കോഹ്‌ലിയോ വില്ല്യംസണോ കേമൻ..? മോണ്ടി പനേസറിന്റെ മറുപടി ഇങ്ങനെ

'കോഹ്‌ലിയും വില്ല്യംസണും മികച്ചവർ തന്നെയാണ്. ഏതു സാഹചര്യത്തിലും ടീമിനെ രക്ഷിക്കാന്‍ ഇവര്‍ക്കാവും...'

Update: 2021-05-28 05:00 GMT
Advertising

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ്‌ ഫൈനലിൽ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം നടക്കാനിരിക്കെ ഇരു ടീമിന്റെയും നായകന്മാരെ താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍.

കോഹ്‌ലി തന്നെയാണ് കേമൻ എന്ന് ഇന്ത്യൻ വംശജൻ കൂടിയായ മോണ്ടി പനേസര്‍ പറയുന്നു. എങ്കിലും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ കഴിവിന്റെ കാര്യത്തില്‍ രോഹിത് ശര്‍മ്മയെക്കാള്‍ മുകളില്‍ ആണെന്നും മോണ്ടി അഭിപ്രായപ്പെടുന്നു.

'കോഹ്‌ലിയും വില്ല്യംസണും മികച്ചവർ തന്നെയാണ്. ഏതു സാഹചര്യത്തിലും ടീമിനെ രക്ഷിക്കാന്‍ ഇവര്‍ക്കാവും. ടി20, ഏകദിനം എന്നിവ നോക്കിയാല്‍ കോഹ്‌ലി മികച്ച ചേസർ ആണ്. വില്യംസൺ മൂന്നു ഫോര്‍മാറ്റിലും മിടുക്കനാണ്. വില്യംസണിന്റെ പ്രകടനവും കഴിവും നോക്കുകയാണെങ്കിൽ രോഹിത് ശര്‍മയ്ക്ക് മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. പക്ഷേ കോഹ്‌ലിയുമായി താരതമ്യപ്പെടുത്തുമ്പോൾ വില്ല്യംസണ്‍ അല്പം താഴെയാണ്. വില്ല്യംസൺ ഇന്ത്യന്‍ വംശജനായിരുന്നെങ്കില്‍ ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്കു പകരക്കാരനാവേണ്ട തരമായിരുന്നുവെന്നും പനേസര്‍ വിശദമാക്കി.

നേരത്തെ കോഹ്‌ലിയുടെ അത്രയും തന്നെ കഴിവുള്ള താരമാണ് വില്യംസണെന്നും അദ്ദേഹം ഇന്ത്യക്കാരന്‍ അല്ലാത്തതുകൊണ്ടാണ് കൂടുതല്‍ പരിഗണന ലഭിക്കാത്തതെന്നും ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിന്നാലെ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ടും വോണും തമ്മില്‍ ട്വിറ്ററിലൂടെ വാക്‌പോരും നടന്നിരുന്നു. എന്നാല്‍ വോണിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് പനേസര്‍ കൂട്ടിച്ചേര്‍ത്തു

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News