സിബിഎസ്ഇ, ഐസിഎസ്ഇ,സംസ്ഥാന ബോർഡുകൾ.....; കുട്ടികള്‍ക്ക് മികച്ചത് എങ്ങനെ തെരഞ്ഞെടുക്കാം... ?
ഏത് വിദ്യാഭ്യാസ ബോർഡാണ് തെരഞ്ഞെടുക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി കുട്ടികളെ വിലയിരുത്തുന്നതും സ്ഥിരം കാഴ്ചയാണ്
'മോനേതാ പഠിക്കുന്നത്...സിബിഎസ്ഇ ആണോ..അതോ,സ്‌റ്റേറ്റ് സിലബസാണോ'..,
മോള് ഐസിഎസ്ഇ സിലബസിലാണ് പഠിക്കുന്നത്...ഒരുപാട് പഠിക്കാനുണ്ട്'....
നമ്മുടെ നാട്ടില്‍ ഒരു കുട്ടിയെ സ്‌കൂളിൽ ചേർക്കുന്ന സമയത്ത് ബന്ധുക്കളും അയൽക്കാരും പരിചയക്കാരും സ്ഥിരമായി ചോദിക്കുന്ന കുശലാന്വേഷണങ്ങളാണ് ചിലത് മാത്രമാണിത്... നിഷ്‌കളങ്കമായി തോന്നുന്ന ഇത്തരം ചോദ്യങ്ങൾ പലപ്പോഴും ജിജ്ഞാസയേക്കാൾ തലമുറകളായി ആഴത്തിൽ വേരൂന്നിയ സാമൂഹിക പക്ഷാപാതത്തെയാണ് വെളിപ്പെടുത്തുന്നത്. കുട്ടിയെ ഏത് സ്‌കൂളിൽ പഠിപ്പിക്കുന്നു എന്നതിനേക്കാൾ ഏത് വിദ്യാഭ്യാസ ബോർഡാണ് തെരഞ്ഞെടുക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി കുട്ടികളെ വിലയിരുത്തുന്നതും സ്ഥിരം കാഴ്ചയാണ്. ഐസിഎസ്ഇയിൽ പഠിക്കുന്ന കുട്ടികളെ നന്നായി പഠിക്കുന്നവരും, നന്നായി വായിക്കുന്നവരും സാംസ്‌കാരികമായി പരിഷ്‌കൃതരുമായാണ് കാണുന്നത്. ഇംഗ്ലീഷിലുള്ള അവരുടെ പ്രാവീണ്യവും കണക്കിലെടുത്ത് അവർ സമ്പന്നരോ നഗരവാസികളോ അതുമല്ലെങ്കിൽ 'എലൈറ്റ്' കുടുംബങ്ങളിൽപെട്ടവരോ ആണെന്ന് പൊതുധാരണയുണ്ട്. എന്തിന് ഐസിഎസ്ഇ എന്ന് പറയുന്നതിന് തന്നെ ഒരു ഗമയും അന്തസ്സും കാണുന്നവരും ഏറെയാണ്.
സിബിഎസ്ഇ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ ഭാവിയിലെ ഡോക്ടറും എൻജിനീയറുമൊക്കെയാക്കി കണക്കാക്കി വെച്ചിട്ടുണ്ട് സമൂഹം. ശാസ്ത്രത്തിലും ഗണിതത്തിലും ഇവർ കൂടുതൽ തിളങ്ങുകയും നീറ്റ്,ജെഇഇ പോലുള്ള പ്രവേശന പരീക്ഷകളിൽ ഉന്നതവിജയം നേടുന്നതും സിബിഎസ്ഇ വിദ്യാർഥികളാണ്.ഇവര്‍ അച്ചടക്കമുള്ളവരായി വളരുന്നവരും, ഭാവിയിലേക്ക് ശ്രദ്ധയൂന്നി പഠിക്കുന്നവരുമാണെന്നും കണക്കാക്കപ്പെട്ടവരുന്നു.
അടിസ്ഥാനസൗകര്യങ്ങളും വിദ്യാഭ്യാസ രീതിയിലും അധ്യാപനത്തിലും ഏറെ മുന്നിട്ട് നിൽക്കുന്നുണ്ടെങ്കിലും ഇന്നും സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികളെ വിലകുറച്ച് കാണുന്നവരും ചെറുതല്ല. യോഗ്യത കുറഞ്ഞവരും, ആശയവിനിമയ വൈദഗ്ധ്യം ഇല്ലാത്തവരുമായി അവരെ മുദ്രകുത്താറുണ്ട്.
എന്നാൽ ഇതെല്ലാം യാഥാർഥ്യങ്ങളിൽ നിന്ന് ഏറെ അകലെയാണെന്നും കുട്ടിയുടെ ബൗദ്ധികവും വൈകാരികവുമായ വളർച്ചയെ സ്വാധീനിക്കുന്നത് ഏത് ബോർഡിൽ നിന്ന് വിദ്യാഭ്യാസം നേടുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ല. മറിച്ച് ഓരോ കുട്ടിയുടെയും ജന്മനായുള്ള കഴിവ്,പരിശ്രമം,സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം,കുടുംബത്തിന്റെ പിന്തുണ തുടങ്ങിയവാണ്. വിദ്യാർഥിയെ അവരുടെ ബോർഡ് മാത്രം നോക്കി വിലയിരുത്തുന്നത് അവരുടെ വ്യക്തിത്വത്തെ അവഗണിക്കുന്നതിന് തുല്യമാണ്.
ബോര്‍ഡുകളും അവയുടെ പ്രത്യേകതകളും
ഐസിഎസ്ഇ-,ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ
ഐസിഎസ്ഇ കരിക്കുലത്തിൽ ഇംഗ്ലീഷ് വെറുമൊരു വിഷയമായിട്ടല്ല കാണുന്നത്. മറിച്ച് കുട്ടിയുടെ ബൗദ്ധിക പര്യവേക്ഷണത്തിനുള്ള മാധ്യമമായാണ് കണക്കാക്കുന്നത്. ഇത് വിദ്യാർഥികളുടെ ഭാഷാ പ്രാവിണ്യം വർധിപ്പിക്കാനും, ആത്മവിശ്വാസത്തോടെ സംസാരിക്കാനും എഴുതാനും കഴിവുള്ളവരായി പ്രാപ്തരാക്കുന്നു. ഗണിതം, ശാസ്ത്രം എന്നിവയോടൊപ്പം തന്നെ സാഹിത്യം ചരിത്രം,സാമൂഹ്യശാസ്ത്രം,കല എന്നിവക്കും തുല്യപ്രധാന്യം നൽകുന്നുണ്ട്. പഠനം പലപ്പോഴും പ്രൊജക്ട് അധിഷ്ഠിതവും അന്വേഷണാധിഷ്ഠിതവുമാണ്. വായന,എഴുത്ത് എന്നിവ ഇഷ്ടപ്പെടുന്നവർക്കും പുതിയ കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയും താൽപര്യവുമുള്ള വിദ്യാർഥികൾക്കും ഈ ബോർഡ് അനുയോജ്യമാണ്. നിയമം,ഡിസൈൻ,ലിബറൽ ആർട്‌സ്,മാനവിക വിഷയങ്ങൾ തുടങ്ങിയവ കരിയറാക്കാൻ ഇഷ്ടപ്പെടുന്നവർക്കും ഈ ബോർഡ് അനുയോജ്യമാണ്.
സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ബോർഡുകളിലൊന്നാണ് സിബിഎസ്ഇ.പരീക്ഷാധിഷ്ഠിത ചട്ടക്കൂടുകൾക്കും കൃത്യമായ ഘടനയുള്ളതുമായ സിലബസിനും പേരുകേട്ടതാണിത്. ഗണിതശാസ്ത്രം, ശാസ്ത്രം,സാമൂഹ്യശാസ്ത്രം എന്നിങ്ങനെ പ്രധാന അക്കാദമിക് വിഷയങ്ങളിലാണ് ഇത് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. JEE NEET CUET തുടങ്ങിയ പ്രധാനപ്പെട്ട മത്സര പരീക്ഷകൾക്ക് ഉതകുന്ന രീതിയിലാണ് പഠനം. എൻജിനീയറിങ്,മെഡിക്കൽ,സിവിൽ സർവീസ് തുടങ്ങിയ കരിയറുകൾ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ ബോർഡ് മികച്ച പിന്തുണ നൽകും.
സംസ്ഥാന ബോർഡുകൾ...
ഓരോ സംസ്ഥാന ബോർഡിനെയും നിയന്ത്രിക്കുന്നത് അതത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ്. കൂടാതെ പ്രാദേശിക ഭാഷ,സംസ്‌കാരം, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം എന്നിവ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വലിയൊരു ജനവിഭാഗത്തിന് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ സംസ്ഥാന ബോർഡുകൾ നിർണായക പങ്ക് വഹിക്കുന്നു. തൊഴിൽ നൈതികത,യഥാർഥ ലോകവുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയും കുട്ടികളിൽ വളർത്തിയെടുക്കാൻ സംസ്ഥാന ബോർഡുകൾക്ക് സാധിക്കുന്നു. സാമൂഹിക പക്ഷാപാതം നേരിടേണ്ടി വരുന്നുണ്ടെങ്കിലും സംസ്ഥാന ബോർഡുകളിൽ പഠിച്ച വിദ്യാർഥികൾ ഉയരങ്ങൾ കീഴടക്കുന്നതിന് ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. പ്രാദേശിക ഭാഷയിലാണ് പഠനമെങ്കിലും ശരിയായ അവസരങ്ങളും പ്രോത്സാഹനവും കിട്ടുന്നതുമൂലം ഇവർക്ക് വിജയം നേടാൻ സാധിക്കുകയും ചെയ്യും.
ഓരോ വിദ്യാഭ്യാസ സമ്പ്രദായവും അക്കാദമിക് അറിവ് നൽകുക മാത്രമല്ല, ഒരു വിദ്യാർഥിയുടെ ലോകവീക്ഷണം,വ്യക്തിത്വം, ലക്ഷ്യം എന്നിവ രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏത് ബോർഡുകളിൽ പഠിച്ചാലും അവർ എങ്ങനെയാണ് ചിന്തിക്കുന്നത്,പ്രതിസന്ധിഘട്ടങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു,ജീവിതത്തെ എങ്ങിനെ നോക്കിക്കാണുന്നു തുടങ്ങിയവയാണ് പരിഗണിക്കേണ്ടത്...
മക്കളെ അറിയുക,അവരുടെ കഴിവുകളെ മനസിലാക്കുക
മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയും ആകുലതയുമാണ്. ഏത് ബോർഡിൽ ചേർക്കുമെന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി ചിന്തിക്കുക...കുട്ടിക്ക് വായിക്കാനും എഴുതാനും ഇഷ്ടമുണ്ടോ,സർഗാത്മകതയും, ഭാവനാശേഷിയുള്ളവരാണെന്ന് തോന്നിയിട്ടുണ്ടോ...എങ്കിൽ ഐസിഎസ്ഇ അനുയോജ്യമായിരിക്കും.ദേശീയ പരീക്ഷകൾ,ലോജിക്കൽ റീസണിങ് എന്നിവയൊക്കെ താൽപര്യമുള്ളവരാണെങ്കിൽ സിബിഎസ്ഇ ആയിരിക്കും നല്ലത്..നാട്ടിലുള്ള സ്‌കൂളിലെ സാധാരണ വിദ്യാഭ്യാസം നൽകിയാലും കുട്ടി മികച്ച രീതിയിൽ പഠിക്കും, കൂടുതൽ ഫീസ് കൊടുത്ത് പഠിപ്പിക്കാനാവില്ല എന്നിങ്ങനെയുണ്ടെങ്കിൽ സ്റ്റേറ്റ് ബോർഡ് അനുയോജ്യമാകും.
ഏത് ബോർഡ് എന്നതിനേക്കാൾ മികച്ച അധ്യാപകരും മികച്ച പഠനാന്തരീക്ഷമുള്ള സ്‌കൂളുമാണ് എപ്പോഴും പരിഗണിക്കേണ്ടത്. അധ്യാപനം മോശമായ സ്‌കൂളിൽ സിബിഎസ്ഇയോ ഐസിഎസ്ഇയോ സിലബസ് പഠിപ്പിച്ചാലും കുട്ടിക്ക് അത് ഗുണം ചെയ്യില്ല. സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന നാട്ടിൻ പുറങ്ങളിലെ സ്‌കൂളുകളിൽ മികച്ച വിദ്യാർഥികളെ വാർത്തെടുക്കുന്നത് സ്‌കൂളും അധ്യാപകരും അവിടുത്തെ പഠനാന്തരീക്ഷവുമാണ്. ഏത് ബോർഡിൽ പഠിച്ചാലും കുട്ടിക്ക് വളരാനും അവരുടെ ചിന്തകളും വായനകളും വളരാനുമുള്ള അവസരം ഒരുക്കിക്കൊടുക്കുക.
മാർക്ക് നേടുക എന്നതല്ല ഏത് വിദ്യാഭ്യാസത്തിന്റെയും അടസ്ഥാനപരമായ ലക്ഷ്യം പകരം,അവരുടെ ചിന്തകളെ രൂപപ്പെടുത്തുക,അർഥവത്തായ ജീവിതം നയിക്കാൻ അവരെ സജ്ജമാക്കുക,നല്ല മനസിനും ഹൃദയത്തിനും ഉടമകളാക്കി വളർത്തുക എന്നിവയാണ്. ഏത് ബോർഡിൽ പഠിപ്പിക്കുന്നതാണ് നല്ലത് എന്നതിന് പകരം എന്റെ കുട്ടിക്ക് മികച്ച വ്യക്തിത്വവും ജീവിത വിജയവും ഉണ്ടാക്കിയെടുക്കാൻകഴിയുന്നത് എവിടെയാണ് എന്ന് പരിഗണിക്കുക. അക്കാദമിക് വിജയം മാത്രമല്ല, ചിന്താശേഷിയുള്ള, മികച്ച പൗരന്മാരെ വളർത്തിയെടുക്കുകഎന്നത് കൂടിയാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.