ന്യൂസിലൻഡ് പുറത്തായത് 108 റൺസിന്; ഏകദിനത്തിലെ കുറഞ്ഞ ടോട്ടലുകൾ, ടീമുകൾ

ഏകദിനത്തിൽ കിവികൾ ഇന്ത്യക്കെതിരെ നേടുന്ന ഏറ്റവും ചെറിയ ടോട്ടലാണ് ഇന്നത്തേത്

Update: 2023-01-21 15:12 GMT
Advertising

ഇന്ത്യക്കെതിരെ സന്ദർശകരായ ന്യൂസിലൻഡ് ഇന്ന് നടന്ന ഏകദിനത്തിൽ കേവലം 108 റൺസ് മാത്രമാണ് നേടിയത്. ഇതോടെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടക്കുകയും പരമ്പര നേടുകയും ചെയ്തിരിക്കുകയാണ്. ഏകദിനത്തിൽ കിവികൾ ഇന്ത്യക്കെതിരെ നേടുന്ന ഏറ്റവും ചെറിയ ടോട്ടലാണ് ഇന്നത്തേത്. ഈ സാഹചര്യത്തിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ചെറിയ ടോട്ടലുകളും അവ നേടിയ ടീമുകളും ഏതൊക്കെയാണെന്ന് നോക്കാം... (സ്‌കോർ, ടീം, എതിർടീം, വർഷം എന്ന ക്രമത്തിൽ)

  • 35- സിംബാബ്‌വേ - ശ്രീലങ്ക-2004
  • 35 - യു.എസ്.എ -നേപ്പാൾ -2020
  • 36 - കാനഡ - ശ്രീലങ്ക -2003
  • 38 - സിംബാബ്‌വേ - ശ്രീലങ്ക - 2001
  • 43 - ശ്രീലങ്ക - ദക്ഷിണാഫ്രിക്ക - 2012
  • 43 - പാകിസ്താൻ - വെസ്റ്റിൻഡീസ് - 1993
  • 44 - സിംബാബ്‌വേ - ബംഗ്ലാദേശ് - 2009
  • 45 - കാനഡ - ഇംഗ്ലണ്ട് - 1979
  • 45 - നമീബിയ - ആസ്‌ത്രേലിയ - 2003
  • 54 - ഇന്ത്യ - ശ്രീലങ്ക - 2000

2014-ൽ മിർപൂരിൽ ബംഗ്ലാദേശിനെ 58 റൺസിന് പുറത്താക്കിയതാണ് ഇന്ത്യ ഒരു ടീമിനെ ഒതുക്കിയ ഏറ്റവും കുറഞ്ഞ സ്‌കോർ. ഈ മത്സരം സ്റ്റുവർട്ട് ബിന്നിയുടെ വിഖ്യാതമായ ആറ് വിക്കറ്റ് നേട്ടത്തിനും സാക്ഷ്യം വഹിച്ചിരുന്നു. ഒരു ഇന്ത്യൻ ബൗളറുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഏകദിന പ്രകടനമാണിത്.

കിവികളെ എറിഞ്ഞൊതുക്കി ഇന്ത്യൻ ബൗളർമാർ; റണ്ണടിച്ച് കൂട്ടി ഓപ്പണർമാർ

ന്യൂസിലൻഡിനെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞൊതുക്കിയ രണ്ടാം ഏകദിനത്തിലെ വിജയലക്ഷ്യം നീലപ്പട 21 ഓവറിൽ മറികടന്നിരുന്നു. ന്യൂസിലൻഡ് 34.3 ഓവറിൽ നേടിയ 108 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 20.1 ഓവറിൽ 111 റൺസാണ് ടീം നേടിയത്. നായകൻ രോഹിത് ശർമ അർധ സെഞ്ച്വറിയും ശുഭ്മാൻ ഗിൽ 40 റൺസും അടിച്ചുകൂട്ടി. ഇതോടെ ശ്രീലങ്കക്കെതിരെയുള്ള പരമ്പര വിജയങ്ങൾക്ക് ശേഷം മറ്റൊരു വിജയഗാഥ കൂടി ടീം ഇന്ത്യ നേടി. നേരത്തെ ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിലും ടീം ജയിച്ചിരുന്നു. ഇന്ത്യൻ നിരയിൽ 50 പന്തിൽ 51 റൺസ് നേടിയ ഹിറ്റ്മാന്റെ വിക്കറ്റാണ് ആദ്യം വീണത്. ഹെൻറി ഷിപ്ലേ നായകനെ എൽ.ബി.ഡബ്ല്യൂവിൽ കുരുക്കുകയായിരുന്നു. ശേഷമിറങ്ങിയ വിരാട് കോഹ്ലി 11 റൺസ് നേടി പുറത്തായി. മിച്ചൽ സാൻറ്നറുടെ പന്തിൽ ടോം ലാതം സ്റ്റംപ് ചെയ്യുകയായിരുന്നു. നാലാമതിറങ്ങിയ ഇഷാൻ കിഷൻ 8 റൺസ് നേടി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത രോഹിതിന്റെ തീരുമാനം നൂറുവട്ടം ശരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹർദിക് പാണ്ഡ്യ, വാഷിംഗ്ഡൺ സുന്ദർ, ഓരോ വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യ, ഷർദുൽ താക്കൂർ എന്നിവർ സന്ദർശകർക്ക് ഒരവസരവും നൽകിയില്ല. കിവിപ്പടയിലെ മൂന്നു പേർ മാത്രമാണ് രണ്ടക്കം കണ്ടത്. 36 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സാണ് ടോപ് സ്‌കോററർ.

11 ഓവറിൽ 15 റൺസിന് കിവികളുടെ അഞ്ച് വിക്കറ്റുകൾ വീണിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഫിൻ അലനെ പൂജ്യത്തിന് വീഴ്ത്തി ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് ആറാം ഓവറിൽ മുഹമ്മദ് സിറാജ് രണ്ട് റൺസ് മാത്രമെടുത്ത ഹെൻട്രി നിക്കോളോസിനെ വീഴ്ത്തി. ഏഴാം ഓവറിൽ ഡാരിൽ മിച്ചലിനെ തന്റെ തന്നെ പന്തിൽ ഷമി പിടികൂടി.

ഓപ്പണറായ ഡിവോൺ കോൺവോയെ പത്താം ഓവറിൽ തന്റെ തന്നെ പന്തിൽ ഹർദികും പിടികൂടി. അതിശയകരമായ ക്യാച്ചിലൂടെയാണ് കോൺവോയെ ഹർദിക് തിരിച്ചയച്ചത്. 10.3 ഓവറിൽ ക്യാപ്റ്റനും വിക്കറ്റ്കീപ്പറുമായ ടോം ലാതമിനെ ഷർദുൽ താക്കൂറിനെ ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ചതോടെ ന്യൂസിലൻഡ് മുൻനിരയുടെ പതനം പൂർണമായി. കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ മൈക്കൽ ബ്രാസ്വെല്ലിന്റെ സുപ്രധാന വിക്കറ്റും മികച്ച ഫോമിലുള്ള ഷമി 19ാം ഓവറിൽ വീഴ്ത്തി. 30 പന്തിൽ 22 റൺസ് നേടിയ താരത്തെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടർന്ന് ചെറിയ കൂട്ടുകെട്ട് പടുത്തുയർത്താൻ ഗ്ലെൻ ഫിലിപ്സും മിച്ചൽ സാൻറനറും ശ്രമിച്ചെങ്കിലും ഹർദിക് പാണ്ഡ്യയും വാഷിംഗ്ഡൺ സുന്ദറും ഇന്ത്യയുടെ രക്ഷക്കെത്തി. 36 റൺസ് നേടിയ ഫിലിപ്സിനെ സുന്ദർ സൂര്യകുമാറിന്റെ കൈകളിലെത്തിച്ചു. സാൻറനറെ ഹർദിക് ബൗൾഡാക്കി. ഒരു റൺ നേടിയ ലോക്കി ഫെർഗൂസനെയു സുന്ദർ വീഴ്ത്തി. സൂര്യകുമാറിനായിരുന്നു ക്യാച്ച്. ബ്ലയർ ടിക്നറെ കുൽദീപ് യാദവ് എൽ.ബി.ഡബ്ല്യൂവിൽ കുരുക്കി.

ബുധനാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്രാ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 12 റൺസിന് വിജയിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിംഗിൽ 337 റൺസ് വരെയെത്തി കിവികൾ പരാജയം സമ്മതിക്കുകയായിരുന്നു. മത്സരത്തിൽ ബാറ്റുകൊണ്ട് കാര്യമായ പിന്തുണ നൽകാൻ ഒരാളുമില്ലാതിരുന്നിട്ടും ഗിൽ തന്റെ വൺമാൻ ഷോയിലൂടെ കളം പിടിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്ററെന്ന നേട്ടവും ഒരുപിടി റെക്കോർഡുകളുമായി ഗിൽ എട്ടാം വിക്കറ്റായി മടങ്ങുമ്പോഴേക്കും ഇന്ത്യ കൂറ്റൻ സ്‌കോറിലേക്കെത്തിയിരുന്നു. 149 പന്തിൽ ഒൻപത് സിക്‌സറും 19 ബൌണ്ടറികളുമുൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ച്വറി ഇന്നിങ്‌സ്.

ബൗളിംഗിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജ് കിവിപ്പടയെ ഒതുക്കുകയായിരുന്നു. 10 ഓവറിൽ 46 റൺസ് വിട്ടു നൽകി നാല് സുപ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അടുത്ത ഏകദിനം ജനുവരി 24ന് ഇന്ദോറിൽ നടക്കും. അതിനുശേഷം മൂന്നു മത്സര ട്വന്റി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും.

Lowest Totals in ODIs, Teams

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News