''പന്തിനോടും രാഹുലിനോടുമൊന്നും മത്സരിക്കാനില്ല; അത് ടീമിനു തിരിച്ചടിയാകും''; സോഷ്യൽ മീഡിയ ബഹളത്തോട് പ്രതികരിച്ച് സഞ്ജു

''അഞ്ചു വർഷത്തിനുശേഷം ദേശീയ ടീമിൽ തിരിച്ചെത്താനായത് വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്.''

Update: 2022-09-17 08:45 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ടി20 ലോകകപ്പ് ടീമിൽ ഇടംലഭിക്കാത്തിനെച്ചൊല്ലിയുള്ള ആരാധകരുടെ ബഹളങ്ങൾക്കിടെ സോഷ്യൽ മീഡിയ ചർച്ചകളോട് പ്രതികരിച്ച് സഞ്ജു സാംസൺ. ഋഷഭ് പന്തിനും കെ.എൽ രാഹുലിനുമെല്ലാം പകരം താൻ ടീമിലെത്തുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. എന്നാൽ, അവരോട് മത്സരിക്കാൻ നിൽക്കുന്നത് ടീമിനു തിരിച്ചടിയാകുമെന്നും സഞ്ജു വ്യക്തമാക്കി. വേൾഡ് ക്രിക്കറ്റ് ചാനലിലാണ് താരത്തിന്റെ പ്രതികരണം.

''സഞ്ജു ആർക്കൊക്കെ പകരം ടീമിലെത്തണമെന്നതിനെക്കുറിച്ച് ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പലതരം ചർച്ച നടക്കുന്നുണ്ട്. ഋഷഭ് പന്തിനും കെ.എൽ രാഹുലിനുമെല്ലാം പകരം ടീമിലെത്തണമെന്നു പറയുന്നു. എന്നാൽ, എന്റെ ആലോചന വളരെ വ്യക്തമാണ്. രാഹുലും പന്തും എന്റെ സ്വന്തം ടീമിനാണ് കളിക്കുന്നത്. എന്റെ സ്വന്തം ടീമംഗങ്ങളോട് മത്സരിക്കാൻ നിന്നാൽ അത് എന്റെ സ്വന്തം രാജ്യത്തിന്റെ ടീമിനാണ് തിരിച്ചടിയാകുക.''-സഞ്ജു അഭിപ്രായപ്പെട്ടു.

അഞ്ചു വർഷത്തിനുശേഷം ദേശീയ ടീമിൽ തിരിച്ചെത്താനായത് വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. അഞ്ചു വർഷം മുൻപും ഇപ്പോഴും ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ ടീമാണ്. ഇത്തരമൊരു ടീമിന്റെ മികച്ച 15 പേരിൽ ഉൾപ്പെടാൻ കഴിയുന്നത് വലിയ കാര്യമാണ്. എന്നാൽ, അതോടൊപ്പം സ്വന്തം കാര്യവും ആലോചിക്കണം. ക്രിയാത്മകമായും ശരിയായ രീതിയിലും ചിന്തിക്കുക വളരെ പ്രധാനമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.

ലോകകപ്പിനും ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ ടി20 പരമ്പരകൾക്കുമുള്ള ടീമിൽ സഞ്ജു ഇടംപിടിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ, കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ച ന്യൂസിലൻഡ് 'എ' ടീമിനെതിരായ ഇന്ത്യൻ സംഘത്തെ നയിക്കുന്നത് സഞ്ജുവാണ്. മികച്ച യുവതാരങ്ങൾ അടങ്ങിയ ടീമിനെയാണ് സഞ്ജു നയിക്കുന്നത്. പൃഥ്വിഷാ, അഭിമന്യൂ ഈശ്വർ, ഋതുരാജ് ഗെയ്ക്ക്വാദ്, രാഹുൽ തൃപാഠി, രജത് പട്ടിദാർ, കെ.എസ് ഭരത്, കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചഹാർ, തിലക് വർമ, കുൽദീപ് സെൻ, ഷർദുൽ താക്കൂർ, ഉമ്രാൻ മാലിക്ക്, നവ്ദീപ് സെയ്നി, രാജ് അംഗഡ് ബവ എന്നിവരാണ് സഞ്ജുവിനു കീഴിൽ കളിക്കാനിറങ്ങുന്നത്. സെപ്തംബർ 22, 25, 27 തിയതികളിൽ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Summary: Sanju Samson breaks silence on dropping place to Pant, Rahul in India's squad

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News