നാലാം ഓവറിൽ തന്നെ വാർണർ പുറത്ത്; ഉറക്കിൽനിന്ന് ഞെട്ടിയുണർന്ന് ലബുഷൈൻ-ചിരിപടർത്തി വിഡിയോ

സിറാജിന്റെ ലെങ്ത് ബൗളിൽ ബാറ്റിൽ എഡ്ജായി വാർണറിനെ വിക്കറ്റ് കീപ്പർ കെ.എസ് ഭരത് പിടികൂടുന്ന രംഗം കണ്ടാണ് ലബുഷൈന്‍ ഞെട്ടിയുണരുന്നത്

Update: 2023-06-09 15:28 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ മൂന്നാം ദിനം ചിരി പടർത്തി ഓസീസ് താരം മാർനസ് ലബുഷൈൻ. ഇന്ത്യയെ 294 റൺസിന് ഓൾഔട്ടാക്കിയ ശേഷം ഡ്രെസിങ് റൂമിൽ ഉറങ്ങാൻ പോയ ലബുഷൈനാണ് കാമറാമാന്റെ വക 'പണികിട്ടിയത്'. ആസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിനിടെ താരം തൂങ്ങിയുറങ്ങുന്നതിന്റെയും ഡേവിഡ് വാർണർ ഔട്ടായതറിഞ്ഞ് ഞെട്ടിയെണീക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

173 റൺസ് ലീഡിന്റെ ആത്മവിശ്വാസവുമായാണ് ആസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയത്. ഓപണർമാരായ ഉസ്മാൻ ഖവാജയും ഡേവിഡ് വാർണറും ബാറ്റ് ചെയ്യാനിറങ്ങിയപ്പോൾ മൂന്നാമനായി ഇറങ്ങേണ്ട ലബുഷൈൻ പതുക്കെ ഡ്രെസിങ് റൂമിൽ കസേരയിൽ ഇരിപ്പുറപ്പിച്ച് പതുക്കെ മയക്കത്തിലേക്കു വീണു. പാഡ് ധരിച്ചായിരുന്നു മയക്കം. ഉറക്കം നീണ്ടതോടെ കൗതുകം തോന്നി കാമറാമാൻ ദൃശ്യങ്ങൾ പകർത്തുകയും ബ്രോഡ്കാസ്റ്റിങ് ടീം അതു തത്സമയം പുറത്തുവിടുകയും ചെയ്തു.

ഏറെനേരം തനിക്കുനേരെ കാമറ തിരിച്ചുവച്ചിട്ടും ഉറക്കത്തിന്റെ ആഴത്തിൽ താരം ഇക്കാര്യം അറിഞ്ഞില്ല. ഇതിനിടെയാണ് നാലാം ഓവറിൽ സിറാജിന്റെ ലെങ്ത് ബൗളിൽ ബാറ്റിൽ എഡ്ജായി വാർണറിനെ വിക്കറ്റ് കീപ്പർ കെ.എസ് ഭരത് പിടികൂടുന്നത്. വീണ്ടും കാമറ ലബുഷൈനുനേരെ തിരിഞ്ഞു. പെട്ടെന്നാണ് വാർണർ ഔട്ടായി മടങ്ങുന്ന രംഗം കണ്ട് താരം ഞെട്ടിയെണീക്കുന്നത്. ഉടൻ ഹെൽമെറ്റും ധരിച്ച് ക്രീസിലേക്ക് നടക്കുകയായിരുന്നു ലബുഷൈൻ.

നേരത്തെ, ഇന്ത്യയുടെ ബാറ്റിങ്ങിനിടയിൽ ഓസീസ് താരങ്ങൾക്ക് അമളി പറ്റിയതും ചിരിയുണർത്തിയിരുന്നു. ഇന്ത്യൻ ഇന്നിങ്‌സിൽ പതിനൊന്നാമനായി ഇറങ്ങിയ മുഹമ്മദ് സിറാജ് ഔട്ടായെന്ന് കരുതി ഡ്രെസിങ് മടങ്ങിയ ആസ്‌ട്രേലിയൻ താരങ്ങൾക്കാണ് അമളി പിണഞ്ഞത്. ഡി.ആർ.എസിൽ ഔട്ടല്ലെന്നു വ്യക്തമായതോടെ താരങ്ങൾ തിരിച്ച് ഗ്രൗണ്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

ഇന്ത്യ ഒൻപതിന് 294 എന്ന നിലയിൽ നിൽക്കെയായിരുന്നു സംഭവം. കാമറോൺ ഗ്രീൻ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് പ്രതിരോധിക്കാനുള്ള സിറാജിന്റെ ശ്രമം പാളി. എൽ.ബി.ഡബ്ല്യൂവാണെന്ന് ധരിച്ച് ഗ്രീനും ഓസീസ് താരങ്ങളും അപ്പീൽ ചെയ്തു. അംപയർ ഔട്ട് നൽകുകയും ചെയ്തതോടെ ഒന്നും നോക്കാതെ ഓസീസ് താരങ്ങൾ ഗ്രൗണ്ട് വിട്ടു.

സിറാജ് ഡി.ആർ.എസ് അപ്പീൽ നൽകിയിട്ടും ഫലം അറിയാൻ കാത്തുനിൽക്കാതെ അമിത ആത്മവിശ്വാസത്തിലായിരുന്നു ഓസീസ് താരങ്ങളുടെ നടപടി. ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, റിവ്യൂ പരിശോധനയിൽ സിറാജിന്റെ ബാറ്റിൽ പന്ത് തട്ടിയെന്ന് വ്യക്തമായതോടെ അംപയർക്ക് തീരുമാനം മാറ്റേണ്ടിവന്നു. ഇതോടെയാണ് ഡഗ്ഗൗട്ടിലെത്തിയ ഓസീസ് താരങ്ങൾക്ക് തിരിച്ച് ഗ്രൗണ്ടിലേക്കു തന്നെ മടങ്ങേണ്ടിവന്നത്. രണ്ടാം ഇന്നിങ്‌സ് ഓപൺ ചെയ്യാനായി ഖവാജയും വാർണറും ഇതിനകം പാഡ് അണിയുക കൂടി ചെയ്തിരുന്നുവെന്നതാണ് രസകരം.

Summary: Australian Cricketer Marnus Labuschagne caught sleeping in dressing room, wakes up in hurry after David Warner's wicket

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News