പ്ലാൻ ചെയ്തതൊന്നും നടന്നില്ല; തോൽവിയിൽ പ്രതികരിച്ച് സഞ്ജു സാംസൺ

ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ റൺസ് സ്‌കോർ ചെയ്യുന്നതിനേക്കാൾ ടീം ജയിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്

Update: 2021-10-08 06:08 GMT
Editor : abs | By : Web Desk

ദുബായ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള കനത്ത തോൽവിയിൽ പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു വി സാംസൺ. കൂടുതൽ കളികൾ ജയിക്കാൻ മികച്ച ക്രിക്കറ്റ് തന്നെ പുറത്തെടുക്കേണ്ടതുണ്ടെന്ന് മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ സഞ്ജു പറഞ്ഞു. കളത്തിൽ പ്ലാൻ ചെയ്തതൊന്നും നടപ്പായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

' ആത്മാർത്ഥമായി പറയട്ടെ, ഇത് മികച്ച വിക്കറ്റായിരുന്നു. 171 ചേസ് ചെയ്യാൻ കഴിയുന്ന ലക്ഷ്യമായിരുന്നു. മികച്ച തുടക്കവും ശക്തമായ പവർ പ്ലേയും ലഭിക്കേണ്ടതുണ്ടായിരുന്നു. കാര്യങ്ങൾ പ്ലാൻ ചെയ്ത പോലെ നടന്നില്ല. ഈ സീസണിൽ നിരവധി വെല്ലുവിളികളിലൂടെയാണ് ടീം കടന്നു പോയത്. താരങ്ങളിൽ അഭിമാനമാണുള്ളത്' - അദ്ദേഹം പറഞ്ഞു.

Advertising
Advertising

ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ റൺസ് സ്‌കോർ ചെയ്യുന്നതിനേക്കാൾ ടീം ജയിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് സഞ്ജു വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയിൽ ബാറ്റിങ് ശൈലി തന്നെ മാറ്റിയിട്ടുണ്ട്. സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ബാറ്റു വീശുന്നത്- താരം കൂട്ടിച്ചേർത്തു. 14 കളികളിൽ നിന്ന് 40.33 ശരാശരിയിൽ ഇതുവരെ 484 റൺസാണ് മലയാളി താരം സ്‌കോർ ചെയ്തിട്ടുള്ളത്. 

കൊൽക്കത്തയ്‌ക്കെതിരെ 86 റൺസിനാണ് രാജസ്ഥാൻ തോറ്റത്. കൊൽക്കത്ത ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 16.1 ഓവറിൽ 85 റൺസിന് ഓൾഔട്ടായി. തുടർച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരമായി. രാജസ്ഥാൻ നിരയിൽ എട്ടു പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. മൂന്നു പേർ സംപൂജ്യരായി. 36 പന്തിൽ നിന്ന് 44 റൺസെടുത്ത രാഹുൽ തെവാട്ടിയ മാത്രമാണ് രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News