പാമ്പുകളെ ദേഹത്ത് കിടത്തി ഒരുഗ്രന്‍ ഉഴിച്ചില്‍; വൈറലായി ഈ മസാജ് പാര്‍ലര്‍
ഉഴിച്ചിലിന് 28 വിവിധ തരത്തിലുള്ള പാമ്പുകളെ ഉപയോഗിക്കുമെന്ന് ജീവനക്കാര്‍ പറയുന്നു
നല്ല തെളിഞ്ഞ എണ്ണ ദേഹത്ത് ഒഴിച്ച് ശരീരം മുഴുവന്‍ ഉഴിഞ്ഞും തിരുമ്മിയുമുള്ള മസാജിങ്ങുകള്‍ നമ്മള്‍ പലരും കണ്ടും അനുഭവിച്ചും കാണും. എന്നാല്‍ ഒരു കൂട്ടം പാമ്പുകളെ ദേഹത്ത് കിടത്തിയുള്ള ഉഴിച്ചില്‍ നമുക്ക് അത്ര പരിചിതമല്ല.
ഈജിപ്തിലെ ഒരു സ്പായിലാണ് ചെറുതും വലുതുമായ വിഷമില്ലാത്ത പാമ്പുകളെ ഉപയോഗിച്ച് ശരീരം തിരുമ്മിക്കുന്നത്. സ്പാ ജീവനക്കാര്‍ കൈകള്‍ ഉപയോഗിക്കുന്നതിന് പകരമാണ് പാമ്പുകളെ ദേഹത്ത് ഉഴിഞ്ഞ് ആളുകളുടെ ശരീരത്തില്‍ നിന്നും വേദനയകറ്റുന്നത്. പതിവ് മസാജിങ് പോലെ തന്നെ എണ്ണ ഒഴിച്ചതിന് ശേഷമാണ് പാമ്പുകളെ ഉപയോഗിച്ചുള്ള ഉഴിച്ചില്‍. ഇത്തരത്തിലുള്ള ഉഴിച്ചിലിന് 28 വിവിധ തരത്തിലുള്ള പാമ്പുകളെ ഉപയോഗിക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. മുപ്പത് മിനുറ്റോളമാണ് മസാജിങ് തുടരുക.
This massage at a Cairo spa is not for the faint-hearted pic.twitter.com/YWAsHrHn1e
— Reuters (@Reuters) December 29, 2020
'പാമ്പ് മസാജിങ്' അസ്ഥികളിലെ വേദനയും സന്ധി വേദനയും അകറ്റുമെന്നും രക്തയോട്ടം വര്‍ധിപ്പിക്കുമെന്നും പാര്‍ലര്‍ ഉടമ പറഞ്ഞു. പാമ്പുകളെ ഉപയോഗിച്ചുള്ള ഉഴിച്ചില്‍ ശാരീരികവും മാനസികവുമായ ഊര്‍ജം ലക്ഷ്യമിട്ടാണെന്നും ഉടമകള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. 'പാമ്പ് ഉഴിച്ചിലിലൂടെ' വ്യക്തി സന്തോഷവാനാകുമെന്നും ഉടമ അറിയിച്ചു. പാമ്പ് ഉപയോഗിച്ചുള്ള ഉഴിച്ചില്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ പലരും പേടിച്ചിരുന്നെന്നും പിന്നീട് ഉഴിച്ചിലിന്‍റെ പ്രധാന്യം പറഞ്ഞപ്പോള്‍ ഇഷ്ടത്തോടെ സഹകരിച്ചെന്നും ഇവര്‍ പറയുന്നു. പുതിയ മസാജിങ്ങിന്‍റെ ഫലം അനുഭവിച്ച നിരവധി പേര്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള ഇടങ്ങളില്‍ അത് പങ്കുവെക്കുന്നുണ്ട്.