'ഇനി ഇന്ത്യയ്ക്ക് വേണ്ടി കളിക്കില്ല; മറ്റു രാജ്യങ്ങളിൽ അവസരം നോക്കുന്നു'-വെളിപ്പെടുത്തി ഇന്ത്യൻ താരം

''ഇന്ത്യയിൽ 30 വയസ് കഴിഞ്ഞാൽ പിന്നെ ഭ്രഷ്ടാണ്. തെരുവിലൂടെ നടക്കുന്ന 80 വയസൊക്കെ പ്രായമായവരെപ്പോലെയാണ് ആളുകൾ ഞങ്ങളെ നോക്കുന്നത്'

Update: 2023-01-15 10:59 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: ഇന്ത്യയിൽ 30 വയസായാൽ 80 കടന്നവരെപ്പോലെയാണ് ആളുകൾ പെരുമാറുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയ്. ഇനി ഇന്ത്യയ്ക്ക് വേണ്ടി കളിക്കില്ലെന്നും വിദേശത്ത് എവിടെയെങ്കിലും കളിക്കാൻ അവസരമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും താരം വെളിപ്പെടുത്തി.

'സ്‌പോർട്‌സ്‌സ്റ്റാറി'ന്റെ പ്രതിവാര ഷോയിൽ മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണിനോടായിരുന്നു മുരളിയുടെ തുറന്നുപറച്ചിൽ. 'ബി.സി.സി.ഐയുമായുള്ള എന്റെ ബന്ധം ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. വിദേശത്തെ അവസരങ്ങൾ അന്വേഷിക്കുകയാണിപ്പോൾ. ക്രിക്കറ്റിൽ കുറച്ചുകൂടി മത്സരരംഗത്ത് തുടരണമെന്ന് ആഗ്രഹിക്കുന്നു.'-38കാരൻ വ്യക്തമാക്കി.

'ഇന്ത്യയിൽ 30 വയസ് കഴിഞ്ഞാൽ പിന്നെ ഭ്രഷ്ടാണ്. തെരുവിലൂടെ നടക്കുന്ന 80 വയസ് പ്രായമുള്ളവരെപ്പോലെയാണ് ആളുകൾ ഞങ്ങളെ നോക്കുന്നത്. ഇക്കാര്യം മാധ്യമങ്ങളും കുറച്ചു വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. മുപ്പതുകളിലാണ് മനുഷ്യർ (കരിയറിന്‍റെ) ഉച്ചിയിലെത്തുന്നതെന്നാണ് എനിക്കു തോന്നുന്നത്.'

ഇനിയും എനിക്ക് നന്നായി ബാറ്റ് ചെയ്യാനാകുമെന്ന് ഇപ്പോൾ ഇവിടെ ഇരുന്നുകൊണ്ട് എനിക്ക് പറയാനാകുമെന്നും മുരളി വിജയ് പറഞ്ഞു. എന്നാൽ, നിർഭാഗ്യകരമെന്നോണം ഇവിടെ അവസരങ്ങൾ വളരെ കുറവാണ്. എനിക്കിപ്പോൾ പുറത്ത് അവസരം നോക്കേണ്ട സ്ഥിതിയാണ്. സ്വന്തം കൈയിലുള്ളതേ ആർക്കും ചെയ്യാനാകൂവെന്നാണ് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നത്. അനിയന്ത്രിതമായ കാര്യങ്ങളെ ആർക്കും നിയന്ത്രിക്കാനാകില്ല. നടന്നതെല്ലാം നടന്നുവെന്നും മുരളി വിജയ് കൂട്ടിച്ചേർത്തു.

2018 ഡിസംബറിലാണ് മുരളി അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്. ആസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു ഇത്. 2019ൽ തമിഴ്‌നാടിനു വേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ചതായിരുന്നു ആഭ്യന്തര ക്രിക്കറ്റിലെ അവസാന മത്സരം. 2020ൽ ചെന്നൈയിൽ സി.എസ്.കെയ്ക്കു വേണ്ടിയായിരുന്നു അവസാനമായി ഐ.പി.എല്ലിൽ കളിച്ചത്.

ഇന്ത്യയ്ക്കു വേണ്ടി 61 ടെസ്റ്റ് മത്സരങ്ങൾ കളിച്ച മുരളി 3,928 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 17 ഏകദിനങ്ങളിൽനിന്ന് 339 റൺസും നേടി. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ഡെയർഡെവിൽസ്, പഞ്ചാബ് കിങ്‌സ് കുപ്പായങ്ങളിലും കളിച്ചിട്ടുണ്ട്.

Summary: 'Almost done with BCCI': Murali Vijay says he is looking for opportunities abroad

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News