'മൂന്നാമത്തെ ലോകകപ്പാണിങ്ങനെ; ഇതൊക്കെ ശീലമായിപ്പോയി'-നിരാശ പരസ്യമാക്കി ചഹൽ

''ഇതൊരു വ്യക്തിഗത മത്സരമല്ലല്ലോ.. ഞാൻ ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും അവരൊക്കെ എനിക്കു സഹോദരന്മാരെപ്പോലെയാണ്.''

Update: 2023-10-01 11:42 GMT
Editor : Shaheer | By : Web Desk

യുസ്‍വേന്ദ്ര ചഹല്‍

Advertising

ന്യൂഡൽഹി: ലോകകപ്പ് ടീമിൽ ഇടംലഭിക്കാത്തതിൽ നിരാശ പരസ്യമാക്കി ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. മൂന്നാമത്തെ ലോകകപ്പിലാണ് ഇങ്ങനെ തഴയപ്പെടുന്നതെന്നും ഇതെല്ലാം ശീലമായിട്ടുണ്ടെന്നും താരം പ്രതികരിച്ചു. പകരം ടീമിൽ ഇടം ലഭിച്ചവർ തനിക്കു സഹോദരന്മാരെപ്പോലെയാണെന്നും ചഹൽ വ്യക്തമാക്കി.

'വിസ്ഡണി'നു നൽകിയ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്. ''15 പേർക്കേ ടീമിന്റെ ഭാഗമാകാനാകൂവെന്നതു മനസിലാക്കാവുന്നതാണ്. ഇത് ലോകകപ്പാണ്. 17ഉം 18ഉം പേരെയൊന്നും ടീമിലെടുക്കാനാകില്ല. വേദന തോന്നാറുണ്ടെങ്കിലും ഒഴിവാക്കിവിടുക എന്നതാണ് എന്റെ സിദ്ധാന്തം. ഇതൊക്കെ ഇപ്പോൾ ശീലമായിട്ടുണ്ട്. ഇത് മൂന്നാമത്തെ ലോകകപ്പാണ്.''ചിരിച്ചുകൊണ്ട് ചഹൽ മനസ്സുതുറന്നു.

സ്വന്തം സ്ഥാനമുറപ്പിക്കാൻ വേണ്ടി ടീമിലെ സഹതാരങ്ങളുമായി മത്സരിക്കേണ്ട സാഹചര്യമാണെന്നതിനെ കുറിച്ചൊന്നും കാര്യമായി ചിന്തിക്കാറില്ലെന്നും താരം വ്യക്തമാക്കി. ഞാൻ നന്നായി കളിച്ചാൽ ടീമിലുണ്ടാകും. ഭാവിയിൽ ആരും നമ്മൾക്കു പകരം വരാം. എന്നായാലും ആ ദിവസം വരും. ഇതൊരു വെല്ലുവിളിയായാണ് ഞാൻ എടുത്തിട്ടുള്ളത്. എല്ലാവരും നന്നായി കളിക്കുന്നുണ്ട്. അവരെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും ചഹൽ പറഞ്ഞു.

ഇന്ത്യയുടെ വിജയമാണു പ്രധാന ലക്ഷ്യം. ഇതൊരു വ്യക്തിഗത മത്സരമല്ലല്ലോ.. ഞാൻ ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും അവരൊക്കെ എനിക്കു സഹോദരന്മാരെപ്പോലെയാണ്. ഇന്ത്യൻ ടീമിനെ ഉറപ്പായും പിന്തുണയ്ക്കും. ഇതൊരു വെല്ലുവിളിയായാണ് ഞാൻ എടുത്തിരിക്കുന്നത്. കൂടുതൽ അധ്വാനിച്ച് ടീമിലേക്കു തിരിച്ചുവരണമെന്നാണ് ഇത് തന്നോട് പറയുന്നതെന്നും യുസ്‌വേന്ദ്ര ചഹൽ കൂട്ടിച്ചേർത്തു.

15 അംഗ ഇന്ത്യൻ ലോകകപ്പ് സംഘത്തിൽ കുൽദീപ് യാദവും ആർ. അശ്വിനുമാണ് സ്‌പെഷലിസ്റ്റ് സ്പിന്നർമാരായി ഇടംനേടിയിട്ടുള്ളത്. സ്പിൻ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയുമുണ്ട്. ആദ്യം പ്രഖ്യാപിച്ച ടീമിലുണ്ടായിരുന്ന അക്‌സർ പട്ടേൽ പരിക്കേറ്റ് പുറത്തായതോടെയാണ് അശ്വിനു ഭാഗ്യം തെളിഞ്ഞത്.

Summary: 'I'm used to it now...it's been three World Cups': Yuzvendra Chahal on exclusion from India ODI World Cup squad

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News