ചതിയൻ സഞ്ജു!? രോഹിത് ഔട്ടല്ലേ?-വിവാദത്തില്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പുതിയ വിഡിയോ

സഞ്ജുവിന്‍റെ ഗ്ലൗ തട്ടിയാണ് ബെയിൽസ് ഇളകിയതെന്നാണ് മുംബൈ ആരാധകർ വാദിക്കുന്നത്

Update: 2023-05-01 06:34 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാനെതിരെ റെക്കോർഡ് ജയം സ്വന്തമാക്കിയതിനു പിന്നാലെ പുതിയ വിവാദം പുകയുന്നു. മുംബൈ നായകൻ രോഹിത് ശർമയുടെ ഔട്ടുമായി ബന്ധപ്പെട്ടാണ് വിവാദം. രോഹിത് ഔട്ടായിരുന്നില്ലെന്നും രാജസ്ഥാൻ നായകൻ കൂടിയായ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിൻരെ ഗ്ലൗ തട്ടിയാണ് ബെയിൽ ഇളകിയതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ, രോഹിത് കൃത്യമായും ഔട്ടാണെന്ന് വ്യക്തമാക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറിക്കരുത്തിൽ 213 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് രാജസ്ഥാൻ മുംബൈക്കെതിരെ ഉയർത്തിയത്. എന്നാൽ, മറുപടി ബാറ്റിങ് തുടങ്ങി രണ്ടാം ഓവറിൽ തന്നെ രോഹിത് വീണു. സന്ദീപ് ശർമ എറിഞ്ഞ ഓവറിലെ അവസാന പന്തിലാണ് ബൗൾഡായി രോഹിത് വീണത്. വെറും മൂന്നു റൺസുമായായിരുന്നു മുംബൈ നായകന്റെ മടക്കം.

സന്ദീപിന്റെ നക്ക്ൾ ബൗളിനെ ബാക്ക് ഫൂട്ടിലേക്കിറങ്ങി ആക്രമിക്കാനായിരുന്നു രോഹിത് നോക്കിയത്. എന്നാൽ, താരത്തെ കബളിപ്പിച്ച് കടന്നുപോയ പന്ത് ബെയിൽസ് ഇളക്കിയെങ്കിലും താഴെ വീണില്ല. തുടർന്ന് പന്ത് സഞ്ജു കൈയിലൊതുക്കിയ ശേഷമാണ് ബെയിൽസ് ഇളകി താഴെവീണത്. പിന്നാലെ സഞ്ജുവും സന്ദീപും ആഘോഷവും തുടങ്ങി. അൽപം പകച്ചുനിന്ന ശേഷം റിവ്യൂവിനൊന്നും നിൽക്കാതെ രോഹിത് പവലിയനിലേക്ക് മടങ്ങുകയായിരുന്നു.

എന്നാൽ, സഞ്ജുവിന്റെ ഗ്ലൗ തട്ടിയാണ് ബെയിൽ ഇളകിയതെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വാദിക്കുന്നത്. പാഡ് തട്ടിയാണ് ബെയിൽ താഴെ വീണതെന്ന് ഒരു വിഭാഗവും വാദിച്ചു. മുൻഭാഗത്തുനിന്നുള്ള ദൃശ്യങ്ങളും ഇത്തരം വാദങ്ങളെ ശരിവയ്ക്കുന്നതായിരുന്നു. സ്ലോ ബൗളുകളാണ് സന്ദീപ് എറിഞ്ഞിരുന്നതെന്നതിനാൽ സംപിനടുത്തായിരുന്നു സഞ്ജു നിലയുറപ്പിച്ചിരുന്നത്. ഇതും മുംബൈ ആരാധകരുടെ ആരോപണങ്ങൾക്ക് ബലം നൽകുന്നതായിരുന്നു.

എന്നാൽ, വിക്കറ്റിന്റെ പാർശ്വഭാഗത്തുനിന്നുള്ള പുതിയ വിഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ സ്റ്റംപിൽനിന്ന് ഏറെയകലെയാണ് സഞ്ജു നിന്നിരുന്നതെന്ന് വ്യക്തമാണ്. താരത്തിന്റെ ഗ്ലൗവും സ്റ്റംപിലോ ബെയിലിലോ തട്ടുന്നില്ല.

ഐ.പി.എല്ലിലെ ആയിരാമത്തെ മത്സരമായിരുന്നു ഇന്നലെ രാജസ്ഥാനും മുംബൈയ്ക്കും ഇടയിൽ നടന്നത്. രോഹിത് ശർമയുടെ 36-ാം പിറന്നാൾകൂടിയായിരുന്നു ഇന്നലെ. മത്സരത്തിൽ മൂന്ന് പന്ത് ബാക്കിനിൽക്കെ ആറു വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. വാങ്കഡെയിൽ 200നു മുകളിലുള്ള ടോട്ടൽ പിന്തുടർന്ന് ജയിക്കുന്നതും ഇതാദ്യമായാണ്.

Summary: Did Sanju Samson dislodge the bail intentionally to dismiss Mumbai captain Rohit Sharma? controversy erupts over the wicket

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News