ബാബറിന് കോലിയുടെ മറുപടി; ത്രില്ലടിച്ച് ക്രിക്കറ്റ് ആരാധകർ

'ആരു പറഞ്ഞു ക്രിക്കറ്റിന് ബൗണ്ടറികളുണ്ടെന്ന്? മികവുറ്റ രണ്ടുപേർ പരസ്പരം സംസാരിക്കുന്നു.'

Update: 2022-07-17 05:13 GMT
Editor : André | By : Web Desk
Advertising

മോശം ഫോം തുടരുന്ന തനിക്ക് ആശ്വാസവാക്കുകൾ പകർന്ന പാക് ക്രിക്കറ്റർ ബാബർ അസമിന് മറുപടിയുമായി സൂപ്പർ താരം വിരാട് കോലി. ബാബറിന്റെ ട്വിറ്റർ പോസ്റ്റിനാണ് നന്ദി പ്രകടിപ്പിച്ചുകൊണ്ട് കോലി മറുപടി നൽകിയത്. ഇരുതാരങ്ങളുടെയും സ്‌പോർട്‌സ്മാൻ സ്പിരിറ്റിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തുവന്നു.

കോലിയും താനും ഒന്നിച്ചുള്ള ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ച് വെള്ളിയാഴ്ച ബാബർ കുറിച്ചതിങ്ങനെ: 'ഈ സമയവും കടന്നുപോകും. കരുത്തനായിരിക്കൂ...' 2.75 ലക്ഷത്തോളമാളുകൾ ഈ ട്വീറ്റിന് ലൈക്ക് രേഖപ്പെടുത്തുകയും 42,000-ലേറെ പേർ റീട്വീറ്റ് ചെയ്യുകയും ചെയ്തു. 'ഇതിന്റെ പേരിലാവും താങ്കൾ ഓർമിക്കപ്പെടുക' എന്നാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ ബാബറിനോട് പ്രതികരിച്ചത്.

'താങ്കൾക്ക് നന്ദി. തിളങ്ങുകയും ഉയരുകയും ചെയ്തു കൊണ്ടിരിക്കുക. എല്ലാ നന്മകളും നേരുന്നു...' എന്നാണ് വിരാട് കോലി ബാബർ അസമിന് മറുപടി നൽകിയത്.

രാജ്യാതിർത്തികൾ അപ്രസക്തമാക്കിയുള്ള ക്രിക്കറ്റ് താരങ്ങളുടെ ഈ ആശയവിനിമയത്തോട് ക്രിക്കറ്റ് ആരാധകർ ആവേശത്തോടെയാണ് പ്രതികരിച്ചത്.

'ഒരു ചാമ്പ്യൻ മറ്റൊരു ചാമ്പ്യനോട്... ഇത് ക്രിക്കറ്റിനും ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങൾക്കും അപ്പുറമാണ്. ഇത് രണ്ട് മികച്ച കളിക്കാർ തമ്മിലുള്ള സംഭാഷണമാണ്. ഒരാൾ വളരെയേറെ നേട്ടങ്ങളുണ്ടാക്കി ഇപ്പോൾ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. മറ്റേയാൾ മുന്നേറുകയും തടസ്സങ്ങളില്ലാതെ പുരോഗമിക്കുകയും ചെയ്യുന്നു. ഇതെല്ലാം ചാക്രികമാണ്. ഉജ്ജ്വലമായ പെരുമാറ്റങ്ങൾ...' - പാകിസ്താനിലെ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഡോ. നൗമാൻ നിയാസ് കുറിച്ചു.

'ആരു പറഞ്ഞു ക്രിക്കറ്റിന് ബൗണ്ടറികളുണ്ടെന്ന്? മികവുറ്റ രണ്ടുപേർ പരസ്പരം സംസാരിക്കുന്നു.' സ്‌പോർട്‌സ് ജേണലിസ്റ്റ് അഭിഷേക് തിവാരി ട്വീറ്റ് ചെയ്തു.

ലോകക്രിക്കറ്റിലെ ബദ്ധവൈരികളായ ടീമുകളെ പ്രതിനിധീകരിക്കുന്ന താരങ്ങൾ തമ്മിലുള്ള സംഭാഷണത്തിന് പിന്തുണയുമായി നിരവധി പേർ പ്രതികരണങ്ങൾ രേഖപ്പെടുത്തി. #ViratKohli എന്ന ഹാഷ് ടാഗ് ഇന്ത്യയിലെയും പാകിസ്താനിലെയും ട്വിറ്ററിൽ ടോപ് ട്രെൻഡിൽ വരികയും ചെയ്തു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News