മോനൊക്കെ അങ്ങ് വീട്ടില്‍; പന്തെടുത്താല്‍ പിന്നെ എതിരാളി... മകന്‍റെ മിഡില്‍ സ്റ്റമ്പിളക്കി ബ്രെറ്റ് ലീ

'കണ്ണുചിമ്മിയാൽ പോയി, മകനാണെങ്കിൽ കൂടി ബ്രെറ്റ് ലീ ദയ. കാണിക്കില്ല... നിങ്ങളുടെ സ്റ്റമ്പ് തെറിക്കും'

Update: 2022-01-03 03:00 GMT

കളിക്കളത്തില്‍ ബാറ്റര്‍മാരുടെ മുട്ടിടിപ്പിച്ചിട്ടുള്ള ആസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീയെ ക്രിക്കറ്റ് ആരാധകര്‍ എന്നും ഓര്‍ക്കുക തീ പാറുന്ന പന്തുകളുടെ പേരിലാണ്. ബൌണ്ടറിയില്‍ നിന്ന് റണ്ണപ്പ് നടത്തി വന്ന് ബൌളിങ് എന്‍ഡില്‍ കുതിച്ചുയര്‍ന്ന് സ്റ്റൈലന്‍ ആക്ഷനില്‍ പന്ത് അതിവേഗത്തില്‍ റിലീസ് ചെയ്യുന്ന കാഴ്ച ക്രിക്കറ്റ് ആരാധകരെ എന്നും കോരിത്തരിപ്പിച്ചിട്ടുണ്ട്. മിന്നല്‍വേഗത്തില്‍ എത്തുന്ന യോര്‍ക്കറുകള്‍ പലപ്പോഴും ബാറ്റര്‍മാരുടെ പ്രതിരോധം കീറിമുറിച്ച് സ്റ്റമ്പുകളുമായി മൂളിപ്പറക്കാറാണ് പതിവ്..

എന്നാല്‍ എതിര്‍ ടീം ബാറ്റര്‍മാരോട് മാത്രമല്ല പന്ത് കൈയ്യിലെടുത്താല്‍ സ്വന്തം മകനായാല്‍ പോലും യാതൊരു ദാക്ഷിണ്യവും ലീ കാണിക്കില്ലെന്നതാണ് സത്യം. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പുറത്തുവന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വീട്ടുമുറ്റത്തെ ക്രിക്കറ്റ് കളിക്കിടെ മകനെ യോര്‍ക്കര്‍ എറിഞ്ഞു ബൌള്‍ഡാക്കുന്ന ബ്രെറ്റ് ലീയുടെ വീഡിയോയാണ് വൈറലാകുന്നത്. രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ ഏറ്റവും കൃത്യതയോട യോര്‍ക്കറുകള്‍ നിരന്തരം പ്രവഹിച്ചിരുന്ന വിരലുകളില്‍ നിന്ന് വീണ്ടും അതേ മാജിക് കണ്ടതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍.

Advertising
Advertising


മകന്‍ പ്രിസ്റ്റണ്‍ ചാള്‍സുനുമൊത്ത് ക്രിസ്മസ് അവധിക്കിടെ വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കുന്ന താരത്തിന്‍റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. റണ്ണപ്പൊന്നുമില്ലാതെ വളരെ സിംപിള്‍ ആയി വന്ന് ലീ എറിയുന്ന യോര്‍ക്കര്‍ മകന്‍റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിക്കുന്നതാണ് വീഡിയോ. 'കണ്ണുചിമ്മിയാല്‍ പോയി, മകനാണെങ്കില്‍ കൂടി ബ്രെറ്റ് ലീ ദയ. കാണിക്കില്ല... നിങ്ങളുടെ സ്റ്റമ്പ് തെറിക്കും' എന്ന കുറിപ്പോടെ ആസ്ട്രേലിയന്‍ സ്പോര്‍ട്സ് ചാനലായ ഫോക്സ് ക്രിക്കറ്റാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.


Full View

1999-ല്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ അരങ്ങേറിയ ബ്രെറ്റ് ലീ 76 ടെസ്റ്റുകളിലും 221 ഏകദിനങ്ങളിലും ഓസീസിനായി കളിച്ചു. 25 ട്വന്‍റി-20കളിലും ലീ ദേശീയ ജഴ്സിയണിഞ്ഞു. രാജ്യാന്തര കരിയറില്‍ 76 ടെസ്റ്റുകളില്‍ നിന്ന് 310 വിക്കറ്റുകളും 221 ഏകദിനങ്ങളില്‍ നിന്ന് 380 വിക്കറ്റുകളും 25 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകളും ലീ വീഴ്ത്തി. 2008-ലാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ശേഷം 2015-ല്‍ സജീവ ക്രിക്കറ്റില്‍ നിന്നും താരം വിട പറഞ്ഞു. ഇപ്പോള്‍ കമന്‍ററി രംഗത്ത് സജീവമാണ്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News