കോഹ്‌ലിയും ശാസ്ത്രിയും മാറും ദ്രാവിഡും ഗെയ്ക്‌വാദും വരും; ന്യൂസിലൻഡ് പരമ്പരയ്ക്ക് പുതിയ മുഖം

ദേശീയ ടീമിന്റെ തുടർച്ചയായ മത്സരങ്ങളും ഐപിഎൽ മത്സരങ്ങളും ഇന്ത്യൻ ടീമിന്റെ ട്വന്റി-20 ലോകകപ്പ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു എന്നരീതിയിലുള്ള വിമർശനങ്ങൾക്കിടെയാണ് തീരുമാനം.

Update: 2021-11-08 10:38 GMT
Editor : Nidhin | By : Web Desk
Advertising

ട്വന്റി-20 ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ ന്യൂസിലൻഡുമായി നടക്കുന്ന ട്വന്റി-20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകാനൊരുങ്ങി ബിസിസിഐ. നായകൻ വിരാട് കോഹ്ലി, പേസർ ജസ്പ്രീത് ബൂമ്ര, രവീന്ദ്ര ജഡേജ, രോഹിത് ശർമ, കൂടാതെ റിഷഭ് പന്തിനും വിശ്രമം നൽകുമെന്നാണ് റിപ്പോർട്ട്.

ദേശീയ ടീമിന്റെ തുടർച്ചയായ മത്സരങ്ങളും ഐപിഎൽ മത്സരങ്ങളും ഇന്ത്യൻ ടീമിന്റെ ട്വന്റി-20 ലോകകപ്പ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു എന്നരീതിയിലുള്ള വിമർശനങ്ങൾക്കിടെയാണ് തീരുമാനം. ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്തായിരുന്നു. മൂന്ന് ട്വന്റി-20കളും രണ്ട് ടെസ്റ്റുകളുമടങ്ങുന്ന ന്യൂസിലൻഡിന്റെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത് നവംബർ 17നാണ്.

അതേസമയം സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയതോടെ ടീമിലേക്ക് വിളി കാത്തുനിൽക്കുന്ന യുവതാരങ്ങൾക്ക് അവസരം നൽകാൻ സാധ്യതയുണ്ട്. മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ച റിതുരാജ് ഗെയ്ക്‌വാദാണ് അതിൽ പ്രധാനി. കഴിഞ്ഞ ഐപിഎൽ സീസണിൽ എമേർജിങ് പ്ലെയറും കൂടുതൽ റൺസ് നേടിയതിനുള്ള ഓറഞ്ച് ക്യാപ്പ് ഈ ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിനായിരുന്നു. ഗെയ്ക്‌വാദിനെ കൂടാതെ ചേതൻ സക്കറിയ, വെങ്കടേഷ് അയ്യർ, ആവേശ് ഖാൻ എന്നീ താരങ്ങൾക്കും ടീമിലേക്ക് വിളിയെത്താൻ സാധ്യതയുണ്ട്. പ്രസിദ്ധ് കൃഷ്ണയ്ക്കും മുഹമ്മദ് സിറാജിനും അവസരം ലഭിക്കാൻ സാധ്യതയുണ്ട്.

മറ്റൊരു പ്രത്യേകത ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിച്ച രാഹുൽ ദ്രാവിഡിന് കീഴിലുള്ള ആദ്യ പരമ്പരയാണിത്. നേരത്തെ രാഹുലിന് കീഴിൽ ശ്രീലങ്കയ്‌ക്കെതിരേ കളിച്ചിരുന്നെങ്കിലും രവി ശാസ്ത്രിയായിരുന്നു അപ്പോൾ പ്രധാന ടീമിന്റെ പരിശീലകൻ. കൂടാതെ പുതിയ ബാറ്റിങ്, ബോളിങ്, ഫീൽഡിങ് പരീശീലകരെയും ഈ പരമ്പരയ്ക്ക് മുമ്പ് ബിസിസിഐ പ്രഖ്യാപിക്കും.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News