സെഞ്ച്വറിയിൽ സച്ചിനെയും മറികടന്നു; കോഹ്‌ലി ദ കിങ്

ന്യൂസിലാൻഡിനെതിരെ 50-ാം സെഞ്ച്വറിയാണ് കോഹ്‌ലി കണ്ടെത്തിയത്.

Update: 2023-11-15 11:58 GMT
Editor : abs | By : Web Desk
Advertising

മുംബൈ: സെഞ്ച്വറിക്കണക്കിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡും മറികടന്ന് വിരാട് കോഹ്‌ലി. മുംബൈ വാംഖഡെയിലെ സെമി ഫൈനല്‍ പോരാട്ടമാണ് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായത്. ന്യൂസിലാൻഡിനെതിരെ 50-ാം സെഞ്ച്വറിയാണ് (113 പന്തില്‍ 117)  കോഹ്‌ലി കണ്ടെത്തിയത്. ഗ്യാലറിയില്‍ സച്ചിനെ സാക്ഷിയാക്കിയാണ് കോഹ്ലിയുടെ ഇന്നിങ്സ്.  

290-ാം ഏകദിനത്തിലാണ് കോഹ്‌ലി തന്റെ അമ്പതാം ശതകം കണ്ടെത്തിയത്. 463 മത്സരങ്ങളിൽ നിന്നായിരുന്നു സച്ചിന്റെ നേട്ടം. രോഹിത് ശർമ്മ (31), റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് കൂടുതൽ സെഞ്ച്വറി നേടിയ മറ്റു താരങ്ങൾ.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്‌ലി സ്വന്തമാക്കി. 2003ലെ ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ നേടിയ 673 റൺസിന്റെ റെക്കോഡാണ് കോഹ്‌ലി മറികടന്നത്. മാത്യു ഹെയ്ഡൻ (659), രോഹിത് ശർമ്മ (648) എന്നിവരാണ് കൂടുതൽ റൺസ് നേടിയ മറ്റു താരങ്ങൾ. 2007ലെ ലോകകപ്പിലായിരുന്നു ഹെയ്ഡന്റെ പ്രകടനം. 2019ൽ രോഹിത് ശർമ്മയും. 

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ അമ്പതിൽ കൂടുതൽ റൺസ് നേടുന്ന താരവും കോലിയായി മാറി. ഏഴ് അർധസെഞ്ച്വറി നേടിയ സച്ചിനെയും ഷക്കീബുൽ ഹസനെയുമാണ് താരം മറികടന്നത്. ഏറ്റവും കൂടുതൽ ഏകദിന അന്താരാഷ്ട്ര റൺസ് നേടുന്ന മൂന്നാമത്തെ താരവും കോഹ്ലിയായി മാറി. റിക്കി പോണ്ടിങ്ങിനെയാണ് മുൻ ഇന്ത്യൻ നായകൻ മറികടന്നത്. 14234 റൺസ് നേടിയ ശ്രീലങ്കയുടെ കുമാർ സംഗക്കാരയും 18426 റൺസ് നേടിയ സച്ചിനും മാത്രമാണ് ഇനി കോഹ്‌ലിക്ക് മുമ്പിലുള്ളത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News