ആറില്‍ അഞ്ചിലും വീണു; ഹസരംഗയെ സഞ്ജു എന്തു ചെയ്യും?

സ്‌കോർ ചെയ്തു തുടങ്ങിയാൽ നാശംവിതക്കാൻ ശേഷിയുള്ള സഞ്ജുവിനെ പിടിച്ചുകെട്ടാൻ ഹസരംഗ തന്നെയാകും ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസിയുടെ വജ്രായുധം

Update: 2022-05-26 12:54 GMT
Editor : Shaheer | By : Web Desk
Advertising
Click the Play button to listen to article

അഹ്‌മദാബാദ്: കരുത്തരായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തകർത്ത് വർധിതവീര്യത്തോടെ വരുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെയാണ് നാളെ രണ്ടാം ക്വാളിഫയറിൽ സഞ്ജുവിനും സംഘത്തിനും നേരിടാനുള്ളത്. അഹ്‌മദാബാദിൽ നടക്കുന്ന ക്വാളിഫയർ പോരാട്ടം ജയിച്ചാൽ ഫൈനലിൽ വീണ്ടും ഗുജറാത്തുമായി ഏറ്റുമുട്ടാം. തോറ്റാൽ മൂന്നാം സ്ഥാനക്കാരായി നാട്ടിലേക്കു മടങ്ങുകയും ചെയ്യാം.

സൂപ്പർ താരം ജോസ് ബട്‌ലറുടെ ഫോമിനെ ആശ്രയിച്ചു തന്നെയായിരിക്കും മത്സരത്തിൽ രാജസ്ഥാന്റെ സാധ്യതകൾ. ആദ്യ ക്വാളിഫയർ പോരാട്ടത്തിനു സമാനമായി മികച്ചൊരു ഇന്നിങ്‌സ് അടുത്ത മത്സരത്തിലും രാജസ്ഥാൻ ബട്‌ലറിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, അതോടൊപ്പം നായകൻ സഞ്ജുവിന്റെ ബാറ്റിൽനിന്നും ടീമും ആരാധകരും വലിയൊരു ഇന്നിങ്‌സ് കൊതിക്കുന്നുണ്ട്. മിക്ക സീസണിലും സെഞ്ച്വറിയടക്കം വലിയ ഇന്നിങ്‌സ് ഒരിക്കലെങ്കിലും സഞ്ജു ആരാധകർക്ക് നൽകാറുണ്ട്. അത് ഇത്തവണയുണ്ടായിട്ടില്ല. ടീമിന് ഏറ്റവും നിർണായകമായ മത്സരത്തിൽ അത്തരമൊരു പ്രകടനം കാണാനാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

എന്നാൽ, നാളെ സഞ്ജുവിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ബാംഗ്ലൂരിന്റെ ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരംഗയാണ്. പൊതുവെ ഒരു ബൗളർക്കും തനിക്കുമേൽ ആധിപത്യം ചെലുത്താൻ അവസരം നൽകാത്ത സഞ്ജുവിനു പക്ഷെ ഹസരംഗയ്ക്കു മുന്നിൽ പലപ്പോഴും എന്തു ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയാണ്. ഇതുവരെ ഇരുവരും ആറു കളിയിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ അഞ്ചു തവണയും സഞ്ജുവിനെ ഹസരംഗ തിരിച്ചയച്ചതാണ് ചരിത്രം.

ഇതുവരെ 21 പന്താണ് സഞ്ജു ഹസരംഗയ്‌ക്കെതിരെ നേരിട്ടത്. ഇതിൽ ആകെ നേടാനായത് 18 റൺസാണ്. 16 പന്തിൽ റണ്ണൊന്നുമെടുക്കാനാകാതെ വിഷമിക്കുന്നത് കണ്ടു. ആറിൽ അഞ്ചു തവണയും ഹസരംഗയുടെ കുരുക്കിൽ സഞ്ജു വീഴുകയും ചെയ്തു.

ഈ സീസണിൽ ബാംഗ്ലൂരും രാജസ്ഥാനും തമ്മിൽ നടന്ന അവസാന മത്സരത്തിൽ അനാവശ്യ ഷോട്ടിലൂടെയാണ് സഞ്ജു പുറത്തായത്. സ്വിച്ച് ഹിറ്റിലൂടെ ഗാലറിയിലേക്ക് പറത്തി ഹസരംഗയ്ക്കുമേൽ ആധിപത്യം നേടാമെന്നായിരുന്നു പ്ലാൻ. എന്നാൽ, സ്പിന്നർ കുഴിച്ചുവച്ച കുഴിയിൽ തന്നെ ചെന്ന് സഞ്ജു പതിക്കുകയും ചെയ്തു.

സീസണിൽ 421 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നിൽ തന്നെയുണ്ട് സഞ്ജു. 15 മത്സരങ്ങളിൽ നിന്ന് രണ്ട് അർധസെഞ്ച്വറികളും 24 സിക്സറുകളും 40 ഫോറുകളുമടക്കമാണ് ഈ നേട്ടം. കുറഞ്ഞ പന്തിലുള്ള ചെറിയ സ്‌കോറുകളാണെങ്കിലും ടീം ടോട്ടലിൽ വലിയ ഇംപാക്ട് ഉണ്ടാക്കാൻ കഴിയുന്നുവെന്നാണ് സഞ്ജുവിന്റെ ഈ സീസണിലെ ഇന്നിങ്‌സുകളുടെയെല്ലാം പ്രത്യേകത.

ആദ്യ ക്വാളിഫയറിൽ ഗുജറാത്തിന്റെ മികച്ച ബൗളിങ് നിരയ്‌ക്കെതിരെ കത്തിക്കയറുകയായിരുന്നു താരം. അർധശതകത്തിനു തൊട്ടരികെ വീണെങ്കിലും 26 പന്തിലാണ് സഞ്ജു 47 റൺസ് അടിച്ചെടുത്തത്. ഒരറ്റത്ത് താളം കണ്ടെത്താൻ ജോസ് ബട്‌ലർ വിഷമിക്കുമ്പോഴായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്.

ടീമിനെ ഫൈനലിലെത്തിക്കുക എന്ന ഉത്തരവാദിത്തത്തിനൊപ്പം കരിയറിലെ തന്നെ നിർണായക മത്സരമായിരിക്കും നാളെ സഞ്ജുവിന്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യൻ ടീമിൽ താരം പുറത്തായത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കണമെങ്കിൽ നാളെ എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്ന ഒരു ഇന്നിങ്‌സ് നിർബന്ധമാണ്. അതിനാൽ രണ്ടും കൽപിച്ചായിരിക്കും സഞ്ജു നാളെ ബാറ്റിങ്ങിനിറങ്ങുകയെന്നുറപ്പാണ്.

സ്‌കോർ ചെയ്തു തുടങ്ങിയാൽ നാശംവിതക്കാൻ ശേഷിയുള്ള സഞ്ജുവിനെ പിടിച്ചുകെട്ടാൻ ഹസരംഗ തന്നെയാകും ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസി പ്രയോഗിക്കാൻ പോകുന്ന വജ്രായുധം. ഹസരംഗയ്‌ക്കെതിരെ സഞ്ജുവിന്റെ മുന്നൊരുക്കത്തെ ആശ്രയിച്ചായിരിക്കും നാളത്തെ ഇന്നിങ്‌സിന്റെ ആയുസ്സ്.

Summary: Can Sanju Samson survive Wanindu Hasaranga in RR's crucial Qualifier 2 match against Royal Challengers Bangalore?

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News