'മതപാഠങ്ങൾ അനുസരിച്ചു ജീവിക്കാന്‍ ആഗ്രഹം'; വിരമിക്കൽ പ്രഖ്യാപിച്ച് പാക് യുവ ക്രിക്കറ്റര്‍ ആയിഷ നസീം
വിരമിക്കൽ തീരുമാനത്തിൽനിന്നു പിന്തിരിപ്പിക്കാൻ പാക് ക്രിക്കറ്റ് ബോർഡ് നിരവധി തവണ ശ്രമിച്ചെങ്കിലും ആയിഷ പിന്മാറാൻ കൂട്ടാക്കിയിട്ടില്ല
ഇസ്‌ലാമാബാദ്: മതപരമായ കാരണങ്ങളാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്താൻ യുവതാരം ആയിഷ നസീം. 18-ാം വയസിലാണ് സൂപ്പർതാരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിരമിക്കൽ തീരുമാനം അറിയിച്ച് പാക് ക്രിക്കറ്റ് ബോർഡിന്(പി.സി.ബി) കത്ത് നൽകിയിട്ടുണ്ട്.
മതാധ്യാപനങ്ങൾ അനുസരിച്ച് തുടർജീവിതം നയിക്കാനാണ് താൽപര്യപ്പെടുന്നതെന്നും ഇതിനാൽ സജീവ ക്രിക്കറ്റിൽനിന്ന് മാറിനിൽക്കുകയുമാണെന്നാണ് താരം വിശദീകരിച്ചിട്ടുള്ളത്. മക്കൾക്കിടയിൽ താൻ മോശം സ്വാധീനം ചെലുത്തുന്നതായി രക്ഷിതാക്കൾ തന്നോട് പരാതിപ്പെട്ടിട്ടുണ്ടെന്ന് ആയിഷ പ്രതികരിച്ചത്. അബൊട്ടാബാദ് സ്വദേശിയായ ആയിഷ നാട്ടിലെ പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് കറാച്ചിയിലേക്ക് താമസംമാറ്റിയിരുന്നു. ഇവിടത്തെ ടീമുകളിൽ കളിച്ചാണ് ദേശീയ ടീമിലെത്തുന്നത്.
മീഡിയം ഫാസ്റ്റ് ഓൾറൗണ്ടറാണ് ആയിഷ നസീം. 2020 മാർച്ചിലാണ് ആയിഷ പാകിസ്താൻ ദേശീയ വനിതാ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. ഇതിനുശേഷം നാല് ഏകദിനങ്ങളും 30 ടി20 മത്സരങ്ങളും രാജ്യത്തിനായി കളിച്ചിട്ടുണ്ട്. മധ്യനിരയിൽ ബാറ്റ് ചെയ്യുന്ന താരം 400ലേറെ റൺസും നേടിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി ആസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയിൽ നടന്ന വെടിക്കെട്ട് ബാറ്റിങ്ങിലൂടെയാണ് ആയിഷ ശ്രദ്ധനേടുന്നത്. മൂന്നും സിക്‌സറും ഒരു ഫോറും പറത്തി ചുരുങ്ങിയ പന്തുകളിൽ 24 റൺസെടുത്തു മത്സരത്തിൽ താരം. വലിയൊരു പ്രതിഭയാണിതെന്നു പറഞ്ഞ് അന്ന് പാക് ക്രിക്കറ്റ് ഇതിഹാസം വസീം അക്രം ആയിഷയുടെ ബാറ്റിങ് വിഡിയോ പങ്കുവച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ടി20 ലോകകപ്പിലാണ് അവസാനമായി ദേശീയ കുപ്പായത്തിൽ കളിക്കുന്നത്. അതേസമയം, വിരമിക്കൽ തീരുമാനത്തിൽനിന്നു പിന്തിരിപ്പിക്കാൻ പാക് ക്രിക്കറ്റ് ബോർഡ് നിരവധി തവണ ശ്രമിച്ചെങ്കിലും ആയിഷ കൂട്ടാക്കിയിട്ടില്ലെന്ന് 'ക്രിക്ബസ്' റിപ്പോർട്ട് ചെയ്തു. പി.സി.ബി ഇതുവരെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. വിരമിക്കൽ ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്.
Summary: Pakistan women's cricketer Ayesha Naseem retires from international cricket for religious reasons