ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം; ഒമാനുമായുള്ള മത്സരത്തിനായി കേരള ടീം സുൽത്താനേറ്റിലേക്കെത്തുന്നു

16 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു; മുഹമ്മദ് അസ്ഹറുദ്ദീൻ നായകൻ

Update: 2025-04-10 15:54 GMT

മസ്‌കത്ത്: മസ്‌കത്തിലെ മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകർന്ന് ഒമാനുമായുള്ള മത്സരത്തിനായി കേരള ടീം സുൽത്താനേറ്റിലേക്കെത്തുന്നു. ആമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന പരമ്പരയിൽ അഞ്ച് ഏകദിന മത്സരങ്ങളാണുണ്ടാകുക. ഏപ്രിൽ 20 മുതൽ 26 വരെയായിരിക്കും മത്സരങ്ങൾ നടക്കുക. വരാനിരിക്കുന്ന സീസണിന് മുന്നോടിയായാണ് ഐസിസി റാങ്കിങിലുള്ള ദേശീയ ടീമിനെ നേരിടാനായി കേരള ടീം ഒമാനിലെത്തുന്നത്.

ഒമാനിൽ പരിശീലന മത്സരങ്ങളിൽ പങ്കെടുക്കുന്ന 16 അംഗ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിനെ നയിക്കുക. ഐപിഎൽ മത്സരം നടക്കുന്നതിനാൽ സഞ്ജു സാംസണും സച്ചിൻ ബേബിയും സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടില്ല.

Advertising
Advertising

മത്സരങ്ങൾക്കുള്ള കേരള ടീമിന്റെ തയ്യാറെടുപ്പ് ക്യാമ്പ് ഏപ്രിൽ 15 മുതൽ 18 വരെ തിരുവനന്തപുരത്ത് നടക്കും. 19ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ടീം അംഗങ്ങൾ ഒമാനിലേക്ക് തിരിക്കും. കഴിഞ്ഞ രജ്ഞി സീസണിൽ തകർപ്പൻ ഫോമിലായിരുന്നു കേരള ടീം. 90 വർഷത്തെ പാരമ്പര്യമുള്ള ടൂർണമെന്റിൽ കന്നികിരീടം ലക്ഷ്യമിട്ടിറങ്ങിയ കേരളത്തെ സമനിലയിൽ തളച്ച് ഒടുവിൽ വിദർഭ കിരീടം ചൂടുകയായിരുന്നു.

ലോകോത്തര മത്സരങ്ങൾ കളിച്ച് പരിചയമുള്ള ഒമാനുമായുള്ള കളി മികച്ച അനുഭവമായിരിക്കും കേരള ടീമിന് സമ്മാനിക്കുക. മത്സരത്തിനുള്ള ഒമാൻ ടീമിനെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. പരിശീലന ക്യാമ്പുകളും നടക്കും. മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളിലേക്ക് കാണികൾക്ക്‌ പ്രവേശനം ഉണ്ടാകുമോയെന്ന് വരും ദിവസങ്ങളിലെ അറിയാൻ കഴിയൂ.

കേരള ടീം അംഗങ്ങൾ: രോഹൻ എസ് കുന്നുമ്മൽ, അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, ഷോൺ റോജർ, ഗോവിന്ദ് ദേവ് ഡി പൈ, അഭിഷേക് പി നായർ, അബ്ദുൽ ബാസിത് പി എ, അക്ഷയ് മനോഹർ, ഷറഫുദീൻ എൻ.എം, നിധീഷ് എം.ഡി, ബേസിൽ എൻ.പി, ഏദൻ അപ്പിൾ ടോം, ശ്രീഹരി എസ് നായർ, ബിജു നാരായണൻ എൻ, മാനവ് കൃഷ്ണ. ഹെഡ് കോച്ച് - അമയ് ഖുറേസിയ, അസിസ്റ്റൻറ് കോച്ച് - രജീഷ് രത്‌നകുമാർ, നിരീക്ഷകൻ - നാസിർ മച്ചാൻ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News