'ഞങ്ങളോട് പാകിസ്താന്റെ കളിയാണെന്നാ പറഞ്ഞേ!'; മോദി സ്റ്റേഡിയത്തില്‍ ബി.ജെ.പി പാസുമായി സ്ത്രീകള്‍- പ്രതികരണം വൈറൽ

ഏകദിന ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിലെ 40,000 ടിക്കറ്റുകൾ നേരത്തെ തന്നെ ബി.ജെ.പി വിലക്കെടുത്തിരുന്നുവെന്നാണു വിവരം

Update: 2023-10-05 13:46 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: ''നമ്മുടെ ഇന്ത്യ-പാകിസ്താൻ കളി കാണാൻ വന്നതാ..''

അവതാരകൻ: ''അതിന് ഇന്നത്തെ കളി ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണല്ലോ..!''

''ഓ, ന്യൂസിലൻഡ് ആണോ!? ഇന്ത്യയും പാകിസ്താനുമല്ലേ? പാകിസ്താന്റെ കളിയാണെന്നാ, ഞങ്ങളോട് പറഞ്ഞേ..!''

അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഇംഗ്ലണ്ട്-ന്യൂസിലൻഡ് തമ്മിലുള്ള ഏകദിന ലോകകപ്പ് മത്സരം കാണാനെത്തിയ ഒരു ബി.ജെ.പി പ്രവർത്തകയുടെ പ്രതികരണമാണിത്. 1.15 ലക്ഷം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗാലറി നിറയെ ഒഴിഞ്ഞുകിടക്കുകയായിരുന്നു ഉദ്ഘാടനമത്സരത്തിൽ. അതിനിടെയാണ്, 40,000 ടിക്കറ്റുകൾ നേരത്തെ തന്നെ ബി.ജെ.പി വിലക്കെടുത്തിരുന്നുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. വനിതാ സംവരണത്തിൽനിന്ന് പ്രേരണ ഉൾക്കൊണ്ട് 40,000 സ്ത്രീകൾക്കാണ് ഈ ടിക്കറ്റ് നൽകുന്നതെന്നും അവകാശവാദമുണ്ടായി.

എന്നാൽ, കേരളത്തിൽനിന്നുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോർട്ടർക്കു മുന്നിൽപെട്ട ഒരുകൂട്ടം 'സ്ത്രീ ആരാധകർ' ബി.ജെ.പിയുടെ പ്രചാരണം ശരിക്കും പൊളിച്ചടക്കി. പാസ് കിട്ടിയതുകൊണ്ടാണ് കളിക്കുവന്നത്, ബി.ജെ.പിക്കാരാണ് ടിക്കറ്റ് തന്നതെന്ന് കൂട്ടത്തിലൊരാൾ വെളിപ്പെടുത്തി. മറ്റൊരാളുടെ പ്രതികരണം രസകരമായിരുന്നു: ''ഭക്ഷണത്തിനാണോ കളി കാണാനാണോ ടിക്കറ്റ് തന്നതെന്ന് ഉള്ളിൽ പോയാൽ അറിയാം!''

മൂന്നാമത്തെയാളുടെ ആവേശമാണ് ബി.ജെ.പി പദ്ധതി ശരിക്കും പൊളിച്ചുകൈയിൽ കൊടുത്തത്. ഇന്ത്യ-പാകിസ്താൻ കളി കാണാനെത്തിയതാണെന്നായിരുന്നു ആദ്യ പ്രതികരണം. അതിന് ഇവിടെ നടക്കുന്നത് ഇംഗ്ലണ്ട്-ന്യൂസിലൻഡ് കളിയല്ലേ എന്നു ചോദിച്ചപ്പോൾ അവരുടെ മുഖത്ത് ആശ്ചര്യം. അപ്പോൾ പാകിസ്താന്റെ കളിയാണെന്നു പറഞ്ഞാണല്ലോ തങ്ങളെ കൊണ്ടുവന്നതെന്ന് അവർ വെളിപ്പെടുത്തി.

30,000-40,000ത്തോളം വനിതകൾക്കു സൗജന്യമായി കളി കാണാൻ അവസരമൊരുക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. അഹ്മദാബാദ് നഗരസഭയിലെ ഓരോ വാർഡിലും 800 ടിക്കറ്റ് വീതം വിതരണം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. 20 അർബുദബാധികരായ കുട്ടികൾക്ക് ബി.സി.സി.ഐ സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തിരുന്നു. അമിതാഭ് ബച്ചൻ, രജ്‌നികാന്ത്, സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ 'ഗോൾഡൻ പാസ്' നൽകിയിരുന്നതായി വാർത്തയുണ്ടായിരുന്നു.

എന്നാൽ, എല്ലാ കണക്കുകൂട്ടലും തെറ്റിച്ചായിരുന്നു രാജ്യത്തിനൊന്നാകെ നാണക്കേടായി മോദി സ്‌റ്റേഡിയത്തിലെ ഉദ്ഘാടനത്തിനെത്തിയ കാണികളുടെ എണ്ണം. ഒഴിഞ്ഞ ഗാലറിക്കു മുന്നിലാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഗാലറി പൂർണമായി ഒഴിഞ്ഞുകിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇംഗ്ലണ്ട് ബാറ്റ് ചെയ്ത ആദ്യ ഇന്നിങ്‌സിൽ വെറും പതിനായിരത്തിനടുത്ത് കാണികളാണു മത്സരം വീക്ഷിക്കാനുണ്ടായിരുന്നതെന്നാണു വിവരം. രാത്രിയോടെ കാണികളെത്തുമെന്നു ന്യായീകരണം വന്നിരുന്നെങ്കിലും രണ്ടാം ഇന്നിങ്‌സിലും ഗാലറിയുടെ പകുതിയിലേറെയും ഒഴിഞ്ഞുകിടക്കുകയാണ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് എന്ന വിജയലക്ഷ്യമാണ് ന്യൂസിലൻഡിനു മുന്നിൽ വച്ചത്. മറുപടി ബാറ്റിങ്ങിൽ പത്ത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 81 റൺസുമായി മികച്ച നിലയിലാണ് കിവികൾ. ഡേവിഡ് കോൺവേയും രച്ചിൻ രവീന്ദ്രയുമാണ് ക്രീസിലുള്ളത്.

Summary: 'We were told it was an India-Pakistan match!': Women's who came to Narendra Modi stadium to watch the World Cup opening match between England and New Zealand in free BJP pass goes viral

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News