വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട സന്തോഷം താങ്ങാനായില്ല; 55-കാരൻ ഹൃദയംപൊട്ടി മരിച്ചു

കൂടെ അറസ്റ്റിലായ ആളുടെ വധശിക്ഷ നടപ്പിലായതോടെ അക്ബറിന്റെ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു

Update: 2022-02-24 12:26 GMT
Editor : André | By : Web Desk
Advertising

18 വർഷം മുമ്പ് ചെയ്ത കൊലപാതകത്തിന് വധശിക്ഷ ലഭിക്കില്ലെന്നറിഞ്ഞതിലുള്ള അമിത സന്തോഷത്തെ തുടർന്ന് 55-കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ദക്ഷിണ ഇറാനിൽ നടന്ന സംഭവം റിപ്പോർട്ട് ചെയ്തത് 'ഹംഷഹരി' ദിനപത്രമാണ്.

തന്റെ 37-ാം വയസ്സിലാണ് അക്ബർ എന്നയാൾ ബന്ദർ അബ്ബാസ് നഗരത്തിൽ ഒരാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ശക്തമായ തെളിവുകളെ തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്ത അക്ബറിനും ദാവൂദ് എന്ന മറ്റൊരാൾക്കും കോടതി വധശിക്ഷ വിധിച്ചു. കേസിൽ അറസ്റ്റിലായ മറ്റു രണ്ടുപേർക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു.

ഇറാനിലെ ശരീഅത്ത് നിയമപ്രകാരം ദാവൂദിന്റെ വധശിക്ഷ നടപ്പിലായതോടെ അക്ബർ രക്ഷപ്പെടാനുള്ള സാധ്യതയും മങ്ങി. ഇതോടെ, മരണത്തെപ്പറ്റിയുള്ള ഭയത്തോടെയാണ് ഇയാൾ ജയിലിൽ കഴിച്ചുകൂട്ടിയിരുന്നത്. മാപ്പ് തേടി അക്ബറിന്റെ കുടുംബം കൊല്ലപ്പെട്ടയാളുടെ മാതാപിതാക്കളെ പലതവണ സമീപിച്ചെങ്കിലും ഇസ്ഫഹാൻ സ്വദേശികളായ അവർ വഴങ്ങിയിരുന്നില്ല.

വധശിക്ഷ നടപ്പിലാക്കാനുള്ള ദിവസങ്ങൾ അടുത്തതോടെ അക്ബറിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നു. ഇതോടെ ജയിൽ അധികൃതർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സമീപിച്ചു. ആയിരം കിലോമീറ്ററോളം സഞ്ചരിച്ചെത്തിയ ജയിൽ അധികൃതരുടെ അപേക്ഷ ഇത്തവണ തഴയപ്പെട്ടില്ല. മാപ്പുനൽകാമെന്ന് അവർ അറിയിച്ചു.

മാപ്പു ലഭിച്ച വഴി അധികൃതർ വഴി അറിഞ്ഞതോടെ അക്ബർ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News