ഇന്ധന വില കുറയ്ക്കും, റേഷൻ കാർഡുള്ളവര്‍ക്ക് 4000 രൂപ; വാഗ്ദാന പെരുമഴയുമായി ഡിഎംകെ

തമിഴ്നാട്ടിൽ ഏറെ വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കാൻ നിയമ നിർമാണം നടത്തും.

Update: 2021-03-13 13:56 GMT

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഡിഎംകെയുടെ പ്രകടന പത്രിക പുറത്തിറക്കി. ഇന്ധന വില കുറക്കുന്നതുൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് പത്രികയിൽ ഉള്ളത്. സീറ്റ് വിഭജനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ പ്രകടന പത്രിക പുറത്തിറക്കിയത്.

പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് നാല് രൂപയും കുറയ്ക്കും. പാചക വാതക സിലിണ്ടറിന് 100 രൂപ സബ്സിഡി നൽകും. തമിഴ്നാട്ടിൽ ഏറെ വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കാൻ നിയമ നിർമാണം നടത്തും. നെല്ലിന്റെ താങ്ങുവില 2200 ആക്കി ഉയർത്തും. അമ്മ കാന്റീൻ മാതൃകയിൽ 500 കലൈഞ്ജർ കാന്റീനുകൾ ആരംഭിക്കും. ഇങ്ങനെ സാധാരണക്കാരെയും കർഷകരെയുമെല്ലാം ചേർത്തു നിർത്തുന്നതാണ് ഡിഎംകെയുടെ പ്രകടന പത്രിക.

Advertising
Advertising

എട്ടാം ക്ലാസ് വരെ തമിഴ് പഠനം നിർബന്ധമാക്കും. ഭാഷയെന്ന തമിഴ്നാട്ടുകാരുടെ വികാരം വോട്ടാക്കി മാറ്റാനാണ് ഇത്. ഗ്രാമസഭയുടെ മാതൃകയിൽ എല്ലാ മണ്ഡലങ്ങളിലും ജനസഭ, മന്ത്രിമാരുടെ അഴിമതിക്കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക കോടതി, രണ്ട് ലക്ഷം തസ്തികകൾ സൃഷ്ടിക്കും, സർക്കാർ ജോലികളിലെ 3.5 ലക്ഷം ഒഴിവ് നികത്തും, കരാർ അധ്യാപകരെ സ്ഥിരപ്പെടുത്തും, സ്വകാര്യ മേഖലയിലെ തൊഴിലിലും സംവരണം, വ്യവസായശാലകളിലെ തൊഴിലിൽ 75 ശതമാനം തമിഴ്നാട്ടുകാർക്ക് സംവരണം, കോവിഡ് സാഹചര്യം പരിഗണിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4000 രൂപ വീതം നൽകും തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ.

Tags:    

Similar News