ടെസ്റ്റ് മാറ്റിവച്ചത് ഐപിഎല്ലിനു വേണ്ടി; ഗുരുതര ആരോപണവുമായി മൈക്കൽ വോൺ

നിർത്തിവച്ച ഐപിഎല്ലിന്റെ രണ്ടാം ഘട്ടം സെപ്തംബർ 19 നാണ് യുഎഇയിൽ ആരംഭിക്കുന്നത്

Update: 2021-09-12 07:24 GMT
Editor : abs | By : abs
Advertising

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മാറ്റിവച്ചത് ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടിയാണെന്ന് മുൻ ഇംഗ്ലണ്ട് താരവും കമന്‍റേറ്ററുമായ മൈക്കൽ വോൺ. ഇതംഗീകരിക്കാൻ ആകില്ലെന്നും വോൺ ട്വിറ്ററിൽ കുറിച്ചു.

'ഐപിൽ ടീമുകൾ വിമാനം ചാർട്ടർ ചെയ്തു കൊണ്ടിരിക്കുകയാണ്. യുഎഇയിൽ ആറു ദിവസത്തെ ക്വാറന്റൈൻ ആവശ്യമാണ്. ടൂർണമെന്റ് തുടങ്ങാൻ ഏഴു ദിവസം മാത്രം ബാക്കി! ഐപിഎൽ മൂലമാണ് ടെസ്റ്റ് ഉപേക്ഷിച്ചത്. മറ്റു കാരണങ്ങൾ എന്നോട് പറയരുത്' - വോൺ കുറിച്ചു. 

കോവിഡ് ഭീതിയെ തുടർന്നാണ് മത്സരം ഉപേക്ഷിക്കുന്നത് എന്നാണ് നേരത്തെ ബിസിസിഐയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും വിശദീകരണം നൽകിയിരുന്നത്.

ടീം ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പർമാറിന് കോവിഡ് സ്ഥിരീകരിച്ചതോടെ അഞ്ചാം ടെസ്റ്റ് നടക്കുമോയെന്ന കാര്യത്തിൽ നേരത്തെ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാൽ മത്സരത്തിന് മുമ്പ് നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ത്യൻ താരങ്ങളെല്ലാം നെഗറ്റീവായതോടെ മത്സരം നടക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും ആദ്യം അറിയിച്ചു. പിന്നീട് അപ്രതീക്ഷിതമായി മത്സരം റദ്ദാക്കുകയായിരുന്നു.

അതിനിടെ, നിർത്തിവെച്ച ഐപിഎല്ലിന്റെ രണ്ടാം ഘട്ടം സെപ്തംബർ 19 നാണ് യുഎഇയിൽ ആരംഭിക്കുന്നത്. ഐപിഎല്ലിൽ കളിക്കേണ്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയടക്കമുള്ള താരങ്ങളുടെ ഐപിഎൽ ഫ്രാഞ്ചൈസികൾ ബിസിസിഐയ്ക്ക് മേൽ സമ്മർദം ചെലുത്തിയതാണ് മത്സരം ഉപേക്ഷിക്കാൻ കാരണമെന്ന് പല കോണിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഇംഗ്ലണ്ട് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും ഒരുമിച്ചാണ് മത്സരം റദ്ദാക്കാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടെങ്കിലും ബിസിസിഐയുടെ ശക്തമായ ആവശ്യത്തെ തുടർന്നാണ് മത്സരം റദ്ദാക്കിയതെന്നാണ് സൂചന.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News