പ്രതീക്ഷ വേണ്ട; എണ്ണവില അടുത്ത കാലത്തൊന്നും കുറയില്ല!

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്

Update: 2021-07-07 11:44 GMT
Editor : abs | By : Web Desk
Advertising

റോക്കറ്റു പോലെയാണ് ഇന്ത്യയിലെ എണ്ണവില കുതിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രചരിത്രത്തിൽ ആദ്യമായി പെട്രോൾ ലിറ്ററിന് നൂറു രൂപ കടന്നു. ഡീസൽ വില നൂറിന് അടുത്തു നിൽക്കുന്നു. അടിക്കടിയുള്ള വിലവർധന ജനജീവിതത്തെ മറ്റെന്നെത്തേക്കാളുമേറെ ദുസ്സഹമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തെ മിക്കവാറും എല്ലാവരും ഇപ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- അടുത്ത കാലത്ത് എന്നെങ്കിലും എണ്ണ വില കുറയുമോ? അങ്ങനെയൊരു പ്രതീക്ഷയ്ക്ക് വകയുണ്ടോ?

ഈ വർഷം ഇതുവരെ 63 തവണയാണ് എണ്ണ വില വർധിപ്പിച്ചത്. രണ്ടു മാസത്തിനിടെ മാത്രം 36 വിലവർധനയാണ് ഉണ്ടായത്. ഇക്കാലയളവിൽ മാത്രം ലിറ്ററിന് 7-8 രൂപയാണ് കൂടിയത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത് എന്നാണ് എണ്ണക്കമ്പനികളും സർക്കാറും പറയുന്നത്.

വില വർധന തുടരും

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. യുഎസ് ക്രൂഡ് ഓയിലായ വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റിന്(ഡബ്ല്യൂടിഐ) ബാരൽ ഒന്നിന് 75 ഡോളറാണ് ചൊവ്വാഴ്ചയിലെ വില. 2014 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ വിലയാണിത്. യുഎസ് ക്രൂഡ് ഓയിലിൽ ഈ വർഷം ഇതുവരെ 58 ശതമാനം വർധനയാണ് ഉണ്ടായത്. ബെന്റ് ക്രൂഡ് ഓയിലിന് ബാരൽ ഒന്നിന് 77 ഡോറളാണ് വില. ഇത് മൂന്നു വർഷത്തെ ഏറ്റവും വലിയ നിരക്കാണ്. 

ഉൽപ്പാദനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒപെക് പ്ലസ് രാജ്യങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ ചർച്ച സ്തംഭിച്ചതോടെ അസംസ്‌കൃത എണ്ണയുടെ വില ഇനിയും വർധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്തെ ഡിമാൻഡ് പരിഗണിച്ച് ഉൽപ്പാദനം വർധിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു എങ്കിലും ഒപെക് ചെവിക്കൊണ്ടിട്ടില്ല.

വിസമ്മതിച്ച് യുഎഇ

ഓഗസ്റ്റ് മുതൽ ഈ വർഷം അവസാനം വരെ ദിനംപ്രതി നാല് ലക്ഷം ബാരലുകൾ അധികം ഉത്പാദിപ്പിക്കണമെന്ന നിർദേശമാണ് ഒപെക് പ്ലസ് കൂട്ടായ്മയ്ക്കു മുമ്പിലുണ്ടായിരുന്നത്. സൗദിയും റഷ്യയും ഇക്കാര്യം അംഗീകരിച്ചെങ്കിലും യുഎഇ ഇടഞ്ഞു നിന്നു. ഉപാധികളോടെയുള്ള ഉത്പാദനം അംഗീകരിക്കാൻ പറ്റില്ലെന്നാണ് യുഎഇയുടെ നിലപാട്.

ആഗോള ആവശ്യത്തിന് അനുസൃതമായി എണ്ണയുടെ ഉത്പാദനവും വിതരണവും വർധിച്ചിട്ടില്ലെങ്കിൽ ക്രൂഡ് ഓയിൽ വില ബാരലിന് നൂറു ഡോളർ വരെ എത്താമെന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസി പറയുന്നത്. വില 80 ഡോളർ ആയാൽ തന്നെ വിലയിൽ ഇനിയും മാറ്റങ്ങളുണ്ടാകും.

ഇന്ത്യയെ എങ്ങനെ ബാധിക്കും

ഉൽപ്പാദനത്തിൽ പുതിയ ലക്ഷ്യം നിർണയിക്കാൻ ഒപെക് പ്ലസ് യോഗത്തിനായിട്ടില്ല. സൗദിയും യുഎഇയും തമ്മിലുള്ള തർക്കം തന്നെ പ്രധാനകാരണം. കൂടുതൽ ഉദ്പാദനം ഉണ്ടാകാത്ത സാഹചര്യത്തിൽ സ്വന്തം ഇന്ധന ആവശ്യത്തിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങൾക്ക് അത് വൻ തിരിച്ചടിയാകും. ലോകത്തിലെ ക്രൂഡ് ഓയിൽ ശേഖരത്തിന്റെ 79 ശതമാനവും ഒപെക് രാജ്യങ്ങളുടെ കൈവശമാണുള്ളത്. ആ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നതും. അതു കൊണ്ടു തന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും ആഭ്യന്തര വിപണിയെ ബാധിക്കും.

നടുവൊടിക്കുന്ന നികുതി

അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളേക്കാൾ കേന്ദ്ര-സംസ്ഥാന നികുതിയാണ് രാജ്യത്ത് എണ്ണ വില ഉയർത്തുന്നതിൽ പ്രധാനപ്പെട്ട ഘടകം. ക്രൂഡ് ഓയിൽ വില 30ലേക്ക് താഴ്ന്ന വേളയിലും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് കൈമാറാൻ സർക്കാറോ എണ്ണക്കമ്പനികളോ തയ്യാറായിരുന്നില്ല. എണ്ണയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും കേന്ദ്രസർക്കാർ ചെവിക്കൊണ്ടിട്ടില്ല.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News