'ആ 19 പേരെ കൊന്നത് പ്രേതമോ?' ചുരുളഴിയാതെ നിഥാരി കൂട്ടക്കൊല
മൊനീന്ദർ സിങ് പന്ദറും വീട്ടിലെ സഹായി സുരേന്ദ്ര കോലിയുമാണ് പ്രതി എന്നായിരുന്നു പൊലീസ് പറഞ്ഞത്. പക്ഷെ വർഷങ്ങൾക്കിപ്പുറം സുരേന്ദ്ര കോലിയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട 13 കേസുകളിൽനിന്നും അയാൾ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു . അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകൾ സമർപ്പിക്കാനായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അവസാന കേസിലും സുപ്രീംകോടതി കോലിയെ വെറുതെവിട്ടത്.
രാജ്യതലസ്ഥാനത്തുനിന്ന് അധികം ദൂരെയല്ലാത്ത ഉത്തർപ്രദേശിലെ നോയിഡയിലുള്ള നിഥാരി ഗ്രാമത്തിലെ അഴുക്കുചാലിൽനിന്ന് കണ്ടെടുത്തത് 19 തലയോട്ടികളാണ്. നിഥാരിയിലെ സമ്പന്നർ പാർക്കുന്ന സെക്ടർ 31ലെ ബിസിനസുകാരനായ മൊനീന്ദർ സിങ് പാന്ഥറുടെ വീടിനു സമീപമുള്ള ഓടകളിൽനിന്നായിരുന്നു 11 പെൺകുട്ടികളുടെയും, ആറു ആൺകുട്ടികളുടെയും, ഒരുയുവതിയുടെയും ശരീരാവശിഷ്ടം കണ്ടെടുത്തത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇവരിൽ ഏറിയപങ്കും സെക്ടർ 36ലെ ദരിദ്രകുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു.
മൊനീന്ദർ സിങ് പന്ദറും വീട്ടിലെ സഹായി സുരേന്ദ്ര കോലിയുമാണ് പ്രതി എന്നായിരുന്നു പൊലീസ് പറഞ്ഞത്. പക്ഷെ വർഷങ്ങൾക്കിപ്പുറം സുരേന്ദ്ര കോലിയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട 13 കേസുകളിൽനിന്നും അയാൾ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു . അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകൾ സമർപ്പിക്കാനായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അവസാന കേസിലും സുപ്രീംകോടതി കോലിയെ വെറുതെവിട്ടത്. ഇപ്പോൾ ആ കേസിൽ പ്രതികളില്ല. അതായത് കൊന്നവരില്ല.
ഉത്തർപ്രദേശിന്റെ പടിഞ്ഞാറ് ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ഗ്രാമമാണ് നിഥാരി. 2006ൽ നടന്ന, രാജ്യത്തെ നടുക്കിയ ഒരു കൂട്ടക്കൊലയുടെ പേരിലാണ് അതിന്ന് അറിയപ്പെടുന്നത്.ആ ഗ്രാമത്തിലെ സെക്ടർ 36, ദരിദ്രജനവിഭാഗം തിങ്ങിപ്പാർക്കുന്ന അവിടെനിന്ന് ആയിടെ, കുട്ടികളെ കാണുന്നത് പതിവായി. കാണാതായവരെ തേടി പലരും പോലീസിനെ സമീപിച്ചു, ആദ്യമെല്ലാം നിരാശയായിരുന്നു ഫലം. ഒരു എഫ് ഐ ആർ പോലും രെജിസ്റ്റർ ചെയ്യാൻ അന്ന് അവർ തയാറായില്ല.
പരാതികൾ കൂടിയതോടെ 2006 ഡിസംബർ 29നു പോലീസ് തെരച്ചിൽ നടത്തി. ആ തെരച്ചിലിലാണ് സെക്ടർ 31ലെ D5 ബംഗ്ലാവിനു പിന്നിലെ അഴുക്കുചാലിൽനിന്ന് 15 തലയോട്ടികൾ കണ്ടെടുക്കുന്നത്. തുടരന്വേഷണത്തിൽ നാലുപേരുടെ കൂടി ലഭിച്ചു. വീടിനു പിന്നിലെ അടച്ചിട്ട സ്ഥലത്തുനിന്നും മുൻവശത്തെ അഴുക്കുചാലിൽ നിന്നും ഇരകളുടെ വസ്ത്രങ്ങൾ, കത്തി, മൃതദേഹാവശിഷ്ടങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തു.
ഉടൻ തന്നെ, മൊനീന്ദർ സിംഗ് പാന്ദറിലേക്കും, ആ വീട്ടിലെ സഹായി ആയിരുന്ന സുരേന്ദ്ര കോലിയിലേക്ക് അന്വേഷണം നീണ്ടു. പാന്തറിനെതിരെ രണ്ടും കോലിക്കെതിരെ 13 കേസുകളും ചുമത്തപ്പെട്ട. എന്നാൽ, നിതാരി കൊലപാതകങ്ങളുടെ അന്വേഷണത്തിൽ പോകെ പോകെ പല പൊരുത്തക്കേടുകൾ പ്രകടമാക്കാൻ തുടങ്ങി. പോലീസിന്റെയും പിന്നീട് കേസുകൾ ഏറ്റെടുത്ത സിബിഐയുടെയും നടപടികളിൽ സംശയങ്ങളും രൂപപ്പെട്ടു.
പായൽ സർക്കാർ എന്ന ഇരുപതുകാരിയുടെ കൊലപാതകം കോലി സമ്മതിച്ചതായും മൃതദേഹാവശിഷ്ടങ്ങൾ ഒരു തുറസ്സായ സ്ഥലത്ത് ഉപേക്ഷിച്ചതായും പോലീസ് ആദ്യം അവകാശപ്പെട്ടിരുന്നു. എന്നാൽ കേസ് കോടതിയിലെത്തിയപ്പോഴേക്കും അന്വേഷണത്തിലെ പാളിച്ചകൾ പുറത്തായി. കസ്റ്റഡി പീഡനം, നിർബന്ധിത കുറ്റസമ്മതം, പരസ്പരവിരുദ്ധമായ നിലപാടുകൾ, ജുഡീഷ്യൽ അവഗണന എന്നിവയാൽ ആകെമൊത്തം കേസ് താളംതെറ്റിയിരിക്കുന്നുവെന്ന് അലഹബാദ് ഹൈക്കോടതി കണ്ടെത്തി. ദളിത് വിഭാഗത്തിൽനിന്നുള്ള കോലിക്ക് മേൽ കേസ് അടിച്ചേൽപ്പിക്കുകയായിരുന്നു എന്നുപോലും വാദങ്ങളുണ്ടായി.
രോഗികളുടെ വൃക്ക മോഷ്ടിച്ച കേസിൽ മുമ്പ് ശിക്ഷിക്കപ്പെട്ട ഒരു ഡോക്ടർ സമീപത്ത് താമസിച്ചിരുന്നുവെന്ന കേസിലെ നിർണായക വശങ്ങൾ പോലും അന്വേഷണ സംഘങ്ങൾ അവഗണിച്ചതായി ആരോപണങ്ങൾ ഉയർന്നു. ശരീരഭാഗങ്ങൾ വെട്ടിമുറിച്ച രീതി ഒരു പ്രൊഫഷനലിന് മാത്രം സാധ്യമായ താരത്തിലാണെന്ന് കാണിച്ചുകൊണ്ടുള്ള വനിതാ-ശിശു വികസന മന്ത്രാലയം ചൂണ്ടികാണിച്ചതെല്ലാം ആ വാദത്തിന് ശക്തി പകരുകയും ചെയ്തു. ഒരു വിഭാഗം മാധ്യമങ്ങൾ കോലിയെ പ്രതിയാക്കാൻ ശ്രമിച്ചതായി ദി റിപ്പോർട്ടേഴ്‌സ് കളക്ടീവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ആദ്യഘട്ടത്തിൽ പാന്ഥരും കോലിയും കൊലപാതകത്തിൽ പങ്കാളികളാണെന്ന് അന്വേഷണ സംഘം ആരോപിച്ചെങ്കിലും പതിയെ കോലിയിലേക്ക് മാത്രം ശ്രദ്ധതിരിയുകയായിരുന്നു. പാന്ദറിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ കോലി പലതവണ കോടതികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 12 കേസുകളിൽ അലഹബാദ് കോടതി കോലിയെ വെറുതെവിട്ടെങ്കിലും ഒരുകേസ് മാത്രം നിലനിർത്തി. സുപ്രീംകോടതിയിൽ പോയെങ്കിലും കോലിയുടെ ശിക്ഷ ശരിവക്കുകയായിരുന്നു ഉണ്ടായത്. എന്നാലൊടുവിൽ സുപ്രീംകോടതി അത് തിരുത്തിയിരിക്കുന്നു.
2011 ഫെബ്രുവരി 15 നും 2014 ഒക്ടോബർ 28 നും കോലിയുടെ ശിക്ഷ ശരിവെച്ചതും പുനഃപരിശോധനാ ഹർജി തള്ളിയതുമായ മുൻ വിധികൾ സുപ്രീം കോടതി റദ്ദാക്കി. 2009 ഫെബ്രുവരി 13 ലെ സെഷൻസ് കോടതി വിധിയും തുടർന്നുള്ള 2009 ഒക്ടോബർ 11 ലെ ഉത്തരവും ബെഞ്ച് റദ്ദാക്കി. മറ്റേതെങ്കിലും കേസുമായി ബന്ധപ്പെട്ട് ആവശ്യമില്ലെങ്കിൽ അദ്ദേഹത്തെ ഉടൻ വിട്ടയയ്ക്കാൻ ഉത്തരവിട്ടതായാണ് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോൾ കുപ്രസിദ്ധമായ ഈ നിഥാരി കൂട്ടക്കൊലക്കേസിൽ കൊന്നവരില്ല. നീതിക്കായി അലയുന്ന കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ മാത്രമേയുള്ളു. ശരിക്കും ഇവിടെ ആരാണ് കുറ്റവാളികൾ? കൊല്ലപ്പെട്ട ഒരു കുട്ടിയുടെ 'അമ്മ ചോദിച്ച പോലെ, ആരും കൊന്നിട്ടില്ലെങ്കിൽ പിന്നെ പ്രേതമാണോ ആ 19 പേരെ അഴുക്കുചാലിൽ കൊണ്ടിട്ടത്?