വാർണർ, റാഷിദ് ഖാൻ ഔട്ട്‌; ഉമ്രാൻ മാലികിന്റെ സർപ്രൈസ് എൻട്രി

Update: 2021-11-30 17:45 GMT
Editor : Shaheer | By : Web Desk

ഐപിഎൽ മെഗാലേലത്തിനുമുൻപ് സർപ്രൈസുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്. സൂപ്പർ താരം റാഷിദ് ഖാനെ റിലീസ് ചെയ്തതാണ് ഏറ്റവും പ്രധാനപ്പെട്ട വാർത്ത. മികച്ച ഫോമിലുള്ള ഓപണർ ഡെവിഡ് വാർണറെയും നിലനിർത്തിയിട്ടില്ല. ഇതോടൊപ്പം കഴിഞ്ഞ സീസണിൽ രണ്ടാംഘട്ടത്തിൽ തീപാറും പന്തുകൊണ്ട് ശ്രദ്ധനേടിയ കശ്മീരിൽനിന്നുള്ള ഉമ്രാൻ മാലികിനെ നിലനിർത്തിയാണ് ഹൈദരാബാദിന്റെ മറ്റൊരു സർപ്രൈസ്. ഉമ്രാന്റെ നാട്ടുകാരൻ തന്നെയായ യുവതാരം അബ്ദുൽ സമദിനെ നിലനിർത്തിയതും നേരത്തെ പ്രതീക്ഷിച്ച നീക്കമായിരുന്നില്ല. നായകൻ കെയിൻ വില്യംസിനെ റീട്ടെയിൻ ചെയ്തതുമാത്രമാണ് എല്ലാവരും പ്രവചിച്ചിരുന്നത്.

Advertising
Advertising

14 കോടി നൽകിയാണ് വില്യംസനെ നിലനിർത്തിയത്. ഉമ്രാൻ മാലികിനും അബ്ദുൽ സമദിനും നാലു കോടി വീതമാണ് വാർഷിക പ്രതിഫലം. മൂന്നു താരങ്ങളെ മാത്രമേ ടീം നിലനിർത്തിയിട്ടുള്ളൂ.

റാഷിദ് ഖാന് പുറമെ ബൗളിങ് നിരയുടെ കുന്തമുനയായിരുന്ന മുതിർന്ന താരം ഭുവനേശ്വർ കുമാറിനെയും ഓപണർ ജോണി ബെയർസ്‌റ്റോയെയും ഹൈദരാബാദ് റിലീസ് ചെയ്തിട്ടുണ്ട്. ഭുവനേശ്വറിനെ ലേലത്തിൽനിന്ന് തിരിച്ചുപിടിക്കാനായിരിക്കും ടീം നീക്കം. വാർഷിക പ്രതിഫലവുമായി ബന്ധപ്പെട്ട് റാഷിദ് ഖാൻ വിലപേശൽ നടത്തിയതായുള്ള വാർത്തകൾ ശരിവയ്ക്കുന്നതാണ് പുതിയ വാർത്ത. കഴിഞ്ഞ സീസണിന്റെ പകുതിതൊട്ടു തന്നെ വാർണർ ടീമിന്റെ ഭാഗമല്ലാതായി മാറിയിരുന്നു. അടുത്ത സീസൺ മുതൽ ടീമിലുണ്ടാകില്ലെന്ന് താരം തന്നെ വെളിപ്പെടുത്തിയതാണ്.

വെറും 18 കോടി മാത്രമാണ് മെഗാ ലേലത്തിനുമുൻപ് ടീമിന് ചെലവായിട്ടുള്ളത്. കൂടുതൽ തുക കൈയിലുള്ളതിനാൽ ലേലത്തിൽനിന്ന് കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാനാകും ടീം പ്ലാൻ.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News