പിച്ചിൽ നൃത്തം ചെയ്ത് കൂറ്റൻ സിക്‌സർ; സച്ചിന് ഒരു മാറ്റവുമില്ലല്ലോ എന്ന് ആരാധകർ - വീഡിയോ

മത്സരത്തില്‍ 20 പന്തിൽ നിന്ന് നാൽപ്പത് റൺസാണ് 49കാരനായ സച്ചിൻ അടിച്ചെടുത്തത്

Update: 2022-09-23 05:41 GMT
Editor : abs | By : Web Desk
Advertising

പ്രായമേറും തോറും സച്ചിൻ ടെണ്ടുൽക്കർക്ക് വീര്യം കൂടുകയാണോ എന്നു ചോദിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. 1998ൽ ഷാർജ കപ്പിൽ നേടിയ ഡാൻസിങ് സിക്‌സർ അതേ ചാരുതയിൽ റോഡ് സേഫ്റ്റി വേൾഡ് സീരീസിലും കണ്ടതോടെയാണ് ആരാധകരുടെ അതിശയം. ഇംഗ്ലണ്ട് ലെജൻഡ്‌സിനെതിരെയുള്ള മത്സരത്തിലായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററുടെ കൂറ്റൻ സിക്‌സർ.

മത്സരത്തിൽ മൂന്ന് സിക്‌സറുകൾ സഹിതം 20 പന്തിൽ നിന്ന് നാൽപ്പത് റൺസാണ് 49കാരനായ സച്ചിൻ അടിച്ചെടുത്തത്. ഇന്നിങ്‌സിനിടെ ഇംഗ്ലണ്ടിന്റെ ക്രിസ് ട്രെംലറ്റ് എറിഞ്ഞ ഓവറിൽ സച്ചിൻ നേടിയ സിക്‌സറാണ് ആരാധകരെ ഹരം കൊള്ളിച്ചത്.

1998ൽ ഷാർജാ കപ്പിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ സിക്‌സറിനോടാണ് ഇതിനെ ആരാധകർ ഉപമിച്ചത്. നമ്മൾ 1998ലാണ് എന്ന തരത്തിലുള്ള തലക്കെട്ടോടെ നിരവധി പേർ സിക്‌സർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഓവറിൽ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും സച്ചിൻ അടിച്ചുകൂട്ടി. 

15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഞ്ചു വിക്കറ്റു നഷ്ടത്തിൽ 170 റൺസാണ് ഇന്ത്യൻ ലെജൻഡ്‌സ് നേടിയത്. 40 റൺസെടുത്ത സച്ചിന് പുറമേ, 15 പന്തിൽ നിന്ന് 31 റൺസെടുത്ത യുവരാജ് സിങ്ങിന്റെ ഇന്നിങ്‌സും നിർണായകമായി. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ലജൻഡ്‌സിന് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുക്കാനേ ആയുള്ളൂ. ഇന്ത്യൻ ലജൻഡ്‌സിനായി രാജേഷ് പവാർ മൂന്നു വിക്കറ്റു വീഴ്ത്തി.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News