'ക്യാപ്റ്റൻ' സഞ്ജുവിന് കെ.സി.എയുടെ ആദരം; വികാരാധീനരായി മുൻ പരിശീലകനും നായകനും

സഞ്ജുവിന്റെ കരിയറിനെക്കുറിച്ച് കെ.സി.എ തയാറാക്കിയ ഹ്രസ്വവിഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു

Update: 2022-09-20 01:16 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ഐ.പി.എല്ലിൽ രാജസ്ഥാന്റെ റോയൽസിനെ ഫൈനലിലേക്കു നയിച്ചതിനു പിന്നാലെ ഇന്ത്യ 'എ' ടീമിന്റെ നായകനായും തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഹൃദ്യമായ സ്വീകരണം. തിരുവനന്തപുരത്ത് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനത്തിന്റെ ഭാഗമായായിരുന്നു കെ.സി.എ പരിപാടി സംഘടിപ്പിച്ചത്.

സഞ്ജുവിന്റെ ആദ്യകാല പരിശീലകൻ ബിജു ജോർജ്, മുൻ കേരള ക്യാപ്റ്റൻ സോണി ചെറുവത്തൂർ, സുരേഷ് ഗോപി, കെ.സി.എ നേതാക്കൾ അടക്കം പ്രമുഖർ തന്നെ ചടങ്ങിൽ പങ്കെടുത്തു. എല്ലാവരും സഞ്ജുവിനെക്കുറിച്ച് വികാരാധീനരായാണ് സംസാരിച്ചത്. താരത്തിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച് വേദിയിലുണ്ടായിരുന്ന ഓരോരുത്തരും എടുത്തുപറഞ്ഞു. സഞ്ജുവിന്റെ കരിയറിനെ കുറിച്ചുള്ള ലഘു വിഡിയോയും കെ.സി.എ ചടങ്ങിൽ പ്രദർശിപ്പിച്ചു.

മറുപടി പ്രസംഗത്തിൽ സഞ്ജുവിനും അധികമൊന്നും പറയാനുണ്ടായില്ല. കൂടുതൽ പറഞ്ഞാൽ കണ്ണ് നിറയുമെന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം തന്നെ. മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിലും ചോദ്യങ്ങൾക്ക് പക്വമായ മറുപടിയാണ് താരം നൽകിയത്.

ഇന്ത്യൻ എ ടീം നായകനായത് വെല്ലുവിളിയാണെന്നും എന്നാൽ, സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും സഞ്ജു പറഞ്ഞു. ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിന്റെ നിരാശ പരോക്ഷമായി പങ്കുവച്ചെങ്കിലും ആരാധകർ നിരാശപ്പെടേണ്ടെന്നും താരം പറഞ്ഞു. തന്നെ നാട്ടുകാർ അറിയുന്നത് സ്വന്തം അധ്വാനം കൊണ്ടു മാത്രമല്ലെന്നും ഒരുപാടുപേരുടെ പിന്തുണ അതിനു പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനു വേണ്ടി കളിച്ചതുകൊണ്ടുമാത്രമാണ് താനിപ്പോൾ ഇന്ത്യ 'എ'യുടെയും രാജസ്ഥാൻ റോയൽസിന്റെയും നായകനായതും നാട്ടുകാർ അറിയുന്നതും. ടീമിൽ സെലക്ഷൻ ലഭിക്കുമ്പോഴും അല്ലാത്തപ്പോഴും കെ.സി.എയുടെ വലിയ പിന്തുണ തനിക്കു ലഭിക്കുന്നുണ്ടെന്നും സഞ്ജു വെളിപ്പെടുത്തി.

''ഐ.പി.എൽ ഫൈനലിൽ കളി കാണാൻ ഒന്നര ലക്ഷത്തോളം പേരുണ്ടായിരുന്നു. അപ്പോൾ ഇത്രയും നെഞ്ചിടിച്ചിട്ടില്ല. സംസാരിക്കാൻ നിന്നാൽ ചിലപ്പോൾ കുഴഞ്ഞുപോകും. ഇമോഷണലായിപ്പോകും. ഏറ്റവും ഇഷ്ടമുള്ള ആളുകൾ എന്നെക്കുറിച്ച് ഇത്രയും പൊക്കിപ്പൊക്കി സംസാരിച്ചപ്പോൾ കരയാനൊക്കെ തോന്നിപ്പോയി.''-സഞ്ജു പറഞ്ഞു.

''ക്രിക്കറ്റ് താരങ്ങളടക്കം കായികരംഗത്തുള്ളവർ കുറെ അധ്വാനങ്ങൾ ചെയ്യുന്നുണ്ട്. അത്തരം അധ്വാനങ്ങൾക്ക് സ്വന്തം നാട്ടിൽ ഇത്രയും വലിയ ആളുകൾ അഭിനന്ദിക്കുമ്പോൾ കൂടുതൽ എഫർട്ട് എടുക്കാൻ തോന്നും. ഇപ്പോൾ അധികം സംസാരിക്കാൻ പറ്റില്ല. സംസാരിച്ചാൽ യൂട്യൂബിലോ ഫേസ്ബുക്കിലോ ഒക്കെ വന്നെന്നു പറഞ്ഞ് ഉടൻ മൊബൈലിൽ ആ വിഡിയോ വന്നുകിടക്കും.''

ക്രിക്കറ്ററാകുമ്പോൾ നമ്മൾ ചെയ്യുന്ന നല്ല കാര്യവും ചീത്ത കാര്യവും നാട്ടുകാർ അറിയും. വലിയ പ്രശസ്തിയുള്ള കാര്യമാണ്. ക്രിക്കറ്റ് ഇന്ത്യയിൽ ഒരു മതം പോലെയാണ്. ക്രിക്കറ്റ് താരങ്ങളെ അത്രയും വലുതായാണ് സോഷ്യൽ മീഡിയ പ്രശംസിക്കുന്നത്. അതിന്റെ നെഗറ്റീവ് സൈഡും ഉണ്ടാകും. എന്നാൽ, അതിന്റെ പിന്നിലുള്ള കാര്യങ്ങൾ നാട്ടുകാർ അറിയാറില്ല. സഞ്ജു സാംസണിനെ നാട്ടുകാർ അറിയണമെങ്കിൽ അത് എന്റെ മാത്രം അധ്വാനമല്ല. അച്ഛൻ, അമ്മ, കൂട്ടുകാർ, കോച്ച്, കേരള ക്രിക്കറ്റ് അസോസിയേഷൻ എല്ലാവരുമുണ്ട് അതിനു പിന്നിൽ. 13-ാമത്തെ വയസിൽ കേരളത്തെ പ്രതിനിധീകരിക്കുമ്പോൾ ക്യാപ്റ്റനായാണ് കെ.സി.എ എന്നെ നിയോഗിച്ചത്-സഞ്ജു ചൂണ്ടിക്കാട്ടി.

പ്രതിഭയ്ക്ക് അംഗീകാരം നൽകുന്ന കുറേ ആളുകളെ ജനങ്ങൾ അറിയുന്നില്ല. കേരള ക്രിക്കറ്റ് അസോസിയേഷനു വേണ്ടി കളിച്ചതുകൊണ്ടുമാത്രമാണ് ഞാൻ ഇപ്പോൾ ഇന്ത്യ 'എ'യുടെയും രാജസ്ഥാൻ റോയൽസിന്റെയും നായകനായതും നാട്ടുകാർ അറിയുന്നതുമെല്ലാം. ക്രിക്കറ്റ് അസോസിയേഷന്റെ വലിയ പിന്തുണ അതിലുണ്ട്. നാട്ടുകാർ അറിയാതെ പോകുന്ന കാര്യമാണത്-താരം വെളിപ്പെടുത്തി.

ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടുമ്പോഴും കിട്ടാതിരിക്കുമ്പോഴുമെല്ലാം അവർ എനിക്ക് വിശദീകരണം തരാറുണ്ട്. എന്താണ് കാര്യം, എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ചോദിച്ചുപറയും. ആ ഒരു വ്യക്തതയും സപ്പോർട്ടും അവർ തരുന്നുണ്ട്. ഇപ്പോൾ നമ്മൾ കൂട്ടുകാരെപ്പോലെയാണ് വാട്സ്ആപ്പിൽ. സുരേഷ് സാറൊക്കെ വാട്സ്ആപ്പിൽ നല്ല ജിഫ് ഒക്കെ അയക്കും. എന്നെ ടീമിൽ കൊണ്ടുവരാനും സപ്പോർട്ട് ചെയ്യാനുമൊക്കെ കെ.സി.എ വളരെ അധ്വാനിക്കുന്നുണ്ട്. അത് നാട്ടുകാർ അറിയാതെ പോകുന്നതിൽ വിഷമമുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.

ഈ മാസം 28നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്നത്. നടൻ സുരേഷ് ഗോപിയാണ് ആദ്യ ടിക്കറ്റ് വിൽപന നിർവഹിച്ചത്. 1500, 2750, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. www.Paytminsider.in വഴിയാണ് ടിക്കറ്റ് വിൽപന. അക്ഷയകേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് ലഭ്യമാക്കും. ഒരാൾക്ക് മൂന്ന് ടിക്കറ്റ് വരെ ലഭിക്കും.

Summary: Sanju Samson, who was selected as the captain of the India 'A' team after leading the Rajasthan Royals to the finals in the IPL, was honored by the Kerala Cricket Association(KCA) in Thiruvananthapuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News