ദുബൈ ബസപകടം: ഡ്രൈവർക്ക് ഒരു വർഷം മാത്രം തടവ്, പിഴത്തുകയിൽ മാറ്റമില്ല

മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസ് അപകടത്തിലെ ഡ്രൈവറുടെ ശിക്ഷ അപ്പീൽകോടതി വെട്ടിക്കുറച്ചു. ഒമാൻ സ്വദേശിയുടെ ശിക്ഷയാണ് ഏഴ് വർഷത്തിൽ നിന്ന് ഒരു വർഷമായി ചുരുക്കിയത്

Update: 2021-02-26 01:41 GMT

മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസ് അപകടത്തിലെ ഡ്രൈവറുടെ ശിക്ഷ അപ്പീൽകോടതി വെട്ടിക്കുറച്ചു. ഒമാൻ സ്വദേശിയുടെ ശിക്ഷയാണ് ഏഴ് വർഷത്തിൽ നിന്ന് ഒരു വർഷമായി ചുരുക്കിയത്. അതേസമയം, 50 ലക്ഷം ദിർഹം പിഴയും 34 ദശലക്ഷം ദിർഹം ബ്ലഡ് മണിയും നൽകണമെന്ന വിധിയിൽ മാറ്റമില്ല.

തടവുകാലയളവ് വെട്ടിക്കുറച്ച അപ്പീൽ കോടതി, നഷ്ടപരിഹാര തുക മരിച്ചവരുടെ ബന്ധുക്കൾക്ക് കൈമാറാനും നിർദേശിച്ചു. എന്നാൽ, ഡ്രൈവറെ ശിക്ഷ കാലാവധി പൂർത്തിയാക്കി നാടുകടത്തണമെന്ന വിധിയും കോടതി റദ്ദാക്കി. 2019 ജൂലൈയിലാണ് ഡ്രൈവർക്കെതിരായ വിധി വന്നത്. ഏഴ് വർഷം തടവും 50 ലക്ഷം ദിർഹം പിഴയും ഒരുവർഷത്തേക്ക് ലൈസൻസ് റദ്ധ് ചെയ്യാനുമായിരുന്നു ട്രാഫിക് കോടതിയുടെ വിധി. ഇതിനെതിരെയാണ് ഡ്രൈവർ അപ്പീൽ നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിൽ സ്ഥാപിച്ച ഡിവൈഡറുകളാണ് അപകടത്തിന് കാരമെന്നായിരുന്നു ഡ്രൈവറുടെ വാദം.

Advertising
Advertising

Full View

2019 ജൂൺ ആറിനാണ് ദുബൈയിൽ എട്ട് മലയാളികളുടെ ജീവനെടുത്ത അപകടമുണ്ടായത്. മരിച്ച 17 പേരിൽ 12ഉം ഇന്ത്യക്കാരായിരുന്നു. പെരുന്നാൾ സന്തോഷങ്ങൾക്കിടെ ഒമാനിലെ മസ്കത്തിൽ നിന്ന് 31 യാത്രക്കാരുമായി വന്ന മുവാസലാത്ത് ബസ് റാഷിദീയയിലെ സൈൻബോർഡിൽ ഇടിച്ചായിരുന്നു അപകടം. തിരുവനന്തപുരം സ്വദേശി ദീപകുമാർ, തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, തലശ്ശേരി സ്വദേശി ചോണക്കടവത്ത് ഉമ്മർ, മകൻ നബീൽ ഉമ്മർ, തൃശൂർ ചെമ്പൂക്കാവ് സ്വദേശി കിരൺ ജോണി, കോട്ടയം സ്വദേശി വിമൽ കുമാർ കാർത്തികേയൻ, കണ്ണുർ മൊറാഴ സ്വദേശി രാജൻ പുതിയപുരയിൽ, വാസുദേവൻ വിഷ്ണുദാസ് എന്നിവരായിരുന്നു മരിച്ച മലയാളികൾ. രണ്ട് പാക്കിസ്താനികളും ഒമാൻ, അയർലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും മരിച്ചിരുന്നു.

Tags:    

Similar News