''ഏറ്റവും മികച്ച മൂന്ന് പേസ് ബൗളർമാരിലൊരാൾ''; മുഹമ്മദ് ഷമിക്ക് വാഴ്ത്തുമായി വീണ്ടും കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് സ്വന്തം അക്കൗണ്ടിലാക്കിയ ഷമി ആദ്യ ഇന്നിങ്‌സിലെ അഞ്ചുവിക്കറ്റ് നേട്ടത്തിന്റെ അകമ്പടിയോടെ എട്ടുവിക്കറ്റാണ് സെഞ്ചൂറിയനിൽ പിഴുതെടുത്തത്

Update: 2021-12-30 13:47 GMT
Editor : Shaheer | By : Web Desk

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ വാഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചരിത്രവിജയത്തിനു പിറകെയാണ് കോഹ്ലിയുടെ പ്രശംസ. നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് പേസർമാരിലൊരാളാണ് ഷമിയെന്ന് മത്സരശേഷം കോഹ്ലി പ്രതികരിച്ചു.

''ലോകോത്തര പ്രതിഭയാണ് ഷമി. എന്റെ അഭിപ്രായത്തിൽ നിലവിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് പേസ് ബൗളർമാരിലൊരാളാണ് അദ്ദേഹം. താരത്തിന്റെ ശക്തമായ കൈക്കുഴയും സീം പൊസിഷനും തുടർച്ചയായി ലെങ്ത്ത് ബൗളുകളെറിയാനുള്ള ശേഷിയുമെല്ലാം എടുത്തുപറയേണ്ടതാണ്. കളിയുടെ ഫലത്തെ സ്വാധീനിക്കുന്ന തരത്തിൽ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കാനായതിൽ അതിയായ സന്തോഷമുണ്ട്..'' കോഹ്ലി പറഞ്ഞു.

Advertising
Advertising

ആദ്യ ഇന്നിങ്‌സിൽ ഷമിയുടെ അഞ്ചുവിക്കറ്റ് നേട്ടത്തിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ 197 എന്ന ടോട്ടലിൽ ചുരുട്ടിക്കെട്ടിയത്. ഇന്ത്യൻ പേസ്‌നിരയുടെ കുന്തമുന ജസ്പ്രീത് ബുംറയ്ക്ക് കാര്യമായൊന്നും ചെയ്യാനാകാതിരുന്നപ്പോഴായിരുന്നു ഷമിയുടെ സൂപ്പർ പ്രകടനം. രണ്ടാം ഇന്നിങ്‌സിൽ മൂന്നു വിക്കറ്റ് കൂടി നേടി ഇന്ത്യയുടെ ഐതിഹാസികജയത്തിൽ നിർണായകറോൾ വഹിക്കാനായി താരത്തിന്. ഇതോടൊപ്പം ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റും താരം സ്വന്തം അക്കൗണ്ടിലാക്കി.

ഓപണിങ്ങിൽ കെഎൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് ടീമിന് നൽകിയ മികച്ച തുടക്കത്തെയും നായകൻ പ്രത്യേകം പ്രശംസിച്ചു. ആദ്യ ഇന്നിങ്‌സിൽ കെഎൽ രാഹുലിന്റെ സെഞ്ച്വറി പ്രകടനവും മായങ്ക് അഗർവാളിന്റെ അർധസെഞ്ച്വറിയും ഇന്ത്യൻ ജയത്തിൽ നിർണായകമാണ്. മികച്ച തുടക്കമാണ് രണ്ടുപേരും ചേർന്ന് ടീമിന് നൽകിയതെന്നും വിദേശപിച്ചുകളിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News