ന യുവതാരം ഋഷഭ് പന്തിനും ഐപിഎൽ അന്താരാഷ്ട്ര ക്യാപ്റ്റൻസിക്കുള്ള ചവിട്ടുപടിയാണ്. പന്താകട്ടെ പന്തിനെ തല്ലിവിടുന്ന രീതി മാറ്റാനും സാധ്യതയുണ്ട്. മികച്ച ഇന്ത്യൻ നിരയുള്ള ഡൽഹിയെ കിരീടത്തിലെത്തിച്ചാൽ പന്തിനും ക്യാപ്റ്റനാകാം.



 


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - റഹീസ് റെയ്നിയൻ

contributor

Similar News