'ചെറിയ കുട്ടി ഓടിവന്ന് പറഞ്ഞു, ചേച്ചിയെ കുത്തിക്കൊന്നു... എനിക്കും കുത്തേറ്റു'

കഴിഞ്ഞ 16 വര്‍ഷത്തിനിടെ രാജ്യത്താകെ 45,000 പേര്‍ക്കാണ് പ്രണയ കൊലപാതകങ്ങളാല്‍ ജീവന്‍ നഷ്ടമായത്

Update: 2021-06-17 08:21 GMT

മലപ്പുറം പെരിന്തല്‍മണ്ണയില്‍ 21 കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിനാലെന്ന് പൊലീസ്. തുടര്‍ച്ചയായി പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഏലംകുളം എളാട് ചെമ്മാട്ട് സ്വദേശി 21 വയസുകാരിയായ ദൃശ്യ ആണ് മരിച്ചത്. പ്രതി വിനീഷ് വിനോദ് (21) പൊലീസ് കസ്റ്റഡിയിലാണ്.

വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി രണ്ടാം നിലയിലെ മുറിയിലായിരുന്ന പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയം ദൃശ്യയും സഹോദരി ദേവശ്രീയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപകടം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരിയായ പതിമൂന്ന് വയസുകാരി ദേവശ്രീക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നിലവിളി കേട്ട് അടുക്കളയിലായിരുന്ന അമ്മ എത്തുമ്പോഴേക്കും ദൃശ്യ മരിച്ചിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുവിനോട് ഇളയകുട്ടി പറഞ്ഞത് ഇങ്ങനെയാണ്. 'ചേച്ചിയെ കുത്തിക്കൊന്നു, എന്നെയും കുത്തി'. ഗുരുതര പരിക്കേറ്റ ദേവശ്രീ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Advertising
Advertising

കൊല്ലപ്പെട്ട ദൃശ്യ

സംഭവ ശേഷം രക്തം പുരണ്ട വസ്ത്രത്തോടെ പുറത്തിറങ്ങിയ പ്രതി. ഓട്ടോയ്ക്ക് കൈകാട്ടി തനിക്ക് വാഹനാപകടം സംഭവിച്ചുവെന്നും തന്നെ പെരിന്തല്‍മണ്ണയില്‍ എത്തിക്കണമെന്നും പറയുകയായിരുന്നു. യാത്രക്കിടെ പ്രദേശവാസികള്‍ വിവരം ഫോണ്‍ വിളിച്ച് അറിയിച്ചതോടെയാണ് ഓട്ടോ ഡ്രൈവര്‍ കാര്യം അറിയുന്നത്. ഓട്ടോ ഡ്രൈവര്‍ തന്ത്രപൂര്‍വ്വം തന്റെ സുഹൃത്തിനെയും ഓട്ടോയില്‍ കയറ്റി പ്രതിയെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രണയം നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. മരിച്ച ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ കട കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചിരുന്നു. കടക്ക് തീവെച്ചത് താനാണെന്നും പ്രതി കുറ്റസമ്മതം നടത്തിയെന്നാണ് വിവരം.

പൊലീസ് കസ്റ്റഡിയിലുള്ള വിനീഷ്

എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയാണ് ദൃശ്യ. പ്ലസ്ടു മുതല്‍ പ്രതിയായ വിനീഷ് പ്രണയാഭ്യര്‍ത്ഥനയുമായി ദൃശ്യക്ക് പുറകെ ഉണ്ടായിരുന്നു. ശല്യം സഹിക്കവയ്യാതെ പൊലീസില്‍ അടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും ദൃശ്യയുടെ ബന്ധുക്കള്‍ പറഞ്ഞു. പിന്നെയും പ്രതി ശല്യം ചെയ്യുന്നത് തുടര്‍ന്നു. നാട്ടുകാരടക്കം ഇടപെട്ട് വിനീഷിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊലപാതകം നടന്ന വീട്ടില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് വിനീഷിന്റെ വീട്.

കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായിരുന്നു ദൃശ്യയുടെ പിതാവിന്റെ കടയ്ക്ക് തീവെച്ചത്. കൃത്യം നടത്തിയ ശേഷം പ്രതി സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവറോട് കൂടെയുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കാര്യവും സൂചിപ്പിച്ചിരുന്നു എന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ വിനീഷ് തനിച്ചല്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ഈക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. 

പ്രണയ കൊലപാതകങ്ങള്‍ കേരളത്തിലടക്കം വര്‍ധിച്ചുവരികയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ 16 വര്‍ഷത്തിനിടെ രാജ്യത്താകെ 45,000 പേര്‍ക്കാണ് പ്രണയ കൊലപാതകങ്ങളാല്‍ ജീവന്‍ നഷ്ടമായത്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News