മത്സരശേഷം 'ഹീറ്റായി' ധോണി; കർമ തിരിച്ചടിക്കുമെന്ന് ജഡേജയുടെ 'മറുപടി'-ചെന്നൈ ക്യാംപില്‍ എന്താണ് സംഭവിക്കുന്നത്?

ഡല്‍ഹിക്കെതിരെ ആധികാരിക ജയം നേടിയിട്ടും എന്തിനാണ് ജഡേജയോട് ധോണി കയർക്കുന്നതെന്നാണ് ആരാധകർ സംശയം പ്രകടിപ്പിക്കുന്നത്

Update: 2023-05-21 16:26 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: ഡൽഹി കാപിറ്റൽസിനെ 77 റൺസിന് തകർത്താണ് ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേഓഫിലേക്ക് രാജകീയമായി മാർച്ച് ചെയ്തത്. ഋതുരാജ് ഗെയ്ക്ക്‌വാദും ഡേവൻ കോൺവേയും ചേർന്ന് 223 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് നയിച്ച മത്സരത്തിൽ ഡൽഹി പോരാട്ടം 146ൽ അവസാനിച്ചു. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായി പ്ലേഓഫിലെത്തിയ ചെന്നൈ ചൊവ്വാഴ്ച ഗുജറാത്തിനെ നേരിടും.

അതേസമയം, മത്സരശേഷം ചെന്നൈ നായകൻ മഹേന്ദ്രസിങ് ധോണി സൂപ്പർ താരം രവീന്ദ്ര ജഡേജയോട് കയർക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചയ്ക്കു വഴിമരുന്നിട്ടിരിക്കുകയാണ്. ജഡേജയോട് എന്തൊക്കെയോ രൂക്ഷമായ ഭാഷയിൽ ധോണി പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ, ഇത് ഒട്ടും രസിച്ചിട്ടില്ലെന്ന് ജഡേജയുടെ ഭാവപ്രകടനത്തിൽനിന്നു വ്യക്തമാണ്.

ഇതിനു പിന്നാലെ ഇപ്പോൾ ജഡേജ ട്വിറ്ററിൽ കുറിച്ച ഒരു പോസ്റ്റ് കൂടിയായതോടെ ചെന്നൈ ക്യാംപിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന തരത്തിലും ചർച്ചകൾ സജീവമാകുകയാണ്. 'വേഗത്തിലല്ലെങ്കിൽ അൽപം വൈകിയാലും കർമ തിരിച്ചടിക്കുക തന്നെ ചെയ്യും' എന്നു പറയുന്ന സോഷ്യൽ മീഡിയ കാർഡ് പങ്കുവച്ചാണ് ജഡേജയുടെ ട്വീറ്റ്. 'തീർച്ചയായും' എന്ന് തമ്പോടെ അടിക്കുറിപ്പും ചേർത്തിട്ടുണ്ട്.

ആധികാരികമായി വിജയം നേടിയിട്ടും എന്തിനാണ് ജഡേജയോട് ധോണി കയർക്കുന്നതെന്നാണ് ആരാധകർ സംശയം പ്രകടിപ്പിക്കുന്നത്. ചെന്നൈ നിരയിൽ എല്ലൗ ബൗളർമാരും അച്ചടക്കത്തോടെ പന്തെറിഞ്ഞ മത്സരത്തിൽ ജഡേജ നന്നായി തല്ലുവാങ്ങിയിരുന്നു. 13-ാം ഓവറിൽ ഡേവിഡ് വാർണറും അക്‌സർ പട്ടേലും ചേർന്ന് അടിച്ചുകൂട്ടിയ 23 റൺസടക്കം നാല് ഓവറിൽ 50 റൺസാണ് താരം വഴങ്ങിയത്. ഓവറിനിടയിലും ധോണി ജഡേജയുടെ അടുത്തെത്തി നിർദേശങ്ങൾ നൽകിയിരുന്നു.

കഴിഞ്ഞ സീസണിലും ചെന്നൈ മാനേജ്‌മെന്റുമായി നല്ല നിലയിലായിരുന്നില്ല ജഡേജ. ആദ്യം ജഡേജയെ ധോണിയുടെ പകരക്കാരനായി ക്യാപ്റ്റനായി പ്രഖ്യാപിച്ചെങ്കിലും ടീമിന്റെ മോശം പ്രകടനം തിരിച്ചടിയായി. ഒടുവിൽ ക്യാപ്റ്റൻസി ധോണി തന്നെ തിരിച്ചെടുക്കുകയായിരുന്നു. പിന്നാലെ, ജഡേജ സീസൺ പൂർത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇത്തവണ മിക്ക മത്സരങ്ങളിലും ധോണിക്ക് മുൻപ് ഇറങ്ങുന്ന ജഡേജ ഔട്ടാകുമ്പോൾ ചെന്നൈ ആരാധകർ ആഘോഷിക്കുന്നതിനെക്കുറിച്ചും താരം പ്രതികരിച്ചിരുന്നു.

Summary: 'Karma will get back at you': Ravindra Jadeja shares cryptic post after heated chat with MS Dhoni after the match against DC

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News