സഞ്ജു സാംസൺ വിൻഡീസിലെ അവസരം ഉപയോഗപ്പെടുത്തിയില്ല: പാർത്ഥീവ് പട്ടേൽ

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും താരം പരാജയപ്പെട്ടതോടെയാണ് പാർത്ഥിവിന്റെ പ്രതികരണം

Update: 2023-08-07 11:17 GMT
Advertising

മലയാളി ക്രിക്കറ്റർ വെസ്റ്റ്ഇൻഡീസ് പര്യടനത്തിൽ ലഭിച്ച അവസരം ഉപയോഗപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ. ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും താരം പരാജയപ്പെട്ടതോടെയാണ് പാർത്ഥിവിന്റെ പ്രതികരണം. 'ഇന്ത്യ തോൽക്കുമ്പോഴെല്ലാം നാം നെഗറ്റീവ് പോയിൻറുകൾ നോക്കുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ ബാറ്റർമാർ കൂടുതൽ നേരം ബാറ്റ് ചെയ്യേണ്ടതുണ്ട്. എന്നാൽ അവ സംഭവിക്കുന്നില്ല. ടീമിലില്ലാത്തപ്പോഴെല്ലാം നാം സഞ്ജു സാംസണെ കുറിച്ച് സംസാരിക്കുന്നു, പക്ഷേ ഈയിടെ കിട്ടിയ അവസരങ്ങൾ അദ്ദേഹം ഉപയോഗപ്പെടുത്തിയില്ല. ഒരു പക്ഷേ അദ്ദേഹത്തിന് സമയം അതിക്രമിച്ചിരിക്കുന്നു' ക്രിക്ക്ബസിനോട് പാർത്ഥിവ് അഭിപ്രായപ്പെട്ടു. സാംസണ് ഏറെ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും അവയിൽ മിക്കതും താരം ഉപയോഗപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മത്സരത്തിൽ ആത്മവിശ്വാസത്തോടെ കണ്ട താരം തിലക് വർമയായിരുന്നുവെന്നും പറഞ്ഞു.

രണ്ടാം ടി 20 മത്സരത്തിൽ സഞ്ജു ഏഴ് റൺസ് മാത്രമാണെടുത്തത്. തുടർന്ന് ഇടംകയ്യൻ സ്പിന്നർ അകീൽ ഹൊസൈൻെ ഓവറിൽ വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരൻ സ്റ്റംപ് ചെയ്യുകയായിരുന്നു. ആദ്യ ടി 20യിൽ 12 റൺസാണ് സഞ്ജു നേടിയത്. അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ അഞ്ച് വർഷത്തിന് ശേഷമാണ് മലയാളി താരത്തിന് രണ്ടം അവസരം ലഭിച്ചത്. 2022 മുതൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയിട്ടും സഞ്ജുവിന് ടീമിൽ ഇടം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ടി20 പരമ്പരയിൽ തിളങ്ങാനായില്ലെങ്കിലും സഞ്ജു ഏകദിന പരമ്പരയിൽ അർധസെഞ്ച്വറി നേടിയിരുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ താരം ടീമിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൊവ്വാഴ്ചയാണ് ഇന്ത്യ-വെസ്റ്റ്ഇൻഡീസ് ടി20 പരമ്പരയിലെ അടുത്ത മത്സരം.

Sanju Samson didn't take advantage of West Indies Tour: Parthiv Patel

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News